April 18, 2024

പഴം-പച്ചക്കറികളുടെ തറവില പ്രഖ്യാപനം കര്‍ഷകര്‍ക്കുള്ള കരുതല്‍ നടപടി – മുഖ്യമന്ത്രി

0
Img 20201027 Wa0264.jpg


സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍ക്കുള്ള തറവില പ്രഖ്യാപനം കര്‍ഷകരുടെ ആശങ്കകള്‍ അകറ്റി കരുത്ത് പകരാനുള്ള കരുതല്‍ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴം പച്ചക്കറികള്‍ക്കുള്ള അടിസ്ഥാന വില പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

രാജ്യത്ത് ആദ്യമായാണ് പഴം-പച്ചക്കറി ഉത്പാദകര്‍ക്ക് ആശ്വാസം പകരുന്ന ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതോടൊപ്പം അഭ്യന്തര പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 16 ഇനം പഴം – പച്ചക്കറികള്‍ക്കാണ് അടിസ്ഥാന വില പ്രഖ്യാപിക്കുന്നത്. പ്രദേശികമായി ഇത്പാദിപ്പിക്കുന്ന എല്ലാ പച്ചക്കറികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേര്‍ത്താണ് തറവില നിശ്ചയിച്ചിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും.  ഉത്പന്നങ്ങളുടെ ഗുണനിലവാരം അനുസരിച്ച് തറ വില നല്‍കുന്നതിനാല്‍ ഉത്പന്നങ്ങള്‍ക്ക് ഗ്രേഡ് നിശ്ചയിക്കും. നിലവാരം ഇല്ലാത്തവയുടെ സംഭരണം ഒഴിവാക്കും. ഓരോ ഇടവേളകളിലും തറവില പുതുക്കിയ നിശ്ചയിക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തില്‍ തീരുമാനമെടുക്കുന്നതും കാര്‍ഷിക പദ്ധതികള്‍ തീരുമാനിക്കുന്നതും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. സംഭരണ വിതരണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്. ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ സ്ഥലത്ത്  കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വിള ഇന്‍ഷൂര്‍ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നവംബര്‍ ഒന്ന് മുതലാണ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. എന്നാല്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യ ഘട്ടത്തില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഉത്പന്നങ്ങള്‍ കര്‍ഷകര്‍ തന്നെ നേരിട്ട് സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കണം. അവ കൃഷി വകുപ്പിന്റെ വിപണന കേന്ദ്രങ്ങളിലൂടെയും, സഹകരണ സംഘങ്ങളുടെ ശൃംഘലകള്‍ മുഖേനയുമാണ് വിറ്റഴിക്കുക. പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരിച്ച സംഭരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിന് റഫ്രിജറേറ്റര്‍ സൗകര്യമുള്ള വാഹനങ്ങള്‍ എന്നവയും ഒരുക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ഉത്പാദനമുള്ള കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. അവ കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കും. സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് വലിയ പുരോഗതി സൃഷ്ടിക്കാന്‍ പദ്ധതിയ്ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ 16 ഇനം പച്ചക്കറികള്‍ക്കാണ് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്്. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.  ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 550 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ഉത്പാദന ചെലവിന് അനുസരിച്ച് താങ്ങുവില ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നൂറ് ദിന കര്‍മ്മ പരിപാടിയില്‍ പദ്ധതി ഉള്‍പ്പെടുത്തിയത്. 

ജില്ലയില്‍ കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍സ് ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്ന് സംഭരിച്ച നേന്ത്രക്കുലകള്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ വാഹനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിബി. ടി. നീണ്ടിങ്കേരി അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ ചെറുകര, ഹോര്‍ട്ടികോര്‍പ്പ് റീജിയണല്‍ മാനേജര്‍ ഷാജി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഫിലിപ്പ് വര്‍ഗീസ്, എ.എസ്. ജെസിമോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) വി.പി. സുധീരന്‍, ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സിബി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *