June 16, 2026

മൂപ്പൈനാട് പഞ്ചായത്തിലെ ഭവന പദ്ധതി തട്ടിപ്പ് : ഡി.വൈ.എഫ്.ഐയുടെ പരാതി ശരിവെച്ച് വിജിലൻസ് അന്വേഷണം

0
IMG-20201029-WA0194.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
മൂപ്പൈനാട് പഞ്ചായത്തിലെ വിവിധ ഭവന പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഡിവൈഎഫ്ഐയുടെ പരാതിയിന്മേൽ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിനാൽ   
പഞ്ചായത്തിനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിച്ചതായി മൂപ്പൈനാട് മേഖല ഡിവൈഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
പഞ്ചായത്തിൽ വിവിധഘട്ടങ്ങളിൽ നടന്ന ഭവന പദ്ധതികളിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇത് പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഡിവൈഎഫ്ഐയുടെ പരാതി. കഴിഞ്ഞ ഇരുപത് വർഷക്കാലമായി പഞ്ചായത്തിൽ വിവിധ പദ്ധതികളിൽ വലിയതോതിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. അഗതി ആശ്രയ പദ്ധതിയിൽ വീടും സ്ഥലവും നൽകിയ ആളുകളുടെ പ്രമാണങ്ങൾ പഞ്ചായത്തിലില്ല. ഈ പദ്ധതിയിൽ നൽകിയെന്ന് പറയുന്ന പല വീടുകളുടെയും അവശിഷ്ടം പോലും കാണാനില്ല. എസ് സി, എസ് ടി, വീട് പുനരുദ്ധാരണത്തിന് അനുവദിച്ച ഫണ്ട് ചിലവഴിച്ചതായി കാണിക്കുന്നതിന് പ്രോജക്ടിൽ പറയാതെ കുടുംബശ്രീ സിഡിഎസിനെ ചുമതലപ്പെടുത്തി പണം വകമാറ്റി.  എന്നാൽ സെക്രട്ടറി വിഇഒക്ക് ഗുണഭോക്തൃലിസ്റ്റ് നൽകിയത്  30 -1 -2020നാണ്. ഇത് 2019ൽ തന്നെ ചിലവഴിച്ചു എന്നാണ് പറയുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ ഇലക്ഷന് മുന്നോടിയായി കൊണ്ടുവന്ന സമഗ്ര ഭവനപദ്ധതിയിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.  ഗവൺമെൻ്റ് അനുവദിച്ചതിലും കൂടുതൽ പണം ജില്ലാ ബാങ്കിൽ നിന്നും ലോൺ എടുത്തു. ഇത് അറിയിക്കാതിരിക്കാൻ ഒരേ ആവശ്യത്തിന് വിവിധ അക്കൗണ്ടുകളാക്കി 70000 രൂപയാണ് നൽകി വന്നത്. അത്കൊണ്ട് തന്നെ പലർക്കും വീട് പൂർത്തീകരിക്കാൻ സാധിച്ചില്ല. 
സമ്പൂർണ്ണ ഭവന പദ്ധതിയിൽ 354 പേരാണ് എഗ്രിമെൻ്റ് വെച്ചത്. ഈ പദ്ധതിയിലൂടെ വീട് പണി പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് അതിനുശേഷം വന്ന ലൈഫ് ഭവന പദ്ധതിയിലെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ പഞ്ചായത്ത് ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണ്ടായെന്ന തീരുമാനമാണ് എടുത്തത് . തോട്ടം തൊഴിലാളികളും, ആദിവാസി വിഭാഗക്കാരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളും കൂടുതലുള്ള പഞ്ചായത്തിലെ ജനങ്ങളോട് പഞ്ചായത്ത് ഭരണസമിതി ചെയ്ത വഞ്ചനാപരമായുള്ള നിലപാടാണെടുത്തത്. പിന്നീട് മുഴുവൻ വീടുകളും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കുറച്ചു പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്.  ഡിവൈഎഫ്ഐ നടത്തിയ സമരത്തിൻ്റെ ഫലമായി  കൂടുതൽ പേരെ ഉൾപ്പെടുത്തുകയാണ് പിന്നീട് ചെയ്തത്. ഭരണസമിതി നടത്തിയിട്ടുള്ള ഇത്തരം ക്രമക്കേടിന് കൂട്ടുനിന്ന മുഴുവനാളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.  നിരവധി  ഗുണഭോക്താക്കളുടെ അവസരം  നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ജനങ്ങളോട് ഏറ്റവും വലിയ അനീതിയാണ് കാട്ടിയത്. ജനങ്ങളെ കബളിപ്പിക്കുകയാണ് പഞ്ചായത്ത് ചെയ്യുന്നതെന്നും പഞ്ചായത്തിൻ്റെ അഴിമതി പുറത്തുകൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ മൂപ്പൈനാട് മേഖല പ്രസിഡൻറ് എം കെ റിയാസ്, സെക്രട്ടറി കെ റഷീദ്, സി വി ജസിൻ, എൻ സജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *