അടുത്തൊന്നും പമ്പില്ല: വൈത്തിരിക്കാരും ചുരം കയറുന്നവരും ഇന്ധനം നിറക്കാൻ പ്രയാസപ്പെടുന്നു

വൈത്തിരി :അടുത്തൊന്നും പെട്രോൾ പമ്പില്ലാത്തതിനാൽ വൈത്തിരി പഞ്ചായത്ത് നിവാസികൾക്കും ചുരം കയറി വരുന്ന അയൽ ജില്ലക്കാരും മറ്റു സംസ്ഥാനക്കാരും ഇന്ധനം നിറക്കാൻ ചുണ്ടേലിലെത്തേണ്ട അവസ്ഥയാണ്. അടിവാരത്തെ പെട്രോൾ പമ്പ് കഴിഞ്ഞാൽ പിന്നെ യാത്രക്കാർക്ക് ചുണ്ടേലിലുള്ള പെട്രോൾ പമ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.പതിനാറോളം കിലോമീറ്റർ അടിവാരത്തിനും ചുണ്ടേലിനു മിടയിൽ ഉള്ളതിനാൽ തന്നെ വളരെ പ്രയാസപ്പെട്ടുവേണം ഇന്ധനം നിറക്കാൻ വേണ്ടി പമ്പിലെത്താൻ.ലക്കിടിയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ വേണ്ടി സ്ഥലം കണ്ടെത്തുകയും നിർമ്മാണപ്രവർത്തികൾ തുടങ്ങാൻ പോകുകയും ചെയ്യുന്നതിനിടക്കാണ് സ്റ്റേ ഓർഡർ വന്നത്.ഭൂമി വയൽ പ്രദേശമായതിനാൽ നിർമ്മാണം പാടില്ലെന്ന ഓർഡൽ വന്നതിനാൽ പെട്രോൾ പമ്പ് എന്ന സ്വപ്നം നിലക്കുകയായിരുന്നു.
ചുരത്തിന് മുകളിൽ വെച്ച് വാഹനങ്ങളിലെ ഇന്ധനം കഴിഞ്ഞാൽ പിന്നെ ചുണ്ടേൽ വരെ വളരെ സാഹസപെട്ട് പോയി ഇന്ധനം വാങ്ങേണ്ട അവസ്ഥയാണ്.പെട്രോൾ പമ്പിന്റെ ഇരു വശങ്ങളിലും നൂറ് മീറ്റർ വിട്ട് റോഡ് പാടില്ലെന്ന നിയമം ഉള്ളതിനാലാണ് പലരും പമ്പ് സ്ഥാപിക്കാൻ മുതിരാത്തത് എന്ന് വൈത്തിരി സ്വദേശി അലി പറഞ്ഞു.ചുണ്ടേലിലെ പെട്രോൾ പമ്പിൽ പെട്രോൾ തീർന്നു പോയാൽ പിന്നെ കല്പറ്റ വെള്ളാരം കുന്നിലേക്ക് പോകേണ്ട അവസ്ഥയാണ്.പരിചയമില്ലാത്ത അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്കു ലോറികളടക്കമുള്ള വാഹനങ്ങൾ പലപ്പോഴും ഇന്ധനം കഴിഞ്ഞതിനാൽ ചുരത്തിൽ നിർത്തിയിടേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്.ഇത് കാരണം മണിക്കൂറുകളോളം ഗതാഗതക്കുരുക്കുമുണ്ടാവാറുണ്ട്.പതിനാറോളം കിലോമീറ്റർ ദൂരം പെട്രോൾ പമ്പില്ലാത്തത് കൊണ്ടു തന്നെ അത് മുതലെടുക്കുന്നവരും നാട്ടിലുണ്ട്.അവർ ഇന്ധനം കന്നാസുകളിൽ കൂടുതലായി വാങ്ങി കുപ്പികളിൽ ഓരോ ലിറ്റർ വീതം നിറച്ച് അധിക വിലക്ക് വിൽക്കുന്നവരും പലയിടങ്ങളിലുമുണ്ടെന്ന് അറിയാൻ കഴിഞ്ഞു.മറ്റുള്ളവർ വിഷയം പോലിസിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ഇവർ വലയിലാകുമെന്നതിനാൽ അതീവ രഹസ്യമായീട്ടായിരിക്കും ഇവരുടെ വിൽക്കൽ.പിടി വീണാൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നതിനാൽ അധികമാരും ഈ പരിപാടിക്ക് മുതിരാറില്ല.വളരെ സാഹസപ്പെട്ട് ഇന്ധനം വാങ്ങിച്ചു വരാൻ മടിയുള്ളവരായിരിക്കും ഇവരിൽ നിന്ന് അധിക പണം കൊടുത്ത് വാങ്ങിക്കുക.വലിയ തുക മുടക്കാൻ തയ്യാറുള്ള സ്വകാര്യ വ്യക്തികളാണ് ഇത്തരം സംരംഭങ്ങൾ തുടങ്ങാൻ മുൻ കൈ എടുക്കുകയുള്ളു എന്നതിനാൽ തന്നെ ഇതിന് മുൻകൈ എടുക്കാൻ സർക്കാറോ പഞ്ചായത്തോ തയ്യാറാവില്ലെന്ന് പ്രദേശ വാസികൾ പറയുന്നു.അതേ സമയം നിയമങ്ങളുടെ നൂലാ മാലകൾ കാരണം പലരുംഈ മേഖലയിൽ മുതൽ മുടക്കാൻ തയ്യാറാവുന്നില്ല.ഏതായാലും നിരവധി ജനങ്ങൾ താമസിക്കുന്ന വൈത്തിരി ഗ്രാമ പഞ്ചായത്തിലെയും സമീപത്തെയും ജനങ്ങൾക്ക് അടിയന്തിരമായി ഒരു പെട്രോൾ പമ്പ് വേണമെന്നാണ് ആവിശ്യം. വാഹനങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എത്രയും വേഗം ഒരു പെട്രോൾ പമ്പ് ഈ പ്രദേശത്തിനിടക്ക് സ്ഥാപിക്കണമെന്നാണ് പ്രദേശ വാസികളുടെയും അയൽ ജില്ലക്കാരുടെയുമെല്ലാം ആവിശ്യം.അതിന് മുൻ കൈ എടുത്ത് വരുന്നവരെ നിയമങ്ങളുടെ കുരുക്കുകൾ കൊണ്ട് പ്രയാസപ്പെടുത്തുന്നതിനു പകരം ഈ പദ്ധതിക്ക് പ്രോത്സാഹനവും സൗകര്യവും ചെയ്തു കൊടുക്കാൻ സർക്കാറും പഞ്ചായത്തും തയ്യാറാവണമെന്നുമാണ് ജനങ്ങളുടെ ആവിശ്യം.



Leave a Reply