April 24, 2024

പ്രതീക്ഷകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കണോമി മിഷന്റെ തൊഴില്‍ മേള:650 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു

0
Img 20220112 192838.jpg


മാനന്തവാടി:   ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ശ്രദ്ധേയമായി. 650 ല്‍പരം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. ജോബ് ഫെയറില്‍ പങ്കെടുത്ത 47 കമ്പനികളില്‍ 25 കമ്പനികള്‍ നേരിട്ടും 22 കമ്പനികള്‍ ഓണ്‍ലൈനിലൂടെയും ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തി വിവിധ തൊഴിലുകള്‍ ഓഫര്‍ ചെയ്തു. രാവിലെ 8.30 ന് ആരംഭിച്ച തൊഴില്‍ മേള വൈകുന്നേരം 6 മണി വരെ നീണ്ടു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഏത് ചെറിയ ജോലിയും സ്വീകരിക്കാനുള്ള മനസ്സാണ് തൊഴിലില്ലായ്മ പരിഹരിക്കാനായി നമുക്ക് ആദ്യം വേണ്ടതെന്ന് എം.എല്‍.എ പറഞ്ഞു.

ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, കെ.കെ.ഇ.എം പ്രോഗ്രാം മാനേജര്‍ സി. മധുസൂധനന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോണ്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഒ.മണിലാല്‍, മാനന്തവാടി അസിസ്റ്റ്ന്റ് ലേബര്‍ ഓഫീസര്‍ ടി.കെ ജിജു, മാനന്തവാടി ഗവ കോളേജ് പ്രിന്‍സിപ്പാള്‍ കെ. അബ്ദുള്‍ സലാം, പ്രോഗ്രാം മാനേജര്‍ എം.സലീം എന്നിവര്‍ സംസാരിച്ചു

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍  നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലി (കെ-ഡിസ്‌ക്ക്)ന്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.  ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തൊഴില്‍ മേള സര്‍ക്കാര്‍ നടത്തി വരികയാണ്. തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവയില്‍ സൗജന്യ പരിശീലനം കേരള നോളജ് ഇക്കോണമി മിഷനും കുടുബശ്രീയുടെ സ്‌കില്‍ വിഭാഗവും നടത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *