April 25, 2024

ബഫർസോൺ: സംസ്ഥാന സർക്കാറിന്റെ വീഴ്ച്ചയെന്ന് ബിജെപി

0
Img 20220610 Wa00392.jpg
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാറിന്റെ വീഴ്ച്ച മൂലമാണെന്ന് ബിജെപി കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. 2004ൽ സംസ്ഥാന സർക്കാർ സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ഒരു കിലോമീറ്റർ ദൂര പരിധി നിശ്ചയിച്ച് നൽകിയ റിപ്പോർട്ട് ആണ് സുപ്രീം കോടതി വിധിക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാറിന്റെ പരാജയം മറച്ച് വെക്കാനാണ് സിപിഎം നേതൃത്വം സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്. നാളത്തെ വയനാട് ഹർത്താൽ പ്രഹസനം മാത്രമാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ നിയമപരമായി സമീപിച്ച് ജന താൽപ്പര്യം സംരക്ഷിക്കണം. 2004 ലെ പൊതു താൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ബഫർസോൺ വിഷയം പരിഗണിച്ച് സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്. കോടതിയുടെയും കേന്ദ്ര സർക്കാറിന്റെയും നിർദ്ദേശങ്ങളും അറിയിപ്പുകളും മാനിക്കാതെ. കേരളം മാറി മാറി ഭരിച്ച മുന്നണികൾ വരുത്തിയ വീഴ്ച്ചകളാണ് വിധിക്ക് ആധാരം. വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ശാസ്ത്രീയ പഠനങ്ങൾ നടത്തി ബഫർ സോണിന്റെ ദൂരപരിധിയും നിയന്ത്രണങ്ങളും തീരുമാനിക്കേണ്ടത്. അത് വയനാട്ടിൽ പാലിക്കപ്പെട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ, ഗ്രമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ. എംഎൽഎ, എംപി, ത്രിതല പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷൻമാർ, കാർഷിക, വ്യാപാരി, രാഷ്ട്രീയ പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, ജില്ലാ കളക്ടർ എന്നിവർ കൂടിയിരുന്ന് ചർച്ച ചെയ്ത് തീരുമാനം എടുക്കേണ്ട വിഷയമായിരുന്നു ഇത്. എന്നാൽ ഇതൊന്നുമില്ലാതെ ലാഘവത്തോടെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. സർക്കാറിന്റെ വീഴ്ച്ച മറച്ചു വെക്കാനുള്ള സർവ്വ കക്ഷി സമര പരിപാടികളിൽ ബിജെപി പങ്കെടുക്കില്ല. എന്നാൽ ഇതിനെതിരെ ഇന്ന് ബത്തേരി സ്വതന്ത്ര മൈതാനിയിൽ സൂചനാ സത്യാഗ്രഹ സമരം നടത്തും. കൽപ്പറ്റയിൽ സായാഹ്ന ധർണ്ണയും ഉണ്ടാകും. ബത്തേരിയിൽ രാവിലെ 10 മുതൽ 5 വരെയാണ് പരിപാടി. 16 ന് ശേഷം പഞ്ചായത്ത് തലത്തിൽ സമര പ്രഖ്യാപന കൺവെൻഷനുകളും നടക്കും. വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ മൗനം ബിജെപി ചോദ്യം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി. മധു, ജില്ല ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *