September 26, 2023

ബഫർ സോൺ വനാതിർത്തിയിൽ പരിമിതപ്പെടുത്തണം : വയനാട് സംരക്ഷണ സമിതി

0
IMG-20201009-WA0309.jpg
ബഫര്‍സോണ്‍ പ്രഖ്യാപനവും, വര്‍ദ്ധിച്ചുവരുന്ന വന്യജീവി ശല്യവും, വയനാട് കടുവസങ്കേതം പ്രഖ്യപിക്കപ്പെട്ടാല്‍ ഉണ്ടാകവുന്ന ദുരന്തഫലവും സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍, ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി, ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടേയും കര്‍ഷക, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളുടേയും നേതൃത്വത്തില്‍ രൂപീകരിച്ച 'വയനാട് സംരക്ഷണ സമിതി' മാനന്തവാടി, കൽപ്പറ്റ ഡി. എഫ്. ഒ. മാർക്കും കൽപ്പറ്റ എ. ഡി. എം നും നിവേദനം നൽകി. മേല്‍ ഉന്നയിച്ച മൂന്നുവിഷയങ്ങളും പരിഹരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവരുടെ സജീവ ഇടപെടല്‍ ഉണ്ടാകണം. 
വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ നിജപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിയന്ത്രണങ്ങളെക്കുറിച്ച്‌ വയനാട്ടിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ഈ മേഖലയെ കേന്ദ്രീകരിച്ച് വളര്‍ന്നു വന്നതാണ് ഇവിടുത്തെ നഗരങ്ങളും അനുബന്ധ വാണിജ്യ, തൊഴില്‍ മേഖലകളും. കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന നീതിപൂര്‍വ്വമല്ലാത്ത ഏത് ഇടപെടലുകളും വയനാടിന്റെ സാമ്പത്തിക മേഖലയേയും ജനജീവിതത്തേയും തകര്‍ത്തുകളയും.
നിലവില്‍ പുറത്തു വന്നിരിക്കുന്ന മലബാര്‍, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ പ്രഖ്യാപനത്തില്‍ വയനാട് ജില്ലയിലെ വില്ലേജുകളും ഉള്‍പ്പെട്ടത് വായനാട്ടുകാരെ ആശങ്കയിലാക്കി.
ഈ കരടു വിഞാപനങ്ങളിൽ ജനവാസകേന്ദ്രങ്ങളും വ്യാപാര വാണിജ്യ പ്രദേശങ്ങളും, വലിയതോതില്‍ കൃഷിഭൂമികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാമാന്യപരിശോധനയില്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ഈ രൂപത്തില്‍ പരിസ്ഥിതി ലോല മേഖല അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സ:ഹമായിത്തീരുകയും മാന്യമായി ജീവിക്കാനുള്ള അവരുടെ മനുഷ്യാവകാശം നിയമം മൂലം നിഷേധിക്കപ്പെടുകയും ചെയ്യും.
വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്നും പൂജ്യം മുതല്‍ പരിസ്ഥിതിലോല മേഖലയായി നിജപ്പെടുത്താമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമായി പറയുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയേയും പൂര്‍ണ്ണമായും ഒഴിവാക്കി നിലനിർത്തണമെന്നാണ് വയനാട്ടിലെ ജനങ്ങളുടെ ആവശ്യം.
പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണിന്റെ കാര്യത്തിലും എന്താണ് സംഭവിക്കുക എന്ന് ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ജനാഭിപ്രായം ആരാഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന നിയമപരമായ അവകാശം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതാണെന്ന് കരുതുന്നു.
ഈ പ്രശ്‌നത്തില്‍ വയനാട് ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ജനവാസകേന്ദ്രങ്ങളേയും കൃഷിഭൂമിയേയും പൂര്‍ണ്ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്നും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടുകൾ മന്ത്രാലയങ്ങൾക്ക് നല്‍കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൽപ്പറ്റ സൗത്ത് വയനാട് ഡി. എഫ്. ഒ. . രജ്ഞിത് കുമാറിനും, വയനാട്‌ എ. ഡി. എം. . യൂസഫിനും വയനാട് സംരക്ഷണ സമിതി ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ, ജനറൽ സെക്രട്ടറി സാലു അബ്രാഹം, ട്രഷറർ ഹാരിസ് വഖാവി, എന്നിവർ നിവേദനം നൽകി. 
മാനന്തവാടി നോർത്ത് വയനാട് ഡി. എഫ്. ഒ. . രെമേഷ് വിഷ്ണോയിക്ക് വയനാട് സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഫാ. ആന്റോ മമ്പള്ളി, വൈസ് ചെയർമാൻ എം. സുരേന്ദ്രൻ, ലീഗൽ സെൽ മെമ്പർ അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ നിവേദനം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *