April 19, 2024

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയാവാനൊരുങ്ങി കല്‍പ്പറ്റ

0
Img 20220116 151200.jpg
കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്ക് ഉടനെ തുറക്കും. കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിക്കുന്നത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പ്പറ്റ മുനിസിപ്പാലിറ്റി മാറും.15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇത് വരെ സ്ഥാപിച്ചിട്ടില്ല. 1 കോടി 10 ലക്ഷം രൂപയാണ് ഇതിനായി ചെലവ് വരുന്നത്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്.
സംസ്‌കരണ പ്ലാന്റിനുള്ള കെട്ടിട നിര്‍മ്മാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിനാണ് (ഐ.ആര്‍.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിര്‍മ്മാണ ചുമതലയും നല്‍കിയിരിക്കുന്നത്. വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററും(എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍ നിന്നും മറ്റും മാലിന്യങ്ങളിപ്പോള്‍ ശേഖരിച്ച് കൊണ്ടിരിക്കുന്നത്. സേനയിലെ അംഗങ്ങളുടെ എണ്ണകുറവ് കാരണം മാലിന്യശേഖരണം പരാതിക്കിടയാക്കാറുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് പേര്‍ വീതം എന്ന കണക്കില്‍ സേനയുടെ അംഗ സംഖ്യ ഉയര്‍ത്തും. കൂടാതെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തും. വീടുകളില്‍ നിന്നും മറ്റും പരമാവധി വേഗത്തില്‍ പരാതിക്കിടയില്ലാതെ മാലിന്യങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റിയുടെ ചുമതലയായിരിക്കും. കൂടാതെ ജനകീയ മാലിന്യ സംസ്‌കരണ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. മാലിന്യം ശേഖരിച്ചെന്ന് ഉറപ്പാക്കാനായി പ്രത്യേക കാര്‍ഡ്,ബുക്ക് സംവിധാനം നടപ്പാക്കും. ഇവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. സമയബന്ധിതമായ പരിപാടി നടപ്പാക്കാനായി ഹരിത സേനാംഗങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക പരിശീലനം നല്‍കും വീടുകളില്‍ നിന്ന് നേരിട്ട് ഖര -ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ഡോര്‍ടു ഡോര്‍ മാലിന്യശേഖരണം ശക്തിപ്പെടുത്തും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ചുമതല ഉറവിടങ്ങളില്‍ നിന്നുണ്ടാവുകയാണെങ്കില്‍ പൊടുന്നനെ നമുക്ക് ലക്ഷ്യത്തിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് 6 അടി നീളം, 4 അടി വീതി, 4 അടി ഉയരം പ്രത്യേകം തയ്യാറാക്കിയ വില്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റികളില്‍ നിക്ഷേപിക്കും. ഇനോകുലം (ആക്ടിഫിഷ്യല്‍ ബാക്ടീരിയ) തളിച്ച് വിന്‍ഡ്രോകളിലാക്കുന്ന മാലിന്യം 45 ദിവസം കിടക്കുന്നതോടെ വളമായി മാറും. ഇത്തരം നൂതന സാങ്കേതിക വിദ്യയാണ് മാലിന്യസംസ്‌കരണത്തിനായി കല്‍പ്പറ്റയില്‍ നടപ്പാക്കുന്നത്.
വെര്‍മി കമ്പോസ്റ്റ് (മണ്ണിര), വിന്‍ഡ്രോ കമ്പോസ്റ്റ് തുടങ്ങിയവയിലൂടെയും വളം ഉല്‍പാദിപ്പിക്കാനാവും. യൂനിസെഫിന്റ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ സെപ്റ്റിക് ടാങ്ക് ശുചീകരണവും മുനിസിപ്പാലിറ്റിയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഹരിത ബയോപാര്‍ക്കിലുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും(എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്നും സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായി കല്‍പ്പറ്റ മാറുമെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news