April 26, 2024

എടയ്ക്കല്‍ പൈതൃക സംരക്ഷണം; ത്രിദിന ശില്പശാല തുടങ്ങി, എടയ്ക്കലിന് ലോക പൈതൃക പദവിക്ക് അര്‍ഹത- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

0
Img 20220114 205030.jpg
ബത്തേരി :  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളില്‍ ഒന്നാണ് എടയ്ക്കല്‍ ഗുഹയെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരുന്നതെന്നും മ്യൂസിയം-തുറമുഖം-പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എടയ്ക്കല്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശില്പശാലയും സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രപണ്ഡിതനായ ഡോ.എം.ആര്‍ രാഘവവാര്യരുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സമിതിയെയാണ് എടയ്ക്കല്‍ സംരക്ഷണവും വികസനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചത്.
നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും ഒന്നിലധികം ലോക പൈതൃക സ്ഥാനങ്ങള്‍ ഉണ്ടെന്നിരിക്കെ പൈതൃക സമ്പത്തുകൊണ്ട് സമ്പന്നമായ കേരളത്തില്‍ നിന്ന് ഒന്നു പോലും പട്ടികയിലില്ല എന്നത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് യുനെസ്‌കോ നിര്‍ദേശിച്ച സാര്‍വലൗകിക മൂല്യം എടയ്ക്കലിന് ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യുനെസ്‌കോ നിഷ്‌കര്‍ഷിച്ചിട്ടുള്ള 10 മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിക്കപ്പെട്ടാല്‍ അതിന് പൈതൃക പദവിക്ക് അര്‍ഹത ഉണ്ടെന്നിരിക്കെ ഒന്നിലധികം മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിക്കപ്പെട്ടിട്ടുള്ള എടയ്ക്കലിന് പൈതൃക പദവി ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുരാവസ്തു വകുപ്പ് അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 
നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വിലമതിക്കാനാകാത്ത അടയാളങ്ങളാണ് എടയ്ക്കല്‍ ചിത്രങ്ങള്‍. ആയിരത്താണ്ടുകള്‍ക്കു മുമ്പ് മനുഷ്യരുടെ കൈവര പതിഞ്ഞ എടയ്ക്കല്‍ ഗുഹ വയനാടിന്റെ മാത്രമല്ല കേരളീയ ജനതയുടെ തന്നെ അഭിമാനമായ പൈതൃക സമ്പത്താണ്. ആയിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയില്‍ വരച്ച എയ്ടക്കല്‍ ചിത്രങ്ങള്‍ക്ക് സമാനമായ കൊത്തുചിത്ര സങ്കേതം ലോകത്തു തന്നെ അപൂര്‍വ്വമാണ്.
എടക്കല്‍ ചിത്രങ്ങള്‍ ഏറെ സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്. മഴവെള്ളം ഒലിച്ചിറങ്ങി ചിത്രങ്ങള്‍ക്ക് തേയ്മാനം സംഭവിക്കുന്നുണ്ട്. പായലും പൂപ്പലും വളര്‍ന്ന് പാറയുടെ രാസഘടന തന്നെ മാറിപ്പോകുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. മറ്റൊരു ഭീഷണി സമീപത്തുള്ള ക്വാറികള്‍ ഉയര്‍ത്തുന്നതാണ്. കരിങ്കല്‍ മണല്‍ ഖനനത്തിനായി എടക്കലിനു ചുറ്റുമുള്ള പാറകളും മലകളും ഇടിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വലിയൊരു പൈതൃക സമ്പത്താണെന്ന് നാം ഓര്‍ക്കാറില്ല. എടക്കലിനു ചുറ്റും നടന്നുവരുന്ന അതിവേഗമുള്ള നഗരവല്‍ക്കരണവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയങ്ങളെല്ലാം വിശദമായി പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചിരിക്കുന്നത്. ചരിത്രം, പുരാതത്വശാസ്ത്രം, ഭൗമ ശാസ്ത്രം, പരിസ്ഥിതി പഠനങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, രാസസംരക്ഷണം എന്നീ മേഖലയിലെ വിദഗ്ദ്ധരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എടക്കല്‍ ചിത്രങ്ങളെ വരാനിരിക്കുന്ന തലമുറകള്‍ക്കു കൂടി കാണാനും സാംസ്‌കാരിക സമ്പന്നമായ നമ്മുടെ ഭൂതകാലത്തെ അടുത്തറിയാനും കഴിയും വിധത്തില്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കന്നതായും ശില്പശാലയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ടൂറിസം- പുരാവസ്തു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ ഓണ്‍ലൈനായി ശില്പശാലയില്‍ സംസാരിച്ചു. വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.എം.ആര്‍. രാഘവവാര്യര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, പുരാവസ്തു സംരക്ഷണ ഓഫീസര്‍ എസ്. ജൈകുമാര്‍, മറ്റ് വിദഗ്ധ സമിതി അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സംഘം ശനിയാഴ്ച  എടയ്ക്കല്‍ ഗുഹ സന്ദര്‍ശിക്കും. ശില്പശാല നാളെ ഞായറാഴ്ച്ച  സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *