April 19, 2024

സിവില്‍ സര്‍വ്വീസെന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി നാടൊന്നിച്ചു . ആവേശമായി ഇമ്പശേഖരന്റെ ജീവിതകഥ

0
Ias

 സിവില്‍ സര്‍വ്വീസെന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി  നാടൊന്നിച്ചു .                       
ആവേശമായി ഇമ്പശേഖരന്റെ ജീവിതകഥ


സുൽത്താൻ ബത്തേരി:: ലങ്കയിലെ വംശീയ കലാപത്തില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ മാതാപിതാക്കളുടെ കൂടെ,  പട്ടിണി കിടന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ഐ.എ.എസ് നേടിയെടുത്ത നീലഗിരിക്കാരന്‍ ഇമ്പശേഖരന്റെ ജീവിതമാണ് പ്രദേശത്ത് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍സര്‍വ്വീസ് സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ താളൂര്‍ നിവാസികള്‍ക്ക് പ്രേരണയായത്.

സഹായവുമായി നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും തമിഴ്‌നാട്ടിലെ സിവില്‍സര്‍വ്വീസ് പരിശീലന രംഗത്തെ തലതൊട്ടപ്പന്‍മാരിലൊരാളായ പ്രൊഫ. ഡോ എം പത്മനാഭന്റെ പിന്തുണയുമായതോടെ സ്വപ്‌നത്തിന് ശിലപാകി. നീലഗിരി കോളജിലാണ് സിവില്‍സര്‍വ്വീസ് പഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി, ഓരോ വിദ്യാര്‍ത്ഥിയുടെയും അഭിരുചിക്കനുസൃതമായി ചിട്ടയായ പരിശീലനം ഉറപ്പുവരുത്തുകയാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമാക്കുന്നത്. 

സ്വന്തം പ്രദേശത്തോടും സമൂഹത്തോടും ആഭിമുഖ്യമുള്ള ഉന്നത ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുന്നതിലൂടെ മാത്രമേ ഗ്രാമപ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു ഉന്നമനത്തിന് തുടക്കമിട്ടതെന്ന് കോളേജ് സെക്രട്ടറി റാഷിദ് ഗസ്സാലി പറഞ്ഞു. നഗരകേന്ദ്രീകൃത വികസന നയങ്ങളുടെ വിഴുപ്പുചുമക്കുന്നവരായി ഗ്രാമപ്രദേശങ്ങള്‍ മാറുന്ന സാഹചര്യത്തിന് അറുതിവരുത്താന്‍ ഭരണനിര്‍വ്വഹണ രംഗത്ത് തദ്ദേശവാസികളുടെ ഇടപെടല്‍ കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകളുടെ ഉപദേശകസമിതി അംഗവും ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി ഐഎഎസ് അക്കാദമി ഡയരക്ടറുമായ പ്രൊഫ.ഡോ എം പത്മനാഭന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശവാസികളുടെ താല്‍പര്യം കണക്കിലെടുത്ത് അക്കാദമിയുടെ ഓഫ് ക്യാംപസ് കോളേജില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം രചിച്ച സിവില്‍സര്‍വ്വീസ് പഠന സഹായിയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം ദുരൈ അധ്യക്ഷത വഹിച്ചു. അണ്ണാ അക്കാദമി ഫാക്കല്‍റ്റി ഡോ. അരുണ്‍കുമാര്‍ ക്ലാസെടുത്തു. ധന്യ സി മത്തായി, സൗമ്യ പി ബി, രഞ്ജിത്ത്, ഉമര്‍ പി എം തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *