അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു.
കല്‍പ്പറ്റ: മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ മാനിക്കുനി പുഴയുടെ തീരത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പുഴയുടെ തീരത്ത് നിന്ന് അഞ്ച് മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പ്ലാന്റിന് 150 മീറ്റര്‍ താഴെയായി പ്രദേശത്തേക്കും മറ്റ് പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പിംഗ് സ്‌റ്റേഷനുമുണ്ട്. നൂറുകണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് തിങ്ങിപ്പാര്‍ക്കുന്നത്. പ്ലാന്റിന് തൊട്ടടുത്തായി 16ലധികം ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പകല്‍ പോലെ വ്യക്തമായിട്ടും പ്ലാന്റ് ഉടമകള്‍ പ്രദേശത്തുകാരെ വെല്ലുവിളിക്കുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. നിര്‍മ്മാണത്തിന്റെ 75 ശതമാനത്തിലധികം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ തന്നെ കാര്യമന്വേഷിച്ചെത്തിയ നാട്ടുകാരോട് ഫാമാണ് ആരംഭിക്കുന്നതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. മുന്‍പ് ഇവിടെ ഫാം പ്രവൃത്തിച്ചിരുന്നതിനാല്‍ നാട്ടുകാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയതുമില്ല. എന്നാല്‍ പിന്നീടാണ് പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന അറവ് മാലിന്യ പ്ലാന്റാണ് വരുന്നതെന്ന് അറിയുന്നത്. ഇതോടെ തന്നെ നാട്ടുകാര്‍ സംഘടിച്ച് വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഒരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് പ്ലാന്റ് നിര്‍മ്മാണം നടക്കുന്നത്. മഴയൊന്ന് തിമിര്‍ത്താല്‍ വെള്ളത്തിനടിയിലാകുന്നതാണ് പ്രദേശം. ഇവിടെയാണ് പുഴക്ക് തൊട്ടുരുമ്മി ഇവര്‍ പ്ലാന്റ് നിര്‍മിക്കുന്നത്. ഇത് പുഴവെള്ളം മലിനമാക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. ഇക്കാര്യങ്ങളെല്ലാം അധികാരികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചെങ്കിലും ഇവര്‍ കേട്ടഭാവം നടിക്കുന്നില്ല. ഇതോടെയാണ് നാട്ടുകാര്‍ ഒത്തുചേര്‍ന്ന് മുട്ടില്‍ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാര്‍ഡ് അംഗങ്ങളെ രക്ഷാധികാരികളാക്കി ജനകീയ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയത്. കൊളവയല്‍, മാനിക്കുനി, കാര്യമ്പാടി, മംഗലംകുന്ന്, പനങ്കണ്ടി, വെള്ളിത്തോട് എന്നീ പ്രദേശങ്ങളിലെ ജനജീവിതത്തെ ഒന്നാകെ ബാധിക്കുന്ന ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എസ് കുഞ്ഞിരമാന്‍, കണ്‍വീനര്‍ സി കിരണ്‍, ഭാരവാഹികളായ നിഥിന്‍ കിടുങ്ങുക്കാരന്‍, ജയിംസ് കാരമ്പ്യാടി, മനു മാനിക്കുനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.



Leave a Reply