March 29, 2024

വയനാട് പാക്കേജ് പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് കുതന്ത്രം : കെ സി റോസക്കുട്ടി ടീച്ചർ

0
കൽപ്പറ്റ : അഞ്ചു വർഷം ഭരണത്തിൽ ഇരുന്ന ഇടതു സർക്കാർ അവഗണിച്ച വയനാടിനായി പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച സർക്കാർ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കുതന്ത്രമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ കെ സി റോസക്കുട്ടി ടീച്ചർ. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പാക്കാതെ കാലാവധി കഴിയാനിരിക്കുന്ന വേളയിൽ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം മാത്രമാണ് ഇതെന്നും ടീച്ചർ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷമായുണ്ടായ സംസ്ഥാന ബജറ്റുകളിലൊന്നിലും വയനാടിനെ കാര്യമായി പരിഗണിച്ചില്ലെന്ന വസ്തുത ജില്ലയില്‍ ശക്തമാണ്. കോടികളുടെ കണക്കുകൾ നിരത്തി ജനങ്ങളെ വിഡ്ഡികളാക്കുമ്പോൾ, മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച കാർബൺ ന്യൂട്രൽ പദ്ധതിപ്രകാരമുള്ള വയനാടൻ കാപ്പിയുടെ ആഗോളബ്രാന്റിംഗ്, കുരുമുളക് പുനരുദ്ധാരണപദ്ധതി, തോട്ടം തൊഴിലാളികളുടെ പാർപ്പിട സമുച്ചയം, പുഷ് പകൃഷിവ്യാപനം എന്നിങ്ങനെ പോകുന്നു ഇപ്പോൾ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്ന മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടുകാരെയൊന്നാകെ വിഡ്ഡികളാക്കിയ ശേഷം കഴിഞ്ഞ ദിവസം ജില്ലാ ആശുപ്രതിയെ വയനാട് മെഡിക്കൽ കോളജായി ഉയർത്തിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം ജില്ലയെ വേണ്ടവിധം പരിഗണിച്ചിരുന്നുവെങ്കിൽ ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം കാണാമായിരുന്നു. വിലത്തകർച്ചയും വിളനാശവുമടക്കമുള്ള പ്രശ്നങ്ങളാൽ പൊറുതിമുട്ടിയാണ് വയനാട്ടിലെ കർഷകർ ജീവിച്ചുവരുന്നത്. താങ്ങുവില പ്രഖ്യാപനങ്ങൾ വാക്കിലൊതുങ്ങിയപ്പോൾ ഈപാക്കേജിലും കാർഷികമേഖലയെ സർക്കാർ വെറുതെവിട്ടിട്ടില്ല. ഇഞ്ചി, ചേന, കുരുമുളക്, വാഴ അടക്കമുള്ള വിളകൾ കൃഷി ചെയ്തുവരുന്ന കർഷകർ കടംകയറി മുടിഞ്ഞുനിൽക്കുകയാണ്.
പ്രതിവർഷം പത്ത് കോടി രൂപ വീതം അഞ്ച് വർഷം കൊണ്ട് 50 കോടി രൂപ ഇതിനായി വകയിരുത്തുമെന്നാണ് പറയുന്നത്. 2019 ബജറ്റിൽ കുരുമുളക് കൃഷിയുടെ പുനരുദ്ദാരണമെന്ന പേരിൽ ഒരു അഞ്ച് കോടി രൂപ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഒരു രൂപ പോലും കുരുമുളക് കൃഷിക്കായി ചിലവഴിച്ചിട്ടില്ല. കാർബൺ ന്യൂട്രൽ പദ്ധതിയും, അതിന്റെ ഭാഗമായുള്ള കാപ്പിയുടെ ആഗോളബ്രാന്റിംഗുമാണ് മറ്റൊന്ന്. ഇതും മുൻബജറ്റുകളിൽ തുടർച്ചയായി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.
കൽപ്പറ്റ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിർമ്മാണം നടക്കുന്ന കൽപ്പറ്റ-വാരാമ്പറ്റ റോഡ് ഇനിയും പൂർത്തിയായിട്ടില്ല. ബീനാച്ചി-പനമരം റോഡ് കുത്തിപൊളിച്ചിട്ടിരിക്കുകയാണ്. ഇത്തരത്തിൽ കിഫ്ബിയിൽ തുക വകയിരുത്തി പ്രഖ്യാപിച്ച റോഡുകൾ ഒച്ചിഴയും വേഗത്തിൽ നിർമ്മാണം പുരോഗമിക്കുമ്പോൾ കോടികളുടെ റോഡുകൾക്കാണ് പാക്കേജിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സൗകര്യപ്രദമായ രീതിയിൽ ചുരം ബദൽറോഡ് പ്രാവർത്തികമാക്കാമെന്നിരിക്കെ മതിയായ അനുമതികളൊന്നും വാങ്ങാതെ തുരങ്കപാതയുടെ പ്രൊഡക്ട് ലോഞ്ചിംഗ് ഈ സർക്കാർ നടത്തിയിരുന്നു. 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ നിർമ്മാണം 2021-22ൽ ആരംഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ കേന്ദ്ര അനുമതി ലഭിക്കാതെ, വിശദമായ ഡിപിആർ തയ്യാറാക്കാതെ, പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇടതു സർക്കാരെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *