വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം വനം – മൃഗസംരക്ഷണം – ക്ഷീര വികസനം – മൃഗശാല വകുപ്പ് മന്ത്രി കെ. രാജു വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
മൃഗസംരക്ഷണ വകുപ്പിൽ സമഗ്രമായ മാറ്റം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം 24 മണിക്കൂറായി ഉയർത്തിയത്. ക്ഷീര കർഷകർക്ക് കൈത്താങ്ങാവാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയം, കോവിഡ് എന്നീ പ്രതിസന്ധികളിൽ ക്ഷീര കർഷകർക്ക് നിരവധി ധനസഹായമാണ് സർക്കാർ നൽകിയിട്ടുണ്ട്. പ്രളയക്കെടുതി അനുഭവിച്ച കർഷകർക്ക് 21 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ ജില്ലകൾക്ക് പ്രത്യേക പരിഗണന നൽകി കൂടുതൽ പദ്ധതികളും ഈ മേഖലയിൽ ആവിഷ്കരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിൽ സാങ്കേതിക വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും സംവിധാനത്തിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ വകുപ്പിൽ സമഗ്രമായ പുന:സംഘടന ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ പുതിയ സംരംഭകർക്ക് മേഖലയിലേക്ക് കടന്നു വരാൻ സഹായകമാകുന്ന തരത്തിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കർഷകർക്ക് 1000 കോഴികളെയും 20 പശുക്കളെയും വരെ വളർത്താൻ ഇനി മുതൽ ലൈസൻസ് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 27 വെറ്ററിനറി ക്ലിനിക്കുകളാണ് ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവിടങ്ങളിൽ ജീവനക്കാർ പ്രവർത്തിക്കുക. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും, ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും, രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുമാണ് ഷിഫ്റ്റ്.
ജില്ലയിൽ സുൽത്താൻ വെറ്ററിനറി പോളി ക്ലിനിക്കിൻ്റെ പദ്ധതി പ്രവർത്തന ഉദ്ഘാടനം ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി നിർവ്വഹിച്ചു. അൾട്രാ സൗണ്ട് സ്കാനറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലത ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. സി. ആരിഫ്, ഫീൽഡ് ഓഫീസർ ജെയിംസ് മാത്യൂ, നഗരസഭ ഡിവിഷൻ മെമ്പർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply