April 20, 2024

കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണം: ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

0
Img 20210201 Wa0312.jpg
കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം)  പുതിയ കെട്ടിടം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ചെറു പ്രായത്തില്‍ കണ്ടെത്തി അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള സേവനങ്ങള്‍  കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുളള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും താമസിക്കാതെ കേന്ദ്രത്തിലെത്തി സേവനങ്ങള്‍ തേടണം. ഇവിടെക്കാവശ്യമായ നൂതനമായ ഉപകരണങ്ങളും ഉടന്‍ സജ്ജ മാക്കുമെന്ന് അവര്‍ പറഞ്ഞു. 
കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ നടന്ന സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പ, ഡിഎംഒ ഡോ. ആര്‍ രേണുക, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഷ്‌റഫ് കാവില്‍, ഡി.പി.എം ഡോ. ബി അഭിലാഷ് , ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നോയ്ഡ മോഡല്‍ ഡി.ഇ.ഐ.സിയുടെ പശ്ചാത്തല സൗകര്യങ്ങളോടുകൂടി മൂന്നുകോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.   സാമൂഹികനീതി വകുപ്പാണ് തുക വകയിരുത്തിയത്. കുഞ്ഞുങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന. വിപുലമായ പാര്‍ക്കിങ് ഏരിയ, റിസപ്ഷന്‍ കം അഡ്മിനിസ്ട്രേഷന്‍ റൂം, പീഡിയാട്രിക് ഒ.പി, മെഡിക്കല്‍ ഓഫിസറുടെ മുറി, ഡെന്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഫിസിയോതെറാപ്പി റൂം, ഒപ്റ്റോമെട്രിക് റൂം, സെമിനാര്‍ ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഓഡിയോളജി റൂം, വിശാലമായ കളിസ്ഥലം, ലൈബ്രറി, എക്സ്റേ മുറി തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ട്.  
18 വയസ്സില്‍ താഴെയുള്ള ഹൃദയസംബന്ധമായ അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഹൃദയശസ്ത്രക്രിയയും ചികിത്സയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 'ഹൃദ്യം' പദ്ധതി ഡി.ഇ.ഐ.സിയിലൂടെയാണ് നടപ്പാക്കുന്നത്. സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ക്ലബ് ഫൂട്ട്, ലേണിങ് ഡിസോര്‍ഡര്‍, ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, കേള്‍വി-കാഴ്ച പരിമിതി, കോങ്കണ്ണ്, സംസാരവൈകല്യങ്ങള്‍ തുടങ്ങി 30 ഓളം രോഗാവസ്ഥകളുള്ള കുട്ടികള്‍ക്ക് സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നല്‍കി വരുന്നു. ഒപ്റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡെന്റല്‍ സര്‍ജന്‍, ഹൈജീനിസ്റ്റ് എന്നിവരുടെ സേവനങ്ങളും ഡി.ഇ.ഐ.സി ഉറപ്പുവരുത്തുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി എല്ലാ ദിവസവും മെഡിക്കല്‍ ഓഫിസറുടെ സേവനമുണ്ടാവും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ശിശുരോഗ വിദഗ്ധന്റെ സേവനവും കേന്ദ്രത്തില്‍ ലഭ്യമാവും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *