April 24, 2024

കളിമണ്ണില്‍ മെനഞ്ഞത് കുട്ടിക്കാലം ; അവധിക്കാലം ആഘോഷമാക്കി ആരാമം

0
Gridart 20220504 1839097692.jpg
മാനന്തവാടി : വേനലവധിയുടെ തുറന്ന പാഠശാലയില്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ മെനഞ്ഞും പാട്ടുപാടിയും പാഴ് വസ്തുക്കളില്‍ പൂക്കള്‍ മെനഞ്ഞും കുട്ടികളുടെ കൂട്ടായ്മകള്‍. കോവിഡിന്റെ ദീര്‍ഘകാലമായുള്ള  അടച്ചിടല്‍ കാലത്തെയും മറികടന്ന് ആദ്യമായെത്തിയ വേനലവധിക്കാലത്തെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സമഗ്ര ശിക്ഷാ കേരള സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ആരാമം ഏകദിന ക്യാമ്പാണ് കുട്ടികളുടെ സര്‍ഗ്ഗ ഭാവനകള്‍ കൊണ്ട് സമ്പന്നമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്റെ ഭാഗമായാണ് കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പതിനെട്ടോളം സ്‌പെഷലിസ്റ്റ് അദ്ധ്യാപകരാണ് കബനിക്കരയിലെ പഴശ്ശി ഉദ്യാനത്തില്‍ ഒരു പകല്‍ കുട്ടികള്‍ക്ക് അവധിക്കാലത്തും ആവേശം പകരാനെത്തിയത്. ഒരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഉദ്യാനത്തിന്റെ പലകോണുകളിലായി കുട്ടികള്‍ ആരാമത്തെ സര്‍ഗ്ഗാത്മകമാക്കി. ചിത്രരചന, സംഗീതം, ക്രാഫ്ട്, ക്ലേ മോഡലിങ്ങ് തുടങ്ങിയ വിവിധ കലാ പ്രവര്‍ത്തനങ്ങളിലാണ് കുട്ടികള്‍ മാറ്റുരച്ചത്. ഇവര്‍ക്കെല്ലാം വഴികാട്ടിയും നിര്‍ദ്ദേശങ്ങളുമായി അദ്ധ്യാപകരും പച്ചമരത്തണലില്‍ സമ്മര്‍ക്യാമ്പിന്റെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പാളകൊണ്ടുണ്ടാക്കിയ പൂക്കള്‍, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നുണ്ടാക്കിയ കരകൗശല ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ക്യാമ്പിനെ വേറിട്ടതാക്കി. കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്‌ളുടെയും കളിമണ്‍ മാതൃകയുടെയും പ്രദര്‍ശനവും ഇവര്‍ തന്നെ ഒരുക്കിയിരുന്നു. അവദിക്കാലത്ത് പഴശ്ശി ഉദ്യാനത്തിലെത്തിയ സഞ്ചാരികള്‍ക്കും ആരാമം വേറിട്ട കാഴ്ചയായി മാറി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ആരാമം സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. സര്‍ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, ഡി.പി.ഒ കെ.രാജേഷ്, ബി.പി.സി കെ.അനൂപ്കുമാര്‍, ദിപിന്‍ലാല്‍ ആലഞ്ചേരി എന്നിവര്‍ സംസാരിച്ചു. സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരായ എം.അരുണ്‍കുമര്‍, പി.വി. മനോജ് എന്നിവര്‍ ആരാമം ഏകദിന ക്യാമ്പിന് നേതൃത്വം നല്‍കി. വിവിധ വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന 18 സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് കുട്ടികള്‍ക്ക് ക്യാമ്പില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *