നിലമ്പൂർ-നഞ്ചൻകോട് റെയിൽവേയുടെ കാലതാമസം പരിശോധിക്കണം : രാഹുൽ ഗാന്ധി എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു
നിലമ്പൂർ: നിലമ്പൂർ നഞ്ചൻകോട് റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എം. പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പദ്ധതിയുടെ നടത്തിപ്പ് വൈകുന്നതിനെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ നിരന്തരമായ പ്രതിഷേധങ്ങളിലാണെന്നും ഈ വിഷയം പാർലമെന്റിലടക്കം വിവിധ വേദികളിൽ താൻ നേരത്തെ ഉന്നയിച്ചതാണെന്നും പദ്ധതിയുടെ സ്ഥിതി സംബന്ധിച്ച് വ്യക്തതയില്ലാത്തത് വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എം. പി മന്ത്രിക്കയച്ച കത്തിൽ പറയുന്നു. 2016-2017 ലെ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമിൽ നിലമ്പൂർ – നഞ്ചൻഗോഡ് പാതയുടെ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേരള ഗവൺമെന്റ് കേരള സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ (കെആർഡിസിഎൽ) പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തി. എങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
പരിമിതമായ റെയിൽവേ കണക്റ്റിവിറ്റിയും എൻ എച്ച് – 766-ലെ രാത്രി ഗതാഗത നിരോധനവും വയനാട് പാർലമെന്റ് മണ്ഡലത്തിലെ അന്തർ സംസ്ഥാന യാത്രയെ പ്രതികൂലമായി ബാധിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ, നിലമ്പൂർ – നഞ്ചൻകൊട് പാത ബാംഗ്ലൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ഈ മേഖലയിലെ ഉപജീവന സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പശ്ചാത്തലത്തിൽ, പദ്ധതിയുടെ നടത്തിപ്പിലെ അകാരണമായ കാലതാമസം സംബന്ധിച്ച്, പരിശോധകൾ നടത്തണമെന്ന് രാഹുൽ ഗാന്ധി എം. പി ആവശ്യപ്പെട്ടു.
Leave a Reply