കലാസന്ധ്യകൾ അരങ്ങൊഴിഞ്ഞു; ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി

കൽപ്പറ്റ : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിൽ നടന്നുവന്നിരുന്ന ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തിനാണ് കൽപ്പറ്റയിൽ സമാപനമായത്.ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് കൽപ്പറ്റയിൽ നടന്നത്. ആഘോഷ പരിപാടികളുടെ രണ്ടാം ദിനത്തിൽ ടി. പി വിവേകിന്റെ സംഗീത സന്ധ്യയോടെയായിരുന്നു കലാ പരിപാടികൾക്ക് തുടക്കമായത്. ഹൃദയത്തോട് ചേർത്ത് വയ്ക്കാനാകുന്ന ഗസലുകളും മെലഡികളും കലാ ആസ്വാദകർക്ക് സംഗീത സായാഹ്നമാണ് ഒരുക്കിയത്. ഏഴ് പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് സംഗീത പരിപാടികൾ അരങ്ങേറിയത്.ഹൃദയഗീതത്തിന് ശേഷം കോഴിക്കോട് മാധ്യമലബാർ കോൽക്കളി സംഘം അവതരിപ്പിച്ച കോൽക്കളി സദസ്സിനെ ആവേശത്തിലാഴ്ത്തി.ചടുല താളവും പാട്ടിന്റെ വേഗതയും കൊണ്ട് കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച കോൽക്കളി ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി.ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സപ്തംബർ ആറ് മുതൽ 11 വരെ ജില്ലയിലെ മൂന്ന് വേദികളിലായി ഓണം വാരാഘോഷം സംഘടിപ്പിച്ചത്
ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു. വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാര്‍ക്കിലാണ് നടന്നത്. തുടർന്ന് സുൽത്താൻ ബത്തേരിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.



Leave a Reply