രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും രാഹുല്‍ഗാന്ധിക്കെതിരെ കുപ്രചരണം നടത്തുന്നതും ബിജെപിയെ പ്രീതിപ്പെടുത്താന്‍ :എന്‍ ഡി അപ്പച്ചന്‍

കൽപ്പറ്റ : സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും രാഹുല്‍ഗാന്ധിക്കെതിരെ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രീതിപ്പെടുത്താനാണെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍. നെഹ്‌റു ട്രോഫി വള്ളം കളിക്ക് അമിത്ഷായെ ക്ഷണിച്ചതും ഈ ഹീന തന്ത്രത്തിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി നേരിടുന്ന എസ്എന്‍സി ലാവ്‌ലിന്‍,സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയെ വരെ ആക്രമിക്കുന്ന ആളുകളാണ് തങ്ങളെന്ന് വരുത്തിത്തീര്‍ത്ത് ബിജെപിയുടെ പ്രീതി പിടിച്ചുപറ്റാന്‍ ആണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ പോലീസ് അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് ഗാന്ധിചിത്രം തകര്‍ത്ത് തങ്ങളല്ല എന്ന പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രിയെ തിരുത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലീസിന് സാധിച്ചിട്ടില്ല. പകരം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ഏറ്റെടുക്കുകയാണ് കല്‍പ്പറ്റ പോലീസ് ചെയ്തത്.അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനോ മൊഴിയെടുക്കുന്നതിനോ തയ്യാറാകാത്ത പോലീസ് അക്രമികള്‍ക്ക് സ്തുതി പാടുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.സിപിഎം, എസ്എഫ്‌ഐ ഗുണ്ടകളുടെ നേതൃത്വത്തില് എംപി ഓഫീസ് ആക്രമിക്കുകയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഫോട്ടോ അടിച്ചുതകര്ക്കുകയും എം പി ഓഫീസിലെ സ്റ്റാഫിനെ മര്ദ്ദിക്കുകയും ഓഫീസിലെ സാധനസാമഗ്രികള് നശിപ്പിക്കുകയും ചെയ്തതില് യഥാര്ത്ഥ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകരെ നിയമത്തിനു മുന്നില് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കല്പ്പറ്റ, വൈത്തിരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില് നാല്, അഞ്ച് തിയ്യതികളിലായി നടക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം കല്‍പ്പറ്റ മുണ്ടേരിയില്‍ വെച്ച് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഫോട്ടോ തകര്ത്തത് കോണ്ഗ്രസ് പ്രവര്ത്തകരാണ് എന്ന് ആരോപിച്ചു രാഹുല്ഗാന്ധി എം പിയുടെ പി എ ഉള്‌പ്പെടെയുള്ളവരെ കള്ളക്കേസില് കുടുക്കി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേയും, യഥാര്ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില് കൊണ്ടുവരണമെന്നാവശ്യ പ്പെട്ടുകൊണ്ടും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വക്കേറ്റ് സിദ്ദിഖിന്റെ ജനകീയ സ്വീകാര്യതയിൽ വിറളിപൂണ്ട് സിപിഐഎം നടത്തുന്ന നുണപ്രചരണങ്ങൾ ജനമദ്ധ്യത്തിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയുമാണ് ജാഥ സംഘടിപ്പിക്കുന്നത്. പി പി ആലി. മാണി ഫ്രാൻസിസ് എന്നിവര് ജാഥ ക്യാപ്റ്റന്മാരും ടി ജെ ഐസക് ജാഥ കോര്ഡിനേറ്ററും ആണ്.ജാഥ അഞ്ചാം തീയതി വൈകുന്നേരം ആറുമണിക്ക് വൈത്തിരിയില് സമാപിക്കും. സമാപന സമ്മേളനം രാജ്‌മോഹന് ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചടങ്ങില്‍ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി. അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ, കെ കെ അബ്രഹാം, പി പി ആലി, മാണി ഫ്രാന്‍സിസ്, ടി ജെ ഐസക്, വി എ മജീദ്,എം എ ജോസഫ്, സംഷാദ് മരക്കാര്‍, ഗോകുല്‍ദാസ് കോട്ടയില്‍,സി ജയപ്രസാദ്, പി കെ അബ്ദുറഹ്മാന്‍, ജി .വിജയമ്മ ടീച്ചര്‍, കെ .ശോഭനകുമാരി,കെ . പോള്‍സണ്‍ കൂവക്കല്‍, കെ കെ രാജേന്ദ്രന്‍,കെ . ഹര്‍ഷല്‍ കോണാടന്‍, എസ് മണി തുടങ്ങിയവര്‍ പ്രസംഗിച്ചു



Leave a Reply