November 11, 2026

46 ഇനം നീർ പക്ഷികളെ കണ്ടത്തി;1470 പക്ഷികളേയും കണ്ടെത്തി

0
IMG_20220113_190512.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :ഏഷ്യൻ നീർപക്ഷി സെൻസസിന്റെ ഭാഗമായി ജനുവരി 8,9 തീയതികളിലായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയും വയനാടിലെ സോഷ്യൽ ഫോറസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച നീർപക്ഷി കണക്കെടുപ്പിൽ 46 ഓളം നീർപക്ഷികളെ കണ്ടെത്തി. കൂടാതെ 140 സ്പീഷീസുകളിൽ ഉൾപ്പെടുന്ന 1470 ഓളം മറ്റു പക്ഷികളെയും കണ്ടെത്താനായി.
ബാണാസുര അണക്കെട്ട്, കാരാപ്പുഴ, ആറാട്ടുതറ, വള്ളിയൂർ കാവ്, പനമരം നെൽവയലുകൾ എന്നിവിടങ്ങളിലും വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ അമ്മവയൽ, ഗോളൂർ എന്നിവിടങ്ങളിലുമായി നടത്തിയ പഠനത്തിൽ നീർത്തട ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുകയും ദേശാടനത്തിനായി വരികയും ചെയ്യുന്ന നീർപക്ഷികളെ പട്ടികപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സംഘം നടത്തിയിട്ടുള്ളത്.
 പുള്ളിച്ചുണ്ടൻ താറാവ്,പച്ച എരണ്ട,വർണ്ണക്കൊക്ക്, ചൂളൻ എരണ്ട,പുഴ ആള എന്നിവയാണ് സർവേയിൽ കണ്ടെത്തിയ പ്രധാനപ്പെട്ട ഇനങ്ങൾ. ഗോളൂർ പ്രദേശങ്ങളിൽ കണ്ടെത്തിയ ദേശാടനപക്ഷിയായ ചെമ്മാറൻ പാറ്റപിടിയന്റെ സാന്നിധ്യം സുപ്രധാനമായ ഒരു കണ്ടെത്തലായി കണക്കാക്കുന്നു .
 കേരളത്തിന്റെ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ കുറവാണെങ്കിലും, വയനാട്ടിലെ തണ്ണീർത്തടങ്ങളിൽ ക്രമേണ കാട്ടു താറാവുകളുടെയും ദേശാടന താറാവുകളുടെയും എണ്ണത്തിൽ ചെറിയ തോതിലുള്ള വർദ്ധനവ് കണ്ടു തുടങ്ങിയിട്ടുണ്ട്. ഒരു ദശവർഷം മുൻപ് വരെ പുള്ളിച്ചുണ്ടൻ താറാവ്,പച്ച എരണ്ട എന്നീ പക്ഷികൾ അപൂർവങ്ങളിൽ അപൂർവമായായിരുന്നു വയനാടിൽ കാണപ്പെട്ടിരുന്നത് .
 കാരാപ്പുഴ റിസർവോയർ കമ്മീഷൻ ചെയ്ത ശേഷം , കുന്നുകളോട് ചേർന്നുള്ള ആഴം കുറഞ്ഞ ജലാശയങ്ങൾ നിരവധി ജലപക്ഷികൾക്ക് വളരാനും പ്രജനനം നടത്താനും അനുയോജ്യമായ ആവാസ വ്യവസ്ഥയായി രൂപപ്പെട്ടു വന്നു.
 ഇക്കാരണം കൊണ്ടു തന്നെ പുള്ളിച്ചുണ്ടൻ താറാവ്,പച്ച എരണ്ട എന്നിവയുടെ എണ്ണത്തിൽ പ്രകടമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട് .
എന്നിരുന്നാലും നിലവിലെ പഠന പ്രകാരം ചൂളൻ എരണ്ടയുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്നുള്ള കണ്ടെത്തൽ ആശങ്കാജനകമാണ്.
 കാരാപ്പുഴ നീർത്തടങ്ങൾ വിവിധയിനം പക്ഷികളാൽ സമ്പന്നമായിരുന്നെങ്കിലും ഈ വർഷത്തെ കണക്കു പ്രകാരം 3 ചൂളൻ എരണ്ടകളെ മാത്രമാണ് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. 
ഭൂമിയുടെ വൃക്കകളായി പരിഗണിക്കപ്പെടുന്ന നീർത്തടങ്ങളെ ഒരു പ്രദേശത്തെ ജലസ്രോതസ്സുകളുടെ നിലനിൽപ്പിന്റെ അടിസ്ഥാനമായി കണക്കാകാവുന്നതാണ്.
വർഷം തോറും നടത്തുന്ന പക്ഷി സർവേയിൽ നിന്നുള്ള വിവരങ്ങൾ കാലാവസ്ഥാ വ്യതിയാനവും മറ്റും ഏതൊക്കെ തരത്തിലാണ് പക്ഷികളെ ബാധിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് വലിയ രീതിയിലുള്ള സംഭാവനകൾ നൽകുന്നുണ്ട് . 
സോഷ്യൽ ഫോറസ്ട്രി വയനാട്, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് റട്ടൂഫ നേച്ചർ ക്ലബ്ബ് എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ദിവസം നടന്ന പരിപാടിയുടെ ഉദ്ഘാടനം സോഷ്യൽ ഫോറസ്ട്രി വയനാട് ഡിഎഫ്ഒ ഹരിലാൽ നിർവഹിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാല ഡീൻ ഡോ.ബാലുസാമി അധ്യക്ഷത വഹിച്ചു. ഡോ. രതീഷ് ആർ.എൽ., സി.കെ. വിഷ്ണുദാസ് എന്നിവർ യഥാക്രമം തണ്ണീർത്തട പക്ഷികളുടെ പ്രാധാന്യം, പരുന്തുകളെ തിരിച്ചറിയൽ എന്നിവയെക്കുറിച്ചുള്ള പഠന ക്ലാസുകൾ കൈകാര്യം ചെയ്തു.
 വയനാട്ടിലെ പക്ഷിപ്രേമികളും പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 50 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *