July 28, 2026

വംശനാശം നേരിട്ടുവെന്ന് കരുതിയ കുതിരവാലി കുരുമുളക് വയനാട്ടിൽ കണ്ടെത്തി

0
kuthiravali
By ന്യൂസ് വയനാട് ബ്യൂറോ
.

കൽപ്പറ്റ: കൃഷിയിടത്തിൽ നിന്നും അപ്രതിഷമായെന്ന് കരുതിയ അപൂർവ്വയിനം കുരുമുളക് വയനാട്ടിൽ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയും ഉല്പാദനക്ഷമതയും കൂടുതലുള്ള  കുതിര വാലി എന്ന ഇനമാണ് മാനന്തവാടിക്കടുത്ത്  ആദിവാസി തറവാടുകളിൽ കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കർഷകരും കാർഷിക വിദഗ്ധരും കരുതിയിരുന്ന കുതര വാലിയുടെ ഒരു ചുവട് കുരുമുളക് ചെടി എടമുണ്ട കുറിച്യ തറവാട്ടിലും നാലെണ്ണം എടത്തന തറവാട്ടിലുമാണ് കണ്ടെത്തിയത്.
        വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നാടൻ കുരുമുളക് ഇനങ്ങളുടെ സംരംക്ഷണ പദ്ധതിയുടെ ഭാഗമായി ബോട്ടണിസ്റ്റ് കെ.എം. ബിജു നടത്തിയ കൃഷിസ്ഥല പരിശോധനയിലാണ് കുതിര വാലിയെ കുറിച്ചറിഞ്ഞത്. 
വൃക്ഷായുർവ്വേദവുമായി ബന്ധപ്പെട്ടാണ് ബിജു ഗവേഷണം നടത്തി വരുന്നത്.   
       പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ഇനം കുരുമുളക് വള്ളികൾ തോട്ടത്തിൽ ധാരാളമുണ്ടായിരുന്നുവെന്നും ഇതിന്റെ പേര് കുതിരവാലിയാണന്ന് ഇതുവരെ അറിവില്ലായിരുന്നുവെന്നും പേരറിയാത്ത അനവധി നാടൻ ഇനങ്ങൾ എടത്തന പോലുള്ള കുറിച്യ തറവാടുകളിലുണ്ടെന്നും കാരണവരായ ചന്തു പറഞ്ഞു. ബാലൻ കോട്ട, അറക്കലമുണ്ടി, ഐമ്പിരിയൻ, കരിങ്കോട്ട തുടങ്ങി പതിനഞ്ചോളം നാടൻ കുരുമുളക് ഇനങ്ങളെ തങ്ങൾ സംരക്ഷിച്ചു പോരുന്നുണ്ടന്നും ചന്തു പറഞ്ഞു.
        കുരുമുളകിൽ അടങ്ങിയിരിക്കുന്ന ഓലിയോ റൈസിൻ, പെപ്പറിൻ എന്നീ സംയുക്തങ്ങൾ നാടൻ ഇനങ്ങളിൽ കൂടുതലായിരിക്കുമെന്നും ഇവ രണ്ടും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ  കുതിര വാലിക്ക് സവിശേഷതയുണ്ടന്ന് ഗവേഷകനായ ബോട്ടണിസ്റ്റ് ബിജു പറഞ്ഞു. 
    വയനാട്ടിലെ കുരുമുളക് പ്രതീക്ഷ നൽകുന്ന തരത്തിൽ എഴുപതോളം ഇനങ്ങളെ  വയനാട് ജില്ലയുടെ ആദിവാസി മേഖലകളിൽ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നൂറിലധികം നാടൻ ഇനങ്ങൾ മാത്രം വയനാട്ടിലുണ്ടായിരുന്നു. 
    ചെടികൾക്ക് ആയുസ് കുടുതലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്നതും രോഗപ്രതിരോധ ശേഷി ഉയർന്നതും തുടങ്ങി വിവിധ പ്രത്യേകതകളാണ് നാടൻ ഇനങ്ങൾക്ക് ഉള്ളത്. നാടൻ ഇനങ്ങളുടെ ജീൻ പൂൾ സംരംക്ഷിക്കപ്പെടുന്നതോടുകൂടി  ഭാവിയിൽ പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
വനത്തോട് ചേർന്ന കൃഷിയിടങ്ങളിലും ആദിവാസി വിഭാഗക്കാരുടെ   തോട്ട ങ്ങളിലും അപൂർവ്വയിനങ്ങളിൽപ്പെട്ട കുരുമുളകു ചെടികൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതിനും നിയതമായ പേരുകൾ ഇല്ലാത്തതിനാൽ വന്യ ഇനം എന്ന ഒറ്റ പേരിലാണ് ഇവ അറിയപ്പെടുന്നത്.

ഇവ കൂടാതെ ചൊമന്ന നാമ്പൻ, നാരായം ,   കാണിയക്കാടൻ ,കരി ന്തൊലി,  നീല മുണ്ടി തുടങ്ങി ഇരുപതിലധികം കുരുമുളക് വള്ളികൾ വംശനാശ  ഭീഷണിയിലാണ്. ചെടി നട്ടാൽ അറുപത് വർഷത്തിലധികം വരെ കാലം കേട് വരാത്തതിനാൽ ആദായം ലഭിക്കുമെന്നതാണ് നാടൻ ഇനങ്ങളുടെ ഒരു പ്രത്യേകത.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *