കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ്പിന്റെ കീഴില്‍ മാനന്തവാടി ഗവ. കോളേജിന് സമീപത്ത് ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നത്. നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മ ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസവും ഉറപ്പാക്കുയെന്നത് സര്‍ക്കാറിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ സ്വാംശീകരിക്കുന്നതിനായി നമ്മുടെ പാഠ്യ പദ്ധതികളെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍ക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) കീഴിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടി സ്‌കില്ലിങ്ങ് സെന്ററുകളായാണ് സ്‌കില്‍ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥാപിക്കുന്ന 16 സ്‌കില്‍ പാര്‍ക്കുകളില്‍ ഒന്‍പത് എണ്ണമാണ് ഇതിനോടകം പ്രവര്‍ത്തനസജ്ജമായത്. ഹബ്ബ് & സ്‌പോക്ക് മോഡലില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ പാര്‍ക്ക് വ്യവസായ മേഖലയെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, നൈപുണ്യ പരിശീലനത്തെയും സംയോജിപ്പിച്ച് വ്യവസായ മേഖലയുടെ ആവശ്യങ്ങളെയും തൊഴില്‍ നൈപുണ്യം നേടിയവരുടെ ലഭ്യതയേയും തമ്മില്‍ ബന്ധിപ്പിക്കും. ഇതിലൂടെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പുതിയ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടുന്നതിന് പ്രാപ്തരാക്കുവാന്‍ സാധിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌കര്‍ഷിക്കുന്ന ദേശീയ നൈപുണ്യ വികസന ചട്ടകൂട് (എന്‍.എസ്.ക്യൂ.എഫ്) പ്രകാരമുള്ളതും ഇന്‍ഡസ്ട്രി സര്‍ട്ടിഫിക്കേഷന്‍ ഉള്ളതുമായ നൂതന തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് സ്‌കില്‍ പാര്‍ക്കുകള്‍ വഴി നടപ്പിലാക്കുന്നത്. പ്രായഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും സ്‌കില്‍ പാര്‍ക്കിലെ വിവിധ കോഴ്‌സുകളില്‍ പങ്കെടുക്കാം.
ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, എടവക ഗ്രാമ പഞ്ചായത്ത് ഉഷ വിജയന്‍, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, സി.എസ്.പി.സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply