കരുതൽ മേഖലയിൽ ഇനി ഉപഗ്രഹ സർവ്വേയും നേരിട്ടുള്ള കണക്കെടുപ്പും :49,330 കെട്ടിടങ്ങൾ വിശദ വിവരങ്ങൾ ശേഖരിക്കും

റിപ്പോർട്ട് : സി.ഡി. സുനീഷ്…….
വയനാട്: വായനാട്ടിലടക്കമുള്ള കരുതൽ മേഖലയിൽ ഇനി
വിശദമായ വിവരങ്ങൾക്ക് ഉപഗ്രഹ സർവ്വേ നടത്താൻ ഒരുങ്ങി സർക്കാർ.
കേരളത്തിലെ 23 സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ് / ബഫർ സോൺ) ആക്കിയാൽ ബാധിക്കുക 49,330 കെട്ടിടങ്ങളെയെന്ന് ഉപഗ്രഹ സർവേപ്രകാരം റിപ്പോർട്ട്. വീടുകൾ, മത,വിദ്യാഭ്യാസ,വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. കൂടുതൽ കെട്ടിടങ്ങൾ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമാണ്–10,000. എറണാകുളം മംഗളവനം – 2400, പെരിയാർ – 5500, ഇടുക്കി – 4000 എന്നിങ്ങനെയാണു കണക്കെന്നും കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‍ആർഇസി) വനം വകുപ്പിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നേരിട്ടു പരിശോധന നടത്തിയാൽ കെട്ടിടങ്ങളുടെ എണ്ണം 60,000 – 70,000 ആകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ഉപഗ്രഹ സർവേയിൽ ജനവാസമേഖലകൾ കൃത്യമായി നിർണയിക്കാനായിട്ടില്ല. ബഹുനില മന്ദിരങ്ങളുടെ വിവരങ്ങൾ മാത്രമാണ് ലഭിച്ചത്. ഓലമേഞ്ഞതും മറ്റുമായ വീടുകളെക്കുറിച്ചു വിവരം ലഭിച്ചില്ല. ചിത്രങ്ങളിലെ വ്യക്തതക്കുറവും ജനവാസമേഖല തിരിച്ചറിയാൻ തടസ്സമായി. സർവേ അപൂർണമാണെന്നു ബോധ്യപ്പെട്ടതോടെയാണ് നേരിട്ടുള്ള പരിശോധനയ്ക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ധൃതിപിടിച്ചു വനം വകുപ്പ് തയാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ പ്രതികൂലമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നേരിട്ടുള്ള സർവേക്കായി ചീഫ് സെക്രട്ടറി ഈയാഴ്ച വിദഗ്ധ സമിതിയെ നിയോഗിക്കും. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീം കോടതിക്ക് ഉടൻ കൈമാറണോ, അതോ നേരിട്ടുള്ള സർവേ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി നൽകണോയെന്ന് ഉടൻ തീരുമാനിക്കും. സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരും. നേരിട്ടുളള സർവേയുടെ റിപ്പോർട്ട് കൂടി സമർപ്പിക്കാൻ കോടതിയോട് സാവകാശം ചോദിക്കാൻ ആലോചനയുണ്ട്.
സുപ്രീം കോടതി പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.



Leave a Reply