April 25, 2024

മുൻ മന്ത്രി ജയലക്ഷ്മിക്കെതിരായ കേസ് : ക്രമക്കേടുകൾ കണ്ടെത്താനായില്ല: വിജിലൻസ് കേസ് അവസാനിപ്പിച്ചു

0
Img 20210206 Wa0225.jpg
.
കൽപ്പറ്റ:  മുൻമന്ത്രിയും എ.ഐ.സി.അംഗവുമായ പി.കെ.ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചു.  മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിൽ   ക്രമക്കേടുകൾ കണ്ടെത്താനാകാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നൽകിയ വിവരാവാകാശ രേഖയിൽ വ്യക്തമാക്കുന്നു. ഇപ്പോൾ 
അവർക്കെതിരെ യാതൊരു കേസുകളും ഇല്ലന്നും മറുപടിയിലുണ്ട്. ജയലക്ഷ്മി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പട്ടികവർഗ്ഗ ക്ഷേമ – യുവജന കാര്യ വകുപ്പ് മന്ത്രിയായിരിക്കെ 
 പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ പദ്ധതികളിൽ ക്രമക്കേട് ഉണ്ടന്ന് ആരോപിച്ച് ഒരു പ്രമുഖ ചാനൽ വാർത്ത നൽകിയിരുന്നു.
 വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിക്കുന്ന തരത്തിൽ  ചാനലിൽ നൽകിയ വാർത്തക്കെതിരെ ജയലക്ഷ്മി തന്നെ  മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഇതേ സമയം വിവിധ പദ്ധതികളിലെ അഴിമതി ആരോപിച്ച് മറ്റൊരു വ്യക്തിയും വിജിലൻസിൽ പരാതി നൽകിയിരുന്നു. ജേക്കബ്ബ് തോമസ് വിജിലൻസ് ഡയറക്ടർ  ആയിരിക്കെ ഈ കേസുകൾ അന്വേഷിക്കുന്നതിന് വയനാട്ടിൽ നേരിട്ട് എത്തുകയും ചെയ്തു. അവസാനം ക്രമക്കേടുകൾ കണ്ടെത്താനാകാതെ വിജിലൻസിന് സമയ നഷ്ടം വരുത്തുന്നതിനാൽ കേസ് അവസാനിപ്പിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകുകയായിരുന്നു.  
ജയ ലക്ഷ്മിയുടെ ഭാഗം പോലും കേൾക്കാതെ ഏകപക്ഷീയമായി ചാനൽ സംപ്രേഷഷണം ചെയ്ത വാർത്തയിൽ വലിയ അഴിമതിക്കാരിയായി ജയലക്ഷ്മിയെ ചിത്രീകരിക്കുകയും ജയലക്ഷ്മിയുടെ പാലോട് തറവാടിനെയും കുറിച്യ  സമുദായത്തെയും അധിക്ഷേപിക്കുന്ന തരത്തിലുമായിരുന്നു വാർത്ത നൽകിയിരുന്നത്.ജയലക്ഷ്മി ഗർഭിണിയായിരിക്കെയാണ്     മാനസികമായും വ്യക്തിപരമായും തളർത്തുന്ന രീതിയിൽ ചാനൽ വാർത്ത നൽകിയത്. മാസം തികയാതെ ജയലക്ഷ്മി ആറാം മാസത്തിൽ പെൺകുഞ്ഞിന് ജന്മം നൽകുകയും അമ്മയും കുഞ്ഞും മൂന്നര മാസത്തിലധികം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും വൻ' സാമ്പത്തിക ബാധ്യതയിലാവുകയും ചെയ്തു.  
ഈ വാർത്തക്കെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷനും ജയലക്ഷ്മി നൽകിയ പരാതിയിൽ കേസ് നില നിൽക്കുന്നുണ്ട്. 
ഇക്കാലത്ത് വാർത്തയുടെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കുകയും വ്യക്തിപരമായി ജയലക്ഷ്മിയെ അധിക്ഷേപിച്ച് സൈബർ ആക്രമണം നടക്കുകയും ചെയ്തു. പാലോട്ട് തറവാട്ടിലെ കുട്ടികളെ കാണിച്ചു കൊണ്ടും  കുറിച്യ സമുദായത്തെ മോശക്കാരാക്കിയുമുള്ള ക്ലിപ്പുകൾ ഷെയർ ചെയ്തതിനെതിരെയുള്ള മറ്റൊരു കേസിൽ കുറിച്യ സമുദായ സംരംക്ഷണ സമിതിയും കോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്.  വാർത്തക്കും ഇപ്പോഴും തുടരുന്ന  സൈബർ ആക്രമണത്തിനും എതിരെ പോക്സോ നിയമം, പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം ജയലക്ഷ്മി നൽകിയ മറ്റൊരു പരാതിയിലും  കേസ് നിലനിൽക്കുന്നുണ്ട്. 
വാർത്താ ചാനലിനെതിരെ ഒരു കോടി രൂപ ആവശ്യപ്പെട്ട് ജയലക്ഷ്മിയുടെ കുടുംബം കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. 
 വൈകിയാണങ്കിലും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടന്ന്  ജയലക്ഷ്മി പ്രതികരിച്ചു. എന്നാൽ കുടുംബാംഗങ്ങൾ     മാനനഷ്ട കേസ് നൽകിയതിനെക്കുറിച്ച് അറിയില്ലന്നും ജയലക്ഷ്മി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *