തെരുവ് നായ ശല്യം: മുള്ളന്‍കൊല്ലിയില്‍ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ നായകളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. പഞ്ചായത്ത് പരിധിയിലെ മുപ്പത്തഞ്ചോളം കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലട, വെറ്റിനറി ജീവനക്കാരായ ജെയ്സണ്‍ തോമസ്, യു.പി ഇബ്രാഹിം, കെ.എസ് അനീഷ, പി.കെ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, പാടിച്ചിറ വെറ്ററിനറി ഡിസ്പെന്‍സറി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സജ്ജമാക്കിയത്. നായകളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുന്ന അവസരത്തില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ കൈപ്പറ്റണം. സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി നായകള്‍ക്കുളള ലൈസന്‍സ് വാങ്ങണം. ലൈസന്‍സില്ലാത്ത നായകളെ പഞ്ചായത്ത് പരിധിയില്‍ വളര്‍ത്താന്‍ അനുവദിക്കില്ല. അല്ലാത്തപക്ഷം ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായ് സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര പേവിഷ പ്രതിരോധ പദ്ധതിയായ പേവിഷ വിമുക്ത കേരളത്തിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.



Leave a Reply