ഐ.ടി.ഐ ഹരിത ക്യാമ്പസ് പ്രഖ്യാപനം 30 ന്
ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ നടപ്പിലാക്കി സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകള്‍ ഹരിത ക്യാമ്പസുകളാകുന്നു. ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 12 ന്എക്സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കും. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിക്കും. ഐ.ടി.ഐ ഹരിത ക്യാമ്പസ് പദവി കൈവരിച്ച സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്ര സമര്‍പ്പണവും നടക്കും. ജില്ലയില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അനുമോദന പത്രം കൈമാറും.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഐ.ടി.ഐ ഹരിത ക്യാമ്പസ് പദ്ധതി പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ കല്‍പ്പറ്റ ഗവ. ഐ.ടി.ഐയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിനും അജൈവമാലിന്യ ശേഖരണത്തിനുമായി തുമ്പൂര്‍ മുഴി എയ്റോബിക് ബിന്‍ കമ്പോസ്റ്റ് , മിനി എം.സി.എഫ് സ്ഥാപിക്കല്‍, നാപ്കിന്‍ വെന്‍ഡിംഗ് ആന്റ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കല്‍ , ഉദ്യാന നവീകരണം , കിണര്‍ റീച്ചാര്‍ജിംഗ് , സോളാര്‍ പാനല്‍ എന്നിവയാണ് പൂര്‍ത്തീകരിച്ച പദ്ധതികള്‍. ഓരോ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ നിശ്ചയിച്ചിട്ടുണ്ട്. അവരുടെ മേല്‍നോട്ടത്തിലാണ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഐ.ടി.ഐയില്‍ നടത്തിയത്.
മുന്‍വര്‍ഷങ്ങളില്‍ നേരിട്ട മഹാപ്രളയത്തില്‍പ്പെട്ട നിരവധി പേരുടെ കേടുപാടുകള്‍ വന്ന വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി നല്‍കാന്‍ രംഗത്തിറങ്ങിയ സംസ്ഥാനത്തെ ഐ.ടി.ഐകളിലെ അധ്യാപക -വിദ്യാര്‍ത്ഥി കൂട്ടായ്മയായ നൈപുണ്യ കര്‍മ്മസേനയുടെ തുടര്‍ച്ചയാണ് ഐ.ടി.ഐ ഹരിതക്യാമ്പസ്. ഓരോ ചുറ്റുവട്ടവും പ്രകൃതി സൗഹൃദമാക്കാനും പ്രകൃതി പുനസ്ഥാപനത്തിന് സാധ്യമായതൊക്കെ ചെയ്യാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഫലമായ ശ്രമമാണിത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഐ.ടി.ഐകളെയും മറ്റ് കലാലയങ്ങളെയും ഉള്‍പ്പെടുത്തി ഹരിതക്യാമ്പസ് പദ്ധതി വിപുലമാക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. www.facebook.com/harithakeralamission ഫേസ്ബുക്കില്‍ ചടങ്ങുകളുടെ ലൈവ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Leave a Reply