April 25, 2024

പരിസ്ഥിതിലോലമേഖല: സി പി എമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം: യു ഡി എഫ്

0
കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് വഴിതടയല്‍ സമരം നടത്തി സി പി എം വയനാട്ടിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനന്‍ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുയി. ഒന്നരവര്‍ഷം മുമ്പ് വൈത്തിരി, കൊയിലാണ്ടി, താമരശേരി, മാനന്തവാടി എന്നീ താലൂക്കുകളില്‍പ്പെടുന്ന വില്ലേജുകളില്‍ സമാനപ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ യു ഡി എഫും വിവിധ സംഘടനകളും സമരം നടത്തുകയും, നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, വയനാട്ടിലടക്കമുള്ള ജനങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് സി പി എം കാണിച്ചത്. വയനാട്ടിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. വയനാട്ടില്‍ കാര്‍ഷികവിള തകര്‍ച്ച മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് പരിസ്ഥിതിലോലമേഖലയുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം. വന്യജീവി ശല്യത്തില്‍ നിലവില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് പരിസ്ഥിതിലോലമേഖലാ പ്രഖ്യാപനം ഇടിത്തീ പോലെയാണ് വന്നുവീണിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരും സി പി എമ്മും ഇത്രയും കാലം ഒന്നും ചെയ്യാതെ, യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വഴിതടയല്‍ സമരവുമായെത്തിയത് വയനാട്ടിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് തികച്ചും അപഹാസ്യവും, ജനങ്ങളെ കബളിപ്പിക്കലുമാണ്. രാത്രിയാത്രാ നിരോധന വിഷയത്തില്‍ എല്ലാകക്ഷികളെയും വിളിച്ചുകൂട്ടി ആക്ഷന്‍കമ്മിറ്റിയുണ്ടാക്കിയപ്പോള്‍ യു ഡി എഫ് അടക്കം സഹകരിച്ചിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയതാല്‍പര്യം മുന്‍നിര്‍ത്തി ബി ജെ പിയുമായി ഒത്തുകളിച്ച് ആ സമരം പൊളിക്കുകയായിരുന്നു. സമാനസാഹചര്യം ഈ വിഷയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നതിനാലാണ് യു ഡി എഫ് എല്ലാ സാമൂഹ്യസംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടിലെ ജനങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് വരുംദിവസങ്ങളില്‍ യു ഡി എഫ് നേതൃത്വം നല്‍കും. വിഷയത്തില്‍ രാഷ്ട്രീയലക്ഷ്യമില്ല, മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്നതിനാലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എല്ലാസാമൂഹ്യസംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടായിരിക്കും വരുംദിവസങ്ങള്‍ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുക. ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ കടകളടച്ചും, വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ സഹകരിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു. പാല്‍, പത്രം, ആശുപത്രി, വിവാഹം, പരീക്ഷ തുടങ്ങിയവയെ യാതൊരുവിധത്തില്‍ തടസപ്പെടുത്തുന്നതല്ലെന്നും ഇരുവരും വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *