നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

വൈത്തിരി: നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. അസംസ്‌കൃത സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം നിര്‍മാണ രംഗത്തെ തളര്‍ത്തുകയാണ്. വായ്പ തരപ്പെടുത്തി വീട്, കെട്ടിട നിര്‍മാണം തുടങ്ങിയ പ്രവൃത്തി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന അങ്കലാപ്പിലാണ്. സിമന്റ് അധിഷ്ഠിത ചെറുകിട വ്യവസായങ്ങളെയും വിലക്കയറ്റം ബാധിച്ചു. ഒരു വര്‍ഷത്തിനിടെ 30-80 ശതമാനം വിലക്കയറ്റമാണ് നിര്‍മാണ സാമഗ്രികള്‍ക്കു ഉണ്ടായത്. ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റവും സാധാരണക്കാര്‍ക്ക് ഇരുട്ടിയാവുകയാണ്. സിമന്റ് കഴിഞ്ഞവര്‍ഷം ചാക്കിനു 375 രൂപയായിരുന്നു വില. ഇപ്പോഴത് 435 രൂപയാണ്.
കമ്പി കിലോഗ്രാമിനു 49.50 രൂപയായിരുന്നത് 79 രൂപയിലെത്തി. ടൈലുകള്‍, പുച്ചട്ടികള്‍ എന്നിവയില്‍ അടിക്കുന്ന ഓക്‌സൈഡിന്റെ വില 81 രൂപയില്‍നിന്നു 127 രൂപയായി ഉയര്‍ന്നു. പോളിഷ് വില 136 രൂപയായിരുന്നത് 225 രൂപയായി. സിമന്റ് കട്ട, കട്ടില, ജനല്‍, ടൈല്‍ എന്നിവയുടെ നിര്‍മാണത്തിനു ഉപയോഗിക്കുന്ന പാറപ്പൊടി, ചിപ്‌സ്, മെറ്റല്‍ എന്നിവയുടെ വിലയിലും ഒരു വര്‍ഷത്തിനിടെ വലിയ വര്‍ധന ഉണ്ടായി. ഒരടി പാറപ്പൊടിക്ക് 37 രൂപയായിരുന്നത് 43 രൂപയായി. ചിപ്‌സ് വില 39 രൂപയില്‍നിന്നു 48 രൂപയായും മെറ്റല്‍ 40 രൂപയില്‍നിന്നു 44 രൂപയായും വര്‍ധിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ നിര്‍മാണ മേഖല തിരിച്ചുവരുന്നതിനിടെയാണ് സാമഗ്രികളുടെ വില കുത്തനെ കൂടിയത്. നിര്‍മാണരംഗത്തെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. വിലക്കയറ്റം നിയന്ത്രിച്ച് നിര്‍മാണ മേഖലയെ സംരക്ഷിക്കണമെന്നാണ് ചെറുകിട വ്യവസായികളടക്കമുള്ളവരുടെ ആവശ്യം. സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കില്‍ അനേകം ആളുകളുടെ ഭവന സ്വപ്‌നം പൊലിയും.



Leave a Reply