ബഫർ സോൺ കരടു വിജ്ഞാപനത്തിനെതിരെ പന്തം കൊളുത്തി പ്രകടനം
:
അതിജീവനത്തിന്റെ പുതിയ പോരാട്ട മുഖം തുറന്ന് കർഷക ജനത, തൃശിലേരി വില്ലേജിലെ ആറു പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് തൃശിലേരി ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ കർഷക രോഷം അണപൊട്ടി. വിളവില്ലായ്മയും , വിലത്തകർച്ചയും , വന്യമൃഗ ശല്യവും മൂലം പൊറുതി മുട്ടിയ കർഷകർക്ക് സഹിക്കാവുന്നതിലുമധികമാണ് പകലന്തിയോളം പാടത്ത് പണിയെടുത്ത് നട്ടുനനച്ചു വളർത്തിയെടുത്ത അരിയും പയറും തിന്നിട്ട് ഉദ്യോഗസ്ഥ മേലാളന്മാർ കർഷകനെതിരെ തയ്യാറാക്കിയ ബഫർ സോൺ എന്ന കരിനിയമം. കർഷകനെ അറിയാത്ത , കൃഷിയറിയാത്ത , മണ്ണിനെ അറിയാത്ത എയർ കണ്ടീഷൻ മുറികളിലിരിരുന്ന് നിയമങ്ങൾ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥർക്കറിയില്ല കർഷകനാരാണെന്ന്, പരിസ്ഥിതി സംരക്ഷിക്കുന്നതിൽ കർഷകർ വഹിക്കുന്ന പങ്കെന്താണെന്ന് . എന്തു വില കൊടുത്തും ബഫർ സോൺ വിജ്ഞാപനത്തെയും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കത്തെയും ചെറുക്കുമെന്ന് പ്രകടനം ഉൽഘാടനം ചെയ്ത സമിതി ചെയർമാൻ ഫാ. സിജോ എടക്കുടിയിൽ പറഞ്ഞു: വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പാസ്റ്റർമാർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ , സംസാരിച്ചു. ബഫർ സോണിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് സകലതും ഉപേക്ഷിച്ചു പോകുന്നതാണെന്ന് പ്രകടനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എന്നാൽ എവിടേക്ക് പോകും പാവപ്പെട്ട കർഷകർ.
ഒന്നാം ലോക രാജ്യങ്ങൾക്കു വേണ്ടിയും, വൻകിട സാമ്രാജ്യത്ത മുതലാളിത്തത്തിനു വേണ്ടിയും , പാവപ്പെട്ട കർഷകരെ ബലി കൊടുക്കുന്ന ജനാധിപത്യ വിരുദ്ധ വിജ്ഞാപനത്തെ ജീവൻ കൊടുത്തും എതിർക്കുമെന്ന് യുവ കർഷകർ പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. ബഫർ സോൺ പ്രഖ്യാപനം കർഷകർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമായെ കാണാൻ കഴിയൂ. ആയതിനാൽ പരമാവധി ജനങ്ങളെ ബഫർ സോൺ കരടു വിജ്ഞാപനത്തിലെ കാണാ കെണികൾ ബോധ്യപ്പെടുത്തുന്നതിന് വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ദുരന്ത സന്ദേശങ്ങൾ അയക്കുന്നതിനും തീരുമാനിച്ചു.





Leave a Reply