ജല ജീവന്‍ മിഷന്‍: ജില്ലയില്‍ 5725 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അനുവദിച്ചത് 5725 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍. പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിലെ ഭവനങ്ങളില്‍ 2024-ഓടെ കുടിവെള്ള കണക്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്തെ 716 പഞ്ചായത്തുകളിലായി 4343 കോടി രൂപയുടെ 564 പദ്ധതികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭരണാനുമതി നല്‍കിയിട്ടുളളത്. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിച്ചും, പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചും, ശുദ്ധജല സ്രോതസ്സുകള്‍ ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക്് പദ്ധതിയുടെ പ്രയോജനം ഉടന്‍ ലഭിക്കുന്നതിനായി ഈ വിഭാഗത്തിലുള്ളവര്‍ കൂടുതലുളള പഞ്ചായത്തുകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും പദ്ധതിയുടെ പുരോഗതി വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കുന്ന തരത്തില്‍ സുതാര്യവും, സമയബന്ധിതവുമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സഹായം ഉള്‍പ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സികള്‍ കേരള വാട്ടര്‍ അതോറിറ്റിയും, ജലനിധിയുമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ 586 വില്ലേജുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷനുകള്‍ എത്തിക്കും. വാഗ്ദാനം ചെയ്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും, സാധ്യമാകുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ 12 പഞ്ചായത്തുകളിലായാണ് 5725 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള കണക്ഷന്‍ എത്തിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് (155), എടവക ഗ്രാമപഞ്ചായത്ത് (475), അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് (465), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (610), മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് (650), മുട്ടില്‍ ഗ്രാമപഞ്ചായത്ത് (250), കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് (900), പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് (670), തരിയോട് ഗ്രാമപഞ്ചായത്ത് (400), വൈത്തിരി ഗ്രാമപഞ്ചായത്ത് (450), വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് (300), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് (400) എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുള്ള കുടിവെള്ള കണക്ഷനുകളുടെ എണ്ണം. ഇതിനായി 11.425 കോടി രൂപയാണ് ചെലവിടുന്നത്.
സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാ ടനത്തിന്റെ ഭാഗമായി ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ, കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ ആദ്യ കുടിവെള്ള കണക്ഷന്‍ നല്‍കി.
തിരുനെല്ലി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജി. മായാദേവി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. ജിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വിവിധ ഉദ്യോഗസ്ഥർ എന്നിവരും അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Leave a Reply