April 20, 2024

ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്

0
സമഗ്ര ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍, സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ്  മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും ബഹുജന പങ്കാളിത്തത്തോടെയും തോടുകളുടെ പുനരുജ്ജീവനം നടപ്പാക്കാനാണ് ജില്ലാ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. ചെറുകിട ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറായ ജില്ലാ സാങ്കേതിക സമിതിയാണ് നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിക്കുക. രണ്ടാം വാര്‍ഷിക ദിനത്തില്‍ പഞ്ചായത്തുകളില്‍ തോട് ശുചീകരണവും കബനി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. 84 ചെക്ഡാമുകളുടെ നിര്‍മാണം, 74 കുളങ്ങളുടെ നവീകരണം എന്നിവയും ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തി. പുഴകളെ മാലിന്യമുക്തവും ശുദ്ധജലസമ്പന്നവും കൈയേറ്റമില്ലാത്തതുമായ ജലസ്രോതസ്സായി പരിപാലിക്കുന്നതിനുളള ജനകീയ സംരംഭം സമയബന്ധിതമായി നടപ്പാക്കുന്നതിനായി വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി മാതൃകാ പുഴപഠന പരിപാടിയും സംഘടിപ്പിച്ചു.

         ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ മിഷന്റെ സൂക്ഷ്മതല സംരംഭകത്വ യൂനിറ്റുകളായ ഹരിതകര്‍മസേന രൂപീകരിക്കുകയും അജൈവ മാലിന്യശേഖരണ കേന്ദ്രങ്ങള്‍ തയ്യാറാക്കുകയും ചെയ്തത് ജില്ലയില്‍ മിഷന്റെ പ്രധാന നേട്ടങ്ങളാണ്. പ്രളയത്തിനുശേഷം ഹരിതകേരളം മിഷന്‍ നേതൃത്വം നല്‍കിയ മിഷന്‍ ക്ലീന്‍ വയനാട് സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ആഗസ്ത് 30നു സംഘടിപ്പിച്ച ഏകദിന മഹാശുചീകരണത്തോടെ 636 ടണ്‍ അജൈവമാലിന്യം ജില്ലയില്‍ നിന്നു നീക്കം ചെയ്തു.  ജില്ലയില്‍ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും പ്രളയാനന്തര കിണര്‍ ജല ഗുണനിലവാര പരിശോധന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തി. എട്ടു ടണ്‍ ഇലക്‌ട്രോണിക് മാലിന്യവും വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ക്ലീന്‍ കേരള കമ്പനി മുഖേന കയറ്റിയയച്ചു.മാലിന്യ സംസ്‌ക്കരണത്തിന് പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് പൊടിക്കുന്ന രണ്ടു കേന്ദ്രങ്ങള്‍ ജില്ലയില്‍ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ റോഡ് ടാറിങിനായി പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കും. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രാബല്യത്തില്‍ വന്നു. ജില്ലാ വാണിജ്യനികുതി ഓഫിസ് ഹരിതചട്ടം പാലിക്കുന്നതില്‍ മാതൃകാ ഓഫിസായി തുടരുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *