IMG-20220621-WA00702.jpg

പൂത്തുലയും ഇനി പൂത്തക്കൊല്ലി; പഴവര്‍ഗ്ഗ ചെടികളുമായി റവന്യൂ ജീവനക്കാര്‍


AdAd
മേപ്പാടി : പ്രളയ ദുരിതാശ്വാസത്തിന്റെ സ്‌നേഹഭൂമി പൂത്തക്കൊല്ലി ഇനി ഫലവര്‍ഗ്ഗങ്ങളാല്‍ പൂത്തുലയും. ആര്‍ത്തലച്ചു വന്ന പ്രളയത്തില്‍ മേപ്പാടിയിലെ പുത്തുമലയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ നാട് കൈകോര്‍ത്ത ഹര്‍ഷം ഭവന സമുച്ചയങ്ങള്‍ക്കരികിലാണ് ഫലവര്‍ഗ്ഗ തൈകളുമായി വയനാട് കളക്ട്രേറ്റ് റിക്രീയേഷന്‍ ക്ലബ്ബ് ജീവനക്കാരെത്തിയത്. പണിപൂര്‍ത്തിയായ 49 വീടുകള്‍ക്ക് മുന്നില്‍ തണലായി അവാക്കാഡോ, മാവ്, പ്ലാവ് തുടങ്ങിയ ഇരുന്നൂറിലധികം ഫലവൃക്ഷ തൈകളാണ് ജീവനക്കാര്‍ ഒരു ദിവസം കൊണ്ട് നട്ടുപിടിപ്പിച്ചത്. 
വീണ്ടും പുത്തുമലയുടെ പ്രതീക്ഷകള്‍ പൂക്കുന്ന പൂത്തക്കൊല്ലിയില്‍ മറ്റൊരു മഴക്കാലത്തിന്റെ തുടക്കത്തിലാണ് മണ്ണിന്റെ മനസ്സറിഞ്ഞ് വിവിധയിനം പഴങ്ങളുടെ തൈകള്‍ വേരാഴ്ത്തുന്നത്. ജോലി തിരക്കുകള്‍ക്കിടയില്‍ സമയം ക്രമീകരിച്ച് പല സമയങ്ങളിലായെത്തിയ ജീവനക്കാരാണ് പൂത്തക്കൊല്ലിയുടെ മനോഹരമായ സ്‌നേഹഗ്രാമത്തില്‍ നാളെയുടെ പ്രതീക്ഷകളെ നട്ടുനനച്ചത്. ജില്ലയിലെ വിവധ നഴ്‌സറികളില്‍ നിന്നാണ് ഹൈബ്രിഡ് ഇനം തൈകള്‍ ഇതിനായി കണ്ടെത്തിയത്. രണ്ടിനത്തിലുള്ള അവാക്കോഡയും മാവിനം മല്ലികയുമെല്ലാം ഇനി പൂത്തക്കൊല്ലിയുടെ വസന്തമാകും. 
ജില്ലാ കളക്ടര്‍ എ.ഗീത ഫലവൃക്ഷതൈ നടീലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.ഡി.എം എന്‍.ഐ. ഷാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബി. നാസര്‍, മേപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ. സഹദ്, കളക്ടറേറ്റ് ഫൈനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, കെ.ഗോപിനാഥ്, എം.കെ.രാജീവ്, വി.അബൂബക്കര്‍, കെ.ദേവകി, ഹുസൂര്‍ശിരസ്തദാര്‍ ടി.പി. അബ്ദുള്‍ ഹാരിസ്, റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികളായ ഇ.കെ. മനോജ്, പി.എ. പ്രേം എന്നിവര്‍ നേതൃത്വം നല്‍കി.
ആകെ 49 വീടുകളാണ് പൂത്തക്കൊല്ലിയില്‍ പ്രളയ നിര്‍മ്മാണത്തില്‍ പൂര്‍ത്തിയാകുന്നത്. അവസാനഘട്ട ഒരുക്കങ്ങള്‍ക്ക് മുന്നെയാണ് പഴവര്‍ഗ്ഗ ചെടികളും ഇവിടെ നടാനുള്ള തീരുമാനവുമായി കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബ്ബ് എത്തുന്നത്. ഒരു വീട്ടില്‍ നാലിനം വൃക്ഷത്തൈകള്‍ എന്ന നിലയിലാണ് തൈകള്‍ വിഭജിച്ച് നട്ടത്. കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലിയില്‍ പുത്തുമല ദുരന്തഭൂമിയിലെ അന്തേവാസികള്‍ക്കായി 52 വീടുകള്‍ക്കാണ് സ്ഥലം കണ്ടെത്തിയത്. മാതൃഭൂമി സ്‌നേഹഭൂമി പദ്ധതിയിലൂടെ വാങ്ങി നല്‍കിയ ഏഴേക്കര്‍ ഭൂമിയിലാണ് ഹര്‍ഷം എന്ന പേരില്‍ പുനരധിവാസ പദ്ധതി ഒരുങ്ങിയത്. വിവിധ ഗ്രൂപ്പുകള്‍, കമ്പനികള്‍, സന്നദ്ധ സഹയ സംഘടനകള്‍, കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികല്‍ എന്നിവരുടെ സഹായത്തോടെയാണ് പൂത്തക്കൊല്ലിയില്‍ ഹര്‍ഷം പൂര്‍ത്തിയാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ പുനരധിവാസ പദ്ധതിയില്‍ വീടൊന്നിന് നാലു ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു. വീടിനൊപ്പം അങ്കണവാടി, ആരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റിഹാള്‍, കുടിവെള്ളപദ്ധതി, മാലിന്യ സംസ്‌കരണപ്ലാന്റ്, റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. എളമരം കരീം എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അഞ്ചുകോടി രൂപയും ഇതിനായി വകയിരുത്തിയിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.