കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍ ; പോലീസ് കേസെടുത്തു

:പനമരം മാത്തൂരില്‍ വെച്ച് അഞ്ഞൂറ് രൂപയുടെ മൂന്ന് കള്ളനോട്ടുകളുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി. തവിഞ്ഞാല്‍ ഒഴക്കോടി സ്വദേശി കാഞ്ഞിരത്തിങ്ങല്‍ ജെയിംസ് ജോസഫ് (45) നെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ബൈക്കിലെത്തിയ ഇയാള്‍നടവയല്‍ ആലുങ്കല്‍താഴെയിലുള്ള ഒരു കടയില്‍ നിന്നും സിഗരറ്റ് വാങ്ങിയ ശേഷം അഞ്ഞൂറിന്റെ നോട്ട് നല്‍കുകയായിരുന്നു. സിഗരറ്റ് വാങ്ങി മടങ്ങിയതോടെ നോട്ടില്‍ സംശയം തോന്നിയ കടക്കാരന്‍ മാത്തൂരിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് ഇയാളെ മാത്തൂരില്‍ നിന്നും തടയുകയും പനമരം പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പനമരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കള്ളനോട്ട് കൈവശം വെച്ചതിന് കേസെടുക്കുകയും ചെയ്തു.പോലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ ജെയിംസ് കയ്യിലുണ്ടായിരുന്ന രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍ കൂടി കീറി കളഞ്ഞു. ഇതോടെയാണ്‌ജെയിംസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുംതുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തത്. കഴിഞ്ഞയാഴ്ച കമ്പളക്കാടുള്ള ഒരു കച്ചവടക്കാരിക്ക് 500 രൂപയുടെ കള്ളനോട്ട് നല്‍കി തട്ടിപ്പിനിരയാക്കിയതും ഇയ്യാളാണെന്നാണ് സൂചന. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ കച്ചവടക്കാരെ ഇയാൾ സമാന രീതിയില്‍ തട്ടിപ്പിനിരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.



Leave a Reply