April 25, 2024

ചായയും നൂൽ പുട്ടും കഴിക്കുന്ന കാക്ക കുഞ്ഞ്: അരുണിന് ‘ക്രാക്സൺ’ പൊൻ കുഞ്ഞ്

0
Whatsapp Image 2020 10 09 At 4.05.58 Pm

ബത്തേരി :തത്തയേയും മൈനെയെയുമൊക്കെ ആളുകൾ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ കാക്കയെയും പൊന്നോമനയായി വീട്ടിൽ വളർത്താമെന്ന് തെളിയിച്ചിരിക്കുകയാണ് കൈപ്പഞ്ചേരിയിലെ വടക്കേപ്പുരയിൽ അരുൺ കൃഷ്ണയും കുടുംബവും.
ഓമനയായ കാക്കക്കുഞ്ഞിനെ 3 മാസം മുമ്പാണ് അരുണിൻ്റെ അമ്മയായ അനിതയ്ക്ക് അവശനിലയിൽ വീടിൻ്റെ തൊട്ടത്തുള്ള തോട്ടത്തിൽ നിന്നും ലഭിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കവുങ്ങിൻ മുകളിൽനിന്ന് വെള്ളത്തിൽ നിലത്തുവീണു കിടക്കുകയായിരുന്നു. കിളിക്കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് അനിത തോട്ടത്തിലെത്തിയത്. നോക്കുമ്പോൾ കാക്കക്കുഞ്ഞ്. എന്നാൽ കാക്കയുടെ കുഞ്ഞല്ലേ എന്ന് കരുതി ഉപേക്ഷിച്ചില്ല. ചിറകു പോലും മുളച്ചിട്ടില്ലാത്ത കുഞ്ഞിനെയെടുത്ത് വീട്ടിൽ കൊണ്ടുവന്നു. ഭക്ഷണവും വെള്ളവും നൽകി നന്നായി പരിപാലിച്ചു. പിന്നീടങ്ങോട്ട് വീട്ടിലെ താരമായി മാറി കാക്കക്കുഞ്ഞ്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആളൊന്നു ഉഷാറായി നടക്കാനൊക്കെ തുടങ്ങി.

https://youtu.be/xg8a-ugu1Xs

വീട്ടുകാരോട് നന്നായി ഇണങ്ങിയ കാക്കകുഞ്ഞിന് അരുൺ ഒരു പേരുമിട്ടു ക്രാക്സൺ. വീടിൻ്റെ മുറ്റത്തുള്ള മാവാണ് ക്രാക്സൻ്റെ പ്രധാന താവളം.
പകൽമുഴുവൻ മാവിൻ്റെ ചില്ലയിൽ ചിലവഴിക്കും. രാവിലെ ഉച്ച വൈകുന്നേരം എന്നീ സമയങ്ങളിലെ ഭക്ഷണസമയത്ത് കൃത്യമായി വീട്ടിലേക്ക് പാറിയെത്തും. രാത്രി വീടിനടുത്തൊരുക്കിയ കൂട്ടിലാണ് കിടത്തം. കട്ടൻ ചായയാണ് പുളളിയുടെ വീക്ക്നെസ്സ്‌, എത്ര കിട്ടിയാലും കുടിയ്ക്കും, നൂൽപ്പുട്ടുമുണ്ടെങ്കിൽ പെരുത്തിഷ്ടം. അരുണും അച്ഛൻ കൃഷ്ണദാസുമാണ് ഭക്ഷണം നൽകുക.
വീട്ടിൽ വളർത്തുന്ന മണിക്കുട്ടിയെന്ന പൂച്ചക്കുഞ്ഞിനോട് അടുപ്പംകൂടി പാൽ കുടിക്കലും ക്രാക്സണ് പതിവാണ്. കൃഷ്ണദാസും അനിതയും ജോലികഴിഞ്ഞെത്തുമ്പോൾ ആളിങ്ങ് പറന്നെത്തും. വീട്ടിലെ ആര് ക്രാക്സായെന്ന് ഉറക്കെ വിളിച്ചാലും ശബ്ദമുണ്ടാക്കുകയും ഒരു വിസിൽ അടിച്ചാൽ പറന്നു വന്ന് തോളത്തിരിക്കുകയും ചെയ്യും. പിന്നെ സ്നേഹപ്രകടനമായി. കുട്ടികളെ ക്രാക്സണ് വലിയ ഇഷ്ടമാണ്. അയൽപക്കത്തുള്ള കുട്ടികളെല്ലാം വീട്ടിൽ വരുകയാണെങ്കിൽ പിന്നീട് അവരോടു കൂടെയായിരിക്കും കളി. പക്ഷേ ചില കുട്ടികൾക്ക് ക്രാക്സണെ പേടിയാണ്. കാരണം മറ്റൊന്നുമല്ല കാക്കയെകുറിച്ചുള്ള ഐതിഹ്യങ്ങൾ തന്നെയാണ്. കാക്ക ഉപദ്രവിക്കുമെന്നും കണ്ണിൽ കൊത്തുമെന്നുമൊക്കെയാണ് കുട്ടികൾ പഠിച്ചു വെച്ചിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവമില്ലെന്നും സാധാരണ പക്ഷികളെ പോലെയാണ് ഇവറ്റകളെന്നും അരുൺ പറയുന്നു. പേടിച്ചിരിക്കുന്ന കുട്ടികളോട് ക്രാക്സൺ ഉപദ്രവകാരിയല്ലയെന്ന് അരുൺ പറഞ്ഞു മനസ്സിലാക്കലുമുണ്ട്. ആളൊരു കാക്കയാണെങ്കിലും മറ്റു കാക്കകളെ കണ്ടാൽ പേടിയാണ് ക്രാക്സണ്. ഉപദ്രവിക്കാൻ വരികയാണെന്ന ധാരണയിൽ ഓടി വീട്ടിൽ ഒളിക്കും. വീട്ടിൽ നിൽക്കുന്നിടത്തോളംകാലം ക്രാക്സണെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് അരുൺ പറഞ്ഞു. വിളിച്ചാൽ വിളിപ്പുറത്തുള്ള വിസിലടിച്ചാൽ തോളത്ത് വന്നിരിക്കുന്ന ക്രാക്സനാണ്
ഇപ്പോൾ വീട്ടിലെയും നാട്ടിലെയും താരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *