മാനന്തവാടി ബസ് സ്റ്റാൻഡ് അന്തർസംസ്ഥാന നിലവാരത്തിലേക്ക് നവീകരിക്കും : സി.കെ രത്നവല്ലി


Ad
1990കൾ മുതൽ തന്നെ ചർച്ചയിലും കടലാസിലും മാത്രം ഒതുങ്ങുന്നതാണ് മാനന്തവാടി നഗര വികസനം.മാനന്തവാടി നഗരസഭ നിലവിൽ വന്നിട്ട് തന്നെ ഇത് രണ്ടാമത്തെ ഭരണസമിതിയാണ്.നഗരസഭാ വികസനത്തിന്റെ വിവിധ മുഖങ്ങളെ കുറിച്ച് മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സി കെ  രത്നവല്ലി ന്യൂസ് വയനാടിനോട് സംസാരിക്കുന്നു.
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
❓മാനന്തവാടി ഒട്ടനവധി പൈതൃക കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു നഗരസഭയാണ്. ഇവയുടെ സംരക്ഷണത്തിനുള്ള നടപടികൾ എന്താണ് സ്വീകരിച്ചിട്ടുള്ളത് ?
🌐 പ്രധാനമായും പഴശ്ശികുടീരം. അവിടെയുള്ള കാര്യങ്ങൾ പൂർവികരായി തന്നെ ആചരിച്ചു പോരുന്ന ചിലത് ഉൾക്കൊള്ളുന്നതാണ് .ആചരിക്കുന്നവ സംരക്ഷിച്ചു കൊണ്ടും നവീകരിക്കാൻ ഉള്ളവ നവീകരിച്ചു കൊണ്ടും ഇത്തരം പൈതൃക സ്വത്തുക്കളെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊണ്ടു വരുന്നു. എന്തുവിലകൊടുത്തും അവ സംരക്ഷിക്കുക തന്നെ ചെയ്യും.പഞ്ചവത്സര പദ്ധതി പോലെ ആയിട്ടാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുക. 
❓ നഗരസഭയുടെ അധികാരപരിധിയിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ജനങ്ങൾക്ക് പലപ്പോഴും അധികൃതരുടെ നിയമ വ്യവസ്ഥകൾ കാരണം  അപ്രാപ്യമായി തീരുന്നുണ്ട് . ഇതിനുള്ള പ്രതിവിധി കണ്ടിട്ടുണ്ടോ ?
🌐 പഴശ്ശികുടീരം , പഴശ്ശി വവ്വാൽ പാർക്ക് , കുറുവ ദ്വീപ് തുടങ്ങിയവയാണ് പ്രധാനമായും ടൂറിസ്റ്റ് കേന്ദ്രം ആയി മാനന്തവാടിയിൽ നിലവിൽ ഉള്ളത്. കുറുവ ദ്വീപിലെ നിരോധനങ്ങൾ ,കടുത്ത നിയന്ത്രണങ്ങൾ എല്ലാം യഥാവിധി നീക്കം  ചെയ്ത് സഞ്ചാരികൾക്ക് ഉല്ലസിക്കാൻ ഉള്ള സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. കുറുവ ദ്വീപിൽ ഇപ്പോൾ വിനോദസഞ്ചാരികൾ യഥേഷ്ടം എത്തുന്നുണ്ട്.
❓നഗരസഭ വികസനം നഗരസഭാ പരിധിയിലെ ഗ്രാമീണ ഏരിയകളിൽ എത്തിപ്പെടുന്നില്ല എന്ന പരാതി ഉയരുന്നുണ്ടല്ലോ ? കൂടാതെ ടൗണിലെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും സമ്പൂർണം ആയിട്ടില്ല .ഒരു മുനിസിപ്പാലിറ്റി എന്നാൽ ഇങ്ങനെയൊക്കെ മതിയോ ? ഗ്രാമപഞ്ചായത്തുകൾ പോലും ഹൈടെക് ആകുന്ന കാലഘട്ടമല്ലേ ഇത് ?
🌐 മാനന്തവാടി ടൗണിൽ ഇതുവരെ സമ്പൂർണ്ണ സ്ട്രീറ്റ് ലൈറ്റ് സ്ഥാപനം നടന്നു കഴിഞ്ഞിട്ടില്ല . അതിനുള്ള നടപടികൾ സത്വരമായി ഉണ്ടാകുന്നതാണ് . ഇരുട്ട് ഇല്ലാത്ത മാനന്തവാടി എന്ന  ഒരു പദ്ധതി ഇപ്പോൾ അനൗൺസ് ചെയ്യപ്പെടാൻ പോകുന്നു. മാനന്തവാടി ടൗണിലെ ഓരോ ഇടങ്ങളിലും കൃത്യമായ അളവിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക വൈകുന്നേരമായാൽ ലൈറ്റുകൾ ഓൺ ചെയ്ത് ടൗണിനെ ഇരുട്ട് മുക്തം ആക്കുക എന്ന ഉദ്ദേശമാണ് നഗരസഭയ്ക്ക് ഉള്ളത്.ഇതോടുകൂടി വിവിധ സംസ്ഥാനങ്ങളിലേക്ക് ബസ് കാത്തുനിൽക്കുന്ന യാത്രികർ ആർക്കും ഒരു ഭയവും ഇല്ലാതെ മാനന്തവാടിയിൽ സുരക്ഷിതമായി നിലകൊള്ളാൻ സാധിക്കും. 
മാനന്തവാടി ടൗണിനോട്  ചേർന്നുള്ള രണ്ടോ മൂന്നോ ഡിവിഷൻ മാത്രമേ ഈ നഗരസഭയിൽ നഗര സ്വഭാവം ഉള്ളതായിട്ട് നിലവിലുള്ളൂ. മറ്റുള്ളതെല്ലാം ഗ്രാമ പ്രദേശങ്ങൾ തന്നെയാണ് . പയ്യമ്പള്ളി കൊയിലേരി മുതലായ ഭാഗങ്ങളിൽ നിന്ന്  മാനന്തവാടി മുൻസിപ്പാലിറ്റിയിൽ വന്നു പോകാൻ തന്നെ ഓരോ ഗുണഭോക്താക്കൾക്കും 80 രൂപയോളം ദിവസ ചെലവ് വരുന്നുണ്ട് . അത്രത്തോളം തന്നെ സമയനഷ്ടവും അവർക്ക് നിത്യ ജീവിതത്തിൽ നിന്ന് സംഭവിക്കുന്നുണ്ട് . ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനും പയ്യമ്പള്ളിയിൽ മാനന്തവാടി നഗരസഭയുടെ ഒരു ഉപസഭാ കെട്ടിടസമുച്ചയം അഥവാ സബ് ഓഫീസ് പണിയാൻ ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ പക്ഷേ അതിന് നഗരസഭയ്ക്ക് അവിടെ സ്വന്തമായിട്ടുള്ള ഭൂമി ഇല്ല . ആരെങ്കിലും പയ്യമ്പള്ളി ഭാഗത്ത് ഒരു 10 സെൻറ് സ്ഥലം സ്പോൺസർ ചെയ്യാൻ തയ്യാറാണെങ്കിൽ അവിടെ  എത്രയും പെട്ടെന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയുടെ സബ് ഓഫീസ് ബിൽഡിങ് പണിയുകയും മറ്റ് വികസനപ്രവർത്തനങ്ങളുടെ പയ്യമ്പള്ളി ഭാഗത്തുള്ള വികസന പ്രവർത്തനങ്ങളുടെ തുടർച്ച അവിടെത്തന്നെ  ക്രോഡീകരിക്കുകയും ചെയ്യും 
❓വർഷങ്ങളായി പരിഹരിക്കപ്പെടാത്ത മറ്റെന്ത് കാര്യങ്ങളെ കുറിച്ചാണ് വികസന സമിതിയിൽ ചർച്ച ഉയരുന്നത് ?
🌐 ഹൈന്ദവ വിഭാഗത്തിലെ സഹോദരങ്ങൾക്ക് ചൂട്ടക്കടവിൽ ഒരു പൊതു ശ്മശാനം വർഷങ്ങൾക്ക് മുമ്പേതന്നെ സ്ഥാപിതമായിട്ടുണ്ട്. ഇപ്പോൾ അവിടെ നിലവിൽ ഉള്ളത് മൃതശരീരങ്ങൾ വെറും മണ്ണിൽ മറവു ചെയ്യുന്നതുപോലെയുള്ള മൃത സംസ്ക്കാര  പരിപാടികളാണ്. 2018 – 19 വർഷങ്ങളിലെ പ്രളയകാലത്ത് ആ പ്രദേശത്ത് വെള്ളം കയറിയത് ആയി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീണ്ടും ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ ചൂട്ടക്കടവിലെ ആ മൃതശരീര സംസ്ക്കാര ഏരിയയിൽ ഫ്ലൈ ഓവർ പോലെയുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് അതിനുമുകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള മൃതശരീര സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ ഉടൻതന്നെ നടപടി ഉണ്ടാകുന്നതാണ്. 
❓വർഷങ്ങളായി നിലവിൽ ഇരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഇതുവരെ സമ്പൂർണ്ണ പരിഹാരം ആകാത്തതും ആയ കാര്യമാണ് മാനന്തവാടിയിലെ മാലിന്യസംസ്കരണം . ഈ നഗരസഭ സമിതിയുടെ ഭരണകാലത്തെങ്കിലും ഈ പ്രശ്നത്തിന്  ശാശ്വത പരിഹാരം  ലഭിക്കും എന്ന് പൊതുജനങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ ?
🌐ഏറ്റവും കൂടുതൽ പ്രയോരിറ്റി കൊടുക്കുന്ന വിഷയങ്ങളിൽ ഒന്ന് മാനന്തവാടി ടൗണിലെ മാലിന്യ നിർമാർജനം തന്നെയാണ് . മറ്റെല്ലാ നഗരസഭകളും ചെയ്യുന്നതു പോലെ തന്നെ ഇവിടെയും ജൈവം എന്നും അജൈവം എന്നും മാലിന്യങ്ങൾ തരംതിരിച്ച് യഥാവിധി സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗ്രീൻ കേരള മിഷൻ, ഹരിത കർമ്മ സേന മുതലായവരുടെ വിദഗ്ധ സേവനം ഇതിനായി പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട് .2016 മുതൽ അനുവദിക്കപ്പെട്ട ഫണ്ട് ഒട്ടുംതന്നെ ഉപയോഗിക്കപ്പെടാതെയും എന്നാൽ ലാപ്സ് ആകാതെയും അവിടെ കിടക്കുന്നുണ്ട് . ആ ഫണ്ട്  ആദ്യം യഥാവിധി ഉപയോഗിച്ച് ടൗണിലെ മാലിന്യസംസ്കരണത്തിന് ഉചിത നടപടി ഉണ്ടാകും.ശേഷം ആവശ്യമായ മറ്റു ഫണ്ടുകളും ഇതിന് ഉപയോഗിക്കും .
❓സമ്പൂർണ്ണ പാർപ്പിട പദ്ധതി എന്നൊക്കെ പറയുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ചു കൊടുക്കുന്ന വീടുകൾ കേവലം 650 സ്ക്വയർ ഫീറ്റിൽ താഴെയാണ് അളവ് . ഒരു സാമാന്യ കുടുംബത്തിന് താമസിക്കാൻ ഇത് പര്യാപ്തമാണെന്ന്  നിങ്ങളൊക്കെ വിശ്വസിക്കുന്നുണ്ടോ ? നിഷ്കർഷിച്ച അളവിൽ ഒരു അരയടിയെങ്കിലും കൂടിപ്പോയെങ്കിൽ ഇരട്ടിക്കിരട്ടി നികുതി ഈടാക്കുക എന്ന നടപടികളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീങ്ങുന്നുണ്ടല്ലോ ? ഇത് അത്ര ആരോഗ്യകരമായ പ്രവണതയാണ് എന്ന് തോന്നുന്നുണ്ടോ ?
🌐 നിലവിലെ വിഹിത വ്യവസ്ഥപ്രകാരം നാലു ലക്ഷം രൂപയാണ് ഒരു ഭവനത്തിനായി അനുവദിക്കപ്പെടുന്നത്. ഇപ്പോഴത്തെ കെട്ടിടനിർമാണ സാമഗ്രികളുടെ ചെലവും പണിക്കൂലിയും ഒക്കെ വെച്ചുനോക്കുമ്പോൾ ഒരു സാധാരണക്കാരന് ഈ തുക കൊണ്ട് പാർപ്പിടം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല . എങ്കിലും ഗവൺമെൻറ് സാധാരണക്കാർക്ക് മഴയും വെയിലും ഏൽക്കാതെ കയറിക്കിടക്കാൻ ഒരു ശാശ്വതമായ പരിഹാരം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് നല്ല കാര്യം തന്നെയല്ലേ ?
❓തൊണ്ണൂറുകൾ മുതൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണ് മാനന്തവാടി ബസ്റ്റാൻഡ് നിലവിലിരിക്കുന്ന അവസ്ഥ. ഒരു ഇൻറർ സ്റ്റേറ്റ് ബസ്റ്റാൻഡ് ആണ് കടലാസിലെ പ്രവർത്തന പ്രകാരം മാനന്തവാടി ബസ് സ്റ്റാൻഡ് .പക്ഷേ നിലവിലുള്ള അവസ്ഥ പ്രകാരം അതിന് ഒരു പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിലവാരം പോലുമില്ലല്ലോ ? മാനന്തവാടി മുനിസിപ്പാലിറ്റി നിലവിൽ വന്നിട്ട് തന്നെ ഇത് രണ്ടാമത്തെ ഭരണസമിതി ആണല്ലോ ? ബസ്റ്റാൻഡ് നവീകരണത്തിന് പദ്ധതികളൊന്നും ആയിട്ടില്ലേ ?
🌐 മാനന്തവാടി മുനിസിപ്പൽ ബസ്റ്റാൻഡ് ശോചനീയാവസ്ഥയിൽ ആണ് എന്ന കാര്യം സമ്മതിക്കുന്നു. അവിടെ ഇപ്പോൾ ജലസേചന സൗകര്യം പോലും തകരാറിലാണ് .വയറിങ് ഒക്കെ ഏകദേശം തകരാറിൽ ആയിട്ടുണ്ട് . മാനന്തവാടി നഗരസഭയിൽ നിലവിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് പ്രകാരം മാനന്തവാടി ബസ്റ്റാൻഡ് പൊളിച്ചു പണിയുക എന്ന തീരുമാനത്തിൽ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. അതിനുവേണ്ടി ഉചിതമായ ആയ സ്ഥാനം കണ്ടെത്തുകയും ടൈം ബൗണ്ട് ആയി ഒരു ഹൈടെക് ബസ് സ്റ്റാൻഡ് എന്ന മാനന്തവാടിയുടെ ചിരകാല സ്വപ്നത്തെ ഈ നഗരസഭ സാക്ഷാത്കരിക്കുക തന്നെ ചെയ്യും. അവിടെ ബസ് സ്റ്റാൻഡ് , ഷോപ്പിംഗ് കോംപ്ലക്സ് , വൃത്തിയുള്ള ഉള്ള ഹൈടെക് ശൗചാലയങ്ങൾ എല്ലാം നിലവിൽ വരിക തന്നെ ചെയ്യും.പക്ഷേ ഇതിന് ഏതാനും ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ പോരാ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവുക തന്നെ വേണം.
❓ടൗൺപ്ലാനിങ് ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു മേഖലയാണ് . മാനന്തവാടി ടൗണിലെ വ്യാപാരികൾ മിക്കവരും വയനാടിനു പുറത്തുനിന്ന് വ്യാപാരം ചെയ്യുന്നതിനുവേണ്ടി ഇവിടേക്ക് വന്നിട്ടുള്ളവരും വർഷങ്ങളോളമായി ഇടപാടുകൾ ചെയ്യുക വഴി  ഇവിടെ സ്വാധീനം കൈവരിച്ചിട്ടുള്ളവരും ആണ് . നഗരവികസനത്തിന് അവരിൽനിന്ന് എതിർപ്പു വന്നാൽ എങ്ങനെയാണ് അതിനെ അഭിമുഖീകരിക്കുക ?
🌐 ജീവിക്കാൻ ഇങ്ങോട്ട് വന്നവരെ ഓടിച്ചു വിടുക എന്ന ക്രൂരമായ നടപടിയൊന്നും ഈ നഗരസഭയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല . അവരുടെ വ്യാപാര അവകാശങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ കെട്ടിടങ്ങളുടെ ഫ്രണ്ടേജ് ഭാഗം അല്പാല്പം പൊളിച്ച് മാറ്റി  ജനപ്രിയം ആയിട്ടുള്ള ഒരു നഗരവികസനം ആണ് നഗരസഭ ഉദ്ദേശിക്കുന്നത്.
❓12 മീറ്റർ റോഡ് , റോഡിൻറെ ഇടതും വലതുമായി ഒന്നര മീറ്റർ വീതം നടപ്പാത ഇങ്ങനെയാണല്ലോ പുതിയ ഹൈവേ റൂൾ പ്രകാരം നഗരവികസനം സാധ്യമാകേണ്ടത് ? മാനന്തവാടിയിൽ അത് നടക്കും എന്ന് ഉറപ്പു പറയാൻ നിങ്ങളെ കൊണ്ട് സാധിക്കുമോ ?
🌐 പ്ലാനിങ് വിദഗ്ധരെയും വ്യാപാരികളെയും ജനപ്രതിനിധികളെയും മാധ്യമ പ്രവർത്തകരെയും എല്ലാം വിളിച്ചുകൂട്ടി ചർച്ച ചെയ്തു തീരുമാനിക്കുന്ന തരത്തിലുള്ള ഒരു ടൗൺ വികസനം മാത്രമേ ഇവിടെ തൽക്കാലം സാധ്യമാവുകയുള്ളൂ . പരമാവധി ആർക്കും പരാതി ഇല്ലാത്ത വിധത്തിൽ ആണ് നഗരവികസനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞ 15 മീറ്റർ നിലവിലെ അവസ്ഥയിൽ ലഭ്യമാകുമോ എന്നത് ചർച്ചകൾക്കുശേഷം തീരുമാനിക്കപ്പെടേണ്ട കാര്യമാണ് . എല്ലാവരുടെയും ഉപദേശം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യപടിയായി ഞങ്ങൾ ചെയ്യുവാൻ പോകുന്നത് . അതിനുശേഷം മറ്റുകാര്യങ്ങൾ നടപ്പിലാക്കാം. രാഷ്ട്രീയത്തിൻറെ അതിപ്രസരം എന്നതിലുപരിയായി എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
❓മാനന്തവാടിയിലെ ട്രാഫിക് കുരുക്ക് മുറുകിക്കൊണ്ടേയിരിക്കുന്നു . ടൗണിൽ പെട്ടുപോകുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാതെ പ്രശ്നത്തിൽ ആകുന്നു. രാവിലെയും വൈകുന്നേരവും ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നതുകൊണ്ട് ആംബുലൻസുകൾ അടക്കം കുടുങ്ങിപ്പോകുന്നു . നഗരസഭ  ഈ വിഷയം ചർച്ച ചെയ്യുന്നില്ലേ ?
🌐 ട്രാഫിക് കാര്യം ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക വികസനസമിതി ഈ ആഴ്ചയിൽ യോഗം ചേരുന്നുണ്ട് . ആ യോഗത്തിൽ ഉണ്ടാകുന്ന തീരുമാനപ്രകാരം മാനന്തവാടിയിലെ ട്രാഫിക്ക് കുരുക്ക് ക്ലിയർ ചെയ്ത്  എടുക്കുന്നതിനുള്ള ശാശ്വത പരിഹാരം കാണാൻ ആകുമെന്ന് തന്നെ ഞങ്ങൾ ഉറച്ച് വിശ്വസിക്കട്ടെ .
❓ മാനന്തവാടി സെൻറ് ജോസഫ് ഹോസ്പിറ്റലിൽ എത്തണമെങ്കിൽ ടൗണിലൂടെ കറങ്ങിയടിച്ച് പോകണം . ഏതെങ്കിലും പ്രത്യേക ഡോക്ടറെ കാണാൻ ബുക്ക് ചെയ്തു പോകുന്നവരാണ് എങ്കിൽ മാനന്തവാടി ട്രാഫിക് ബ്ലോക്കിൽ പെട്ട് രോഗം മൂർച്ഛിച്ച അവസ്ഥയിൽ ആണ് ആശുപത്രിയിൽ എത്തുന്നത്  . അതായത് മെയിൻ റോഡിൽ നിന്ന് 50 മീറ്റർ അപ്പുറത്തുള്ള സെൻറ് ജോസഫ് ഹോസ്പിറ്റലിൽ എത്തണമെങ്കിൽ ഒന്നരകിലോമീറ്റർ ചുറ്റിക്കറങ്ങി യാത്ര ചെയ്യണം  എന്നതു തന്നെ മാനന്തവാടി നഗരത്തിലെ ട്രാഫിക് തികച്ചും അശാസ്ത്രീയമാണ് എന്നതിൻറെ ഉദാഹരണം തന്നെയല്ലേ ?
🌐 ഇവിടെ എനിക്കൊന്നേ പറയാനുള്ളൂ . നിലവിൽ മാനന്തവാടി ട്രാഫിക് അഡ്വൈസറി ബോർഡ് ചെയർമാൻ ആയി അധികാരത്തിൽ ഉള്ളത് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ആയ ഞാൻ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ അറിവുള്ളവരുമായി ചർച്ച ചെയ്തശേഷം ജനോപകാരപ്രദമായ രീതിയിൽ പരിഹരിക്കാൻ സാധിക്കും എന്ന്  ഉറച്ചു വിശ്വസിക്കുന്നു.
❓പതിറ്റാണ്ടുകളായി മാനന്തവാടിയിൽ വ്യാപാരികൾക്ക് നിലവിലിരിക്കുന്ന ഒരു പ്രശ്നമാണ് ടൗണിലെ കുരങ്ങുശല്യം . ടൂറിസ്റ്റുകൾക്ക് കൗതുകം ആണെങ്കിലും മാനന്തവാടി യിലെ വ്യാപാരികൾക്ക് ഈ കുരങ്ങുകൾ വല്ലാത്ത ഉപദ്രവമാണ് ചെയ്യുന്നത്. കറണ്ട് കണക്ഷൻ വലിച്ചു പറിക്കുക, ജല വിതരണ സംവിധാനം തകരാറിൽ ആക്കുക തുടങ്ങി ഒട്ടേറെ ഉപദ്രവങ്ങൾ കുരങ്ങുകൾ മാനന്തവാടിയിൽ ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിച്ച ഒരു വ്യാപാര സ്ഥാപനത്തിൻറെ ബോർഡ് ഉദ്ഘാടന തലേന്ന് തന്നെ കുരങ്ങുകൾ നശിപ്പിച്ചതായും പരാതി വന്നിട്ടുണ്ട് . കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ ഉദ്ദേശിക്കുന്നില്ലേ ?
🌐  കാടിനുള്ളിൽ ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് കുരങ്ങുകൾ നഗരമധ്യത്തിലേക്ക് ഇറങ്ങുന്നത്.മാനന്തവാടി ഫോറസ്റ്റ് ഏരിയക്ക് അടുത്തുതന്നെയാണ് മാനന്തവാടി നഗരം ഉള്ളത് . വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഈ കാര്യം നഗരസഭ ഔദ്യോഗികമായി ചർച്ച ചെയ്തപ്പോൾ നഗരത്തിൽ കൂടുകൾ സ്ഥാപിച്ച് കുരങ്ങുകളെ  മാനന്തവാടിയിൽ നിന്നും നീക്കം ചെയ്യാം എന്ന അഭിപ്രായം അവർ പറഞ്ഞിട്ടുണ്ട്. പക്ഷേ കുരങ്ങുകൾ കൂട്ടമായി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന സ്വഭാവക്കാർ ആയതിനാൽ അടുത്ത കാട്ടിൽ കൊണ്ടു വിട്ടാലും വീണ്ടും ടൗണിൽ തന്നെ തിരികെ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുരങ്ങുകളുമായി സമരസപ്പെട്ട് വ്യാപാരി സുഹൃത്തുക്കൾ വ്യാപാരം ചെയ്യുക എന്നല്ലാതെ അവയെ ഉപദ്രവിക്കുക എന്ന രീതിയിലേക്ക്  ചിന്തിക്കാൻ പോലും നഗരസഭയ്ക്ക് സാധ്യമല്ല .
❓ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സ്ഥാപിതമായത് മാനന്തവാടി നഗരസഭയിൽ ആണ് . ഇപ്പോൾ അതിൻറെ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ മുന്നോട്ടുപോകുന്നു . മാനന്തവാടി നഗരസഭ ഈ വിഷയത്തിൽ ആരോഗ്യ വകുപ്പിനെ എത്രമാത്രം സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ട് ?
🌐 മാനന്തവാടി നഗരസഭ വയനാട് മെഡിക്കൽ കോളജ് വിഷയത്തിൽ ആരോഗ്യവകുപ്പിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു കഴിഞ്ഞതാണ് . വയനാട് മെഡിക്കൽ കോളേജിന് സ്ഥലം വേണമെങ്കിൽ  അതും മാനന്തവാടി നഗരസഭ കൊടുക്കാൻ തയ്യാറാണ്. മാനന്തവാടി നഗരസഭാ പരിധിയിൽ ജെസ്സി എസ്റ്റേറ്റുകാർ മിച്ചഭൂമി ഇനത്തിൽ വിട്ടുതന്ന ഒരു 60 ഏക്കർ സ്ഥലം മുൻസിപ്പാലിറ്റിയുടെ കൈവശം ഉണ്ട് . വേണമെങ്കിൽ ഈ ഭൂമിതന്നെ വയനാട് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കാൻ നഗരസഭയ്ക്ക് യാതൊരു പ്രശ്നവുമില്ല . ഈ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ   അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ നഗരസഭ സന്നദ്ധമാണ് . ഏത് വിദഗ്ധ സമിതി പരിശോധിച്ചാലും  ഈ സ്ഥലം മെഡിക്കൽ കോളേജ് നിർമ്മാണത്തിന് 100% അനുയോജ്യമാണ് എന്ന് മാനന്തവാടി നഗരസഭ ഉറച്ചു വിശ്വസിക്കുന്നു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *