March 29, 2024

ഓണം വാരാഘോഷ നിറവിൽ പഴശ്ശി പാർക്ക്

0
Img 20220908 100612.jpg
മാനന്തവാടി  : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിൻ്റെ രണ്ടാം ദിനം നയന മനോഹരമായ പരിപാടികളാൽ ശ്രദ്ധേയമായി. മാനന്തവാടിയിലെ പഴശ്ശി പാർക്കിൽ രണ്ട് ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയത്. ആക്ഷേപ ഹാസ്യത്തിൻ്റെ മേമ്പൊടി ചാലിച്ച് കലാമണ്ഡലം അബിജോഷ് അവതരിപ്പിച്ച ചാക്യാര്‍ക്കൂത്തോടെയാണ് പഴശി പാർക്കിലെ ഓണം വാരാഘോഷത്തിൻ്റെ രണ്ടാം ദിനം ആരംഭിച്ചത്. തുടർന്ന് കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകത്തെ ഉണർത്തി മാനന്തവാടി സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര സദസ്സിന് ഇരട്ടി മധുരം സമ്മാനിച്ചു. ഓണാഘോഷത്തിൽ പങ്കെടുത്തവരെ സംഗീതത്തിൻ്റെ ലോകത്ത് ആറാടിച്ച് കല്‍പ്പറ്റ സിംഗേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയോടെയാണ് രണ്ടാം ദിനത്തിലെ കലാവിരുന്നിന് തിരശ്ശീല വീണത്. പഴശ്ശി പാർക്കിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കും ഓണം വാരാഘോഷം നവ്യാനുഭൂതിയാണ് നൽകിയത്. ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സപ്തംബർ 6 മുതൽ 11 വരെ ജില്ലയിലെ 3 കേന്ദ്രങ്ങളിലായിട്ടാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ മുന്നാം ദിവസമായ ഇന്ന് (വ്യാഴം) വൈകുന്നേരം ബത്തേരി ടൗൺ സ്ക്വയറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ അണിയിച്ചൊരുക്കി ഭാരത് ഭവൻ സാംസ്ക്കാരിക വകുപ്പ് അവതരിപ്പിക്കുന്ന ഇന്ത്യൻ വസന്തോത്സവം, സെൻ ഹ സിദ്ധിഖ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് എന്നിവ നടക്കും.
 വാരാഘോഷത്തിന്റെ സമാപന സമ്മേളനം സെപ്റ്റംബര്‍ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *