April 25, 2024

വെറുതെയല്ല എം.എൽ.എ.: മുസ്‌ലിം യൂത്ത്‌ലീഗിനു രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ

0
Img 20180210 125524
കല്‍പ്പറ്റ: മുസ്‌ലിം യൂത്ത്‌ലീഗിനു രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി  'കല്‍പ്പറ്റയില്‍ വെറുതെ ഒരു എംഎല്‍എ' എന്ന മുദ്രാവാക്യവുമായി നടത്തിയ വികസന പിന്നാക്കയാത്ര ഇതിനു  ഉദാഹരണമാണെന്നും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
മണ്ഡലത്തിലെ വികസനം സംബന്ധിച്ച് ചിലര്‍ കുപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. നിയമസഭാംഗം എന്ന നിലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നിയോജകമണ്ഡലത്തില്‍ നടത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ 438.347 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതിയായത്.  ഇതിലുളള വിറളിയാണ് കള്ളം പ്രചരിപ്പിക്കാന്‍ യൂത്ത് ലീഗിനെയും മറ്റും പ്രേരിപ്പിക്കുന്നത്. യാഥാര്‍ഥ്യം മറച്ചുപിടിക്കുന്നവര്‍ യുഡിഎഫ് ഭരണകാലത്ത് മണ്ഡലത്തിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാനും ബാധ്യസ്ഥരാണ്. 
മണ്ഡലത്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ പത്തു വര്‍ഷം മാത്രമാണ് ഇടതുപക്ഷത്തുള്ളവര്‍ എംഎല്‍എ പദവിയില്‍ ഉണ്ടായിരുന്നത്. കല്‍പ്പറ്റയിലും ജില്ലയില്‍ത്തന്നെയും ശ്രദ്ധേയമായ വികസനം നടന്നത് സംസ്ഥാനം ഇടതുമുന്നണി ഭരിച്ചപ്പോഴാണ്. കല്‍പ്പറ്റ ഗവ.കോളജ്, ഐടിഐ, മേപ്പാടി പോളിടെക്‌നിക് കോളജ്, പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. 
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കല്‍പ്പറ്റയില്‍ ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങളാണ് ഉണ്ടായത്. യുഡിഎഫ് ഭരണകാലത്ത് കല്‍പ്പറ്റ ഗവ.ആശുപത്രിയില്‍ 12 ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 31 ഡോക്ടര്‍മാരുണ്ട്. കൈനാട്ടിയിലേക്ക് മാറ്റിസ്ഥാപിച്ച ജനറല്‍ ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സയാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. വൈത്തിരി താലൂക്ക് ആശുപത്രിയിലെ  പൂട്ടിക്കിടന്നിരുന്ന ലേബര്‍ റൂം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. 
കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായത്. ഇതിനു മാറ്റം വരുത്താന്‍ ഇടതു സര്‍ക്കാരിനു സാധിച്ചു. കാരാപ്പുഴ അണയുടെ ഇടതുകര കനാലിലൂടെ 15 കിലോമീറ്ററും വലതുകര കനാലിലൂടെ 22.2 കിലോമീറ്ററും ദൂരത്തില്‍ ഇപ്പോള്‍ വെള്ളം എത്തുന്നുണ്ട്. അണക്കെട്ടിന്റെ പ്രയോജനം കൂടുതല്‍ പ്രദേശങ്ങളിലെത്തിക്കാന്‍ ശ്രമം നടന്നുവരികയാണ്. ജില്ലയിലെ മികച്ച പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി  മാറുകയാണ് കാരാപ്പുഴ.  
കല്‍പ്പറ്റ ഗവ. കോളജില്‍ എംഎ ഇക്കണോമിക്‌സ്, എംസിജെ കോഴ്‌സുകള്‍ അനുവദിച്ചത് ഈ സര്‍ക്കാരാണ്. ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ള 241 പേര്‍ക്ക് മെന്റര്‍ അധ്യാപകരായി നിയമനം നല്‍കി. വിദ്യാലയങ്ങളില്‍നിന്നുള്ള ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക്  ഒരളവോളം തടയാന്‍ ഇത് ഉതകി. ഗോത്രസാരഥി പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുടിശിക പൂര്‍ണമായും തീര്‍ത്തു. കാര്‍ഷിക മേഖലയില്‍ സമാശ്വാസധനം കുടിശികയില്ല. 
വിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം, മലയോര ഹൈവേ, തുരങ്കപ്പാത, ചുരം ബദല്‍ റോഡ്, എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം തുടങ്ങിയവയുമായി  ബന്ധപ്പെട്ട നടപടികള്‍ പുരോഗതിയിലാണ്. മണ്ഡലത്തിലെ നിരവധി റോഡുകള്‍  ഈ സര്‍ക്കാരിന്റെ കാലത്ത് നവീകരിച്ചു. ഭൂമിയുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനു കല്‍പ്പറ്റയില്‍ അദലാത്ത് നടത്തി. 639 പേര്‍ പങ്കെടുത്തതില്‍ 231 പേരുടെ പ്രശ്‌നത്തിനു പരിഹാരമായി. എച്ച്എംഎല്‍ ഭൂമിയിലെ മൂവായിരത്തോളം വരുന്ന കൈവശ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണ്. സംയുക്ത സര്‍വേ പൂര്‍ത്തിയായി. മേപ്പാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു ശ്രമം പുരോഗതിയിലാണ്. പ്ലാന്റിനുള്ള സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണെന്നും എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ്  നേതാക്കളായ വി.പി. ശങ്കരന്‍ നമ്പ്യാര്‍(സിപിഎം), സി.കെ. ശിവരാമന്‍ (എന്‍സിപി), ജോസഫ് മാത്യു(ജനതാദള്‍-എസ്), കെ.ടി. ശ്രീധരന്‍(കോണ്‍ഗ്രസ്-എസ്) എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *