April 24, 2024

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വയനാടിന് 108 കോടി – മന്ത്രി കെ.രാജു

0
Vana Adhalath Manthri K Raju Ulkhadanam Cheyunnu 1.jpg


       മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വയനാട് ജില്ലയില്‍ 108.05 കോടി രൂപയുടെ പ്രതിരോധ- പുനരധിവാസ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിന് ആനമതില്‍, സൗരോര്‍ജ്ജ വേലി, ആനക്കിടങ്ങ് ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് എന്നിവയ്ക്കായി 38.65 കോടിയുടെ നിര്‍മ്മാണ നടപടികളും 69.4 കോടിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാതല വന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
      വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനു പുറമേ വനത്തിനുളളില്‍ വന്യമൃഗങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പു വരുത്തുന്നതിനു കൂടിയാണ് ഉള്‍ക്കാടുകളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നത്. എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് വനാതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഇവരെ മാറ്റിത്താമസിപ്പിക്കുക. പുനരധിവാസത്തിന് സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ കാര്യം മാത്രമാണ് പരിഗണിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയിഞ്ചിലെ കൊള്ളിവയല്‍, മണല്‍വയല്‍, ചുള്ളിക്കാട്, മാടാപറമ്പ് എന്നിവിടങ്ങളിലെ 91 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 13.7 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഗോളുര്‍, അമ്മവയല്‍, അരക്കുഞ്ചി, വെള്ളക്കോട്, കൊട്ടങ്കര, കുറിച്യാട്, ഈശ്വര കൊല്ലി, നരിമാന്തിക്കൊല്ലി, പുത്തുര്‍, ചെട്ടിയാലത്തൂര്‍ എന്നീ സെറ്റില്‍മെന്റുകളിലെ 378 കുടുംബങ്ങളുടെ സ്വയം സന്നദ്ധ പുനരധിവാസത്തിനായി 37.8 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. മണിമുണ്ട, പാമ്പന്‍കൊല്ലി, പങ്കളം, കോളോട്ട് സെറ്റില്‍മെന്റുകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 17.9  കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ നിന്ന് 80 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി റീബില്‍ഡ് കേരളയില്‍ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. വനത്തിനുള്ളില്‍ സ്ഥലമുള്ളതും മുന്‍ താമസ്സക്കാരായിരുന്നവരുടേയും പുനരധിവാസം രണ്ടാം ഘട്ടത്തില്‍ പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേത്തു. 
       ജില്ലയില്‍ നിലവില്‍ 682.85 കിലോമീറ്റര്‍ സൗരോര്‍ജ വേലിയും 443.15 കിലോമീറ്റര്‍ ആന പ്രതിരോധ കിടങ്ങും 22.6 കിലോമീറ്റര്‍ ആന മതിലും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ഈ വര്‍ഷം 22.25 കോടി ചെലവില്‍ 43.5 കിലോമീറ്റര്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗും 15 കോടി ചെലവില്‍ 10 കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംഗും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. പുതുതായി 12 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലിയുടെയും രണ്ടു കിലോമീറ്റര്‍ ആന കിടങ്ങിന്റെയും 410 മീറ്റര്‍ നീളത്തില്‍ ആന മതിലിന്റയും നിര്‍മ്മാണം നടന്നു വരികയാണ്. വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. 
       അദാലത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, നഗരസഭ കൗണ്‍സിലര്‍ അജി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ തമ്പി, ലത ശശി, ഗീത ബാബു, ദിലീപ്കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കാര്‍ത്തികേയന്‍, നോര്‍ത്തേണ്‍ റീജിയണ്‍ വൈല്‍ഡ്‌ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news