April 23, 2024

കൈവല്യ പദ്ധതി വഴി ഭിന്നശേഷിയുള്ള 7449 അപേക്ഷകര്‍ക്ക് 37.24 കോടി രൂപ : ഉദ്ഘാടനം 30-ന്

0

 തൊഴിലും നൈപുണ്യവും ആരോഗ്യവും കുടുംബക്ഷേമവും 
മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'കൈവല്യ''- സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ വിതരണം ഉദ്ഘാടനം തിരുവനന്തപുരത്ത് ഈ മാസം 30-ന് രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖേനയാണ് തുക അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഒപ്പുവച്ചു. തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍, ആരോഗ്യവും കുടുംബക്ഷേമവും വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഡോ.എസ്.ചിത്രയും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി കെ.മൊയ്തീന്‍ കുട്ടിയും ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ച് കൈമാറിയത്. 
ധനസഹായം വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍  നാഷണല്‍  എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് അനുവദിക്കും. സബ്‌സിഡിതുകയും ഗുണഭോക്താവിന് അനുവദിക്കുന്ന വായ്പയും തിരികെ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയായാണ്  ധാരണാപത്രം. 
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി  സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ്  സര്‍ക്കാര്‍  കൈവല്യ പദ്ധതി ആവിഷ്‌കരിച്ചത്. കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയിലാണ് തീര്‍പ്പാക്കുന്നത്. അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി  മൊത്തം 37.24 കോടിരൂപ  വിതരണം ചെയ്യും. അര്‍ഹരായ അപേക്ഷകര്‍ക്ക് 50  ശതമാനം സബ്‌സിഡിയോടെ അമ്പതിനായിരം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. പരമാവധി 25,000 രൂപയാണ് സബ്‌സിഡി. ഗുണഭോക്താവ് സബ്‌സിഡി കഴിച്ചുള്ള തുക 60 തുല്യതവണകളായി തിരിച്ചടച്ചാല്‍ മതി.  
നിലവിലുള്ള അപേക്ഷകരില്‍ 2708 സ്ത്രീകളും,  കാഴ്ച-ശ്രവണ-ബുദ്ധിപരമായ  വെല്ലുവിളികള്‍ നേരിടുന്ന 2177 പേരുമുണ്ട്. കൈവല്യ പദ്ധതിയനുസരിച്ച്  ഇതിനകം 985 അപേക്ഷകര്‍ക്കായി  5.58 കോടി രൂപയാണ്  വിതരണം ചെയ്തത്.  
കോവിഡ് 19  സൃഷ്ടിച്ച പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന്  ഭിന്നശേഷിക്കാരായ അപേക്ഷകരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിലവിലുള്ള എല്ലാ അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിച്ച് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കുകയാണ്.  
ഏഴായിരത്തഞ്ഞൂറോളം കുടുംബങ്ങളിലേക്ക് ഇതുവഴി ആശ്വാസമെത്തും. സമയബന്ധിതമായി ധനസഹായം വിതരണം ചെയ്യുന്നതിനും എത്രയും വേഗത്തില്‍  സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും എംപ്ലോയ്‌മെന്റ് വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.  
ചടങ്ങില്‍ കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ പി.മോഹനന്‍ സന്നിഹിതനായിരുന്നു.  തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.ലാല്‍, എംപ്ലോയ്‌മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.എ.ജോര്‍ജ്ജ് ഫ്രാന്‍സിസ്, ഡപ്യൂട്ടി ഡയറക്ടര്‍ ബി.മല്ലിക തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *