ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരംഃ കെ സുധാകരന്‍ എംപി

തിരുവനന്തപുരം-ജനരോഷം ആളിക്കത്തിയിട്ടും ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെപിസിസി ഭാരവാഹിയോഗ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ ഓഫീസിനു മുന്നിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തും. 140 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലും 140 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സമരങ്ങള്‍ അരങ്ങേറും. ഇന്ധന വില കുറക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുന്നത്.
പിന്നീട് ഇന്ധന വിലയില്‍ ഇളവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെ നീളുന്ന മനുഷ്യച്ചങ്ങല നിര്‍മ്മിക്കും.
കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതിയില്‍ വലിയ വര്‍ദ്ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിക്കുകയും ആ കൊള്ളമുതലില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കുപറ്റുകയും ചെയ്തിട്ട് യാതൊരുവിധ ഇളവിനും തയ്യാറാകാത്ത പിണറായി സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ധിക്കാരപരമാണ്. ചക്രസ്തംഭന സമരത്തിന്റെ വമ്പിച്ച വിജയവും ജനപിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണുതുറപ്പിക്കണം. അദ്ദേഹം ജനവികാരം മനസ്സിലാക്കണം. പിണറായി വിജയന്റെ കണ്ണുതുറക്കുന്നതുവരെ സമരം തുടരാനാണ് കെ.പി.സി.സി.യുടെ തീരുമാനം.
കേരളത്തില്‍ ഒരിടത്തുപോലും അനിഷ്ടസംഭവം ഉണ്ടായില്ല എന്നതാണ് ചക്രസ്തംഭന സമരത്തിന്റെ പ്രത്യേകത. തികഞ്ഞ അച്ചടക്കത്തോടെ സമരം നടത്തുകയും അതിനു നേതൃത്വം കൊടുക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിക്കുന്നു. ജനങ്ങള്‍ സമരവുമായി പൂര്‍ണമായി സഹകരിച്ചു. കേരള ജനതയ്ക്കും നന്ദി പറയുന്നു.
ഇന്ധനവില വര്‍ദ്ധനവിനെതിരേയുള്ള സമരം സാംസ്‌കാരിക പ്രവര്‍ത്തകരടക്കം എല്ലാ ജനവിഭാഗങ്ങളേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ടു കൊണ്ടു പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ജനകീയ സമരത്തെ അട്ടിമറിക്കാനും വിവാദം സൃഷ്ടിക്കാനും ശ്രമിച്ച ചില വ്യക്തികള്‍ക്കെതിരേയുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങളെ സിനിമാ മേഖലയ്ക്കെതിരെയുള്ള നീക്കമായി വ്യാഖ്യാനിക്കാനുള്ള സി.പി.എമ്മിന്റേയും സര്‍ക്കാരിന്റേയും ശ്രമം വിലപ്പോകില്ല. സിനിമാ ചിത്രീകരണങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തരുതെന്ന് പോഷകസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Leave a Reply