April 19, 2024

മാലിന്യ സംസ്‌കരണ രംഗത്ത് മികവ് തെളിയിച്ച് ജില്ലയിലെ 8 ‍തദ്ദേശസ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്.

0

കൽപ്പറ്റ:മാലിന്യ സംസ്‌കരണ രംഗത്ത് മികവ് തെളിയിച്ച് ജില്ലയിലെ 8 തദ്ദേശസ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്. പനമരം, നെന്‍മേനി, നൂല്‍പ്പുഴ, അമ്പലവയല്‍, തവിഞ്ഞാല്‍, വെളളമുണ്ട, തിരുനെല്ലി, കണിയാമ്പറ്റ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തില്‍ ശുചിത്വ പദവി നേടിയത്. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയിതീന്‍ ഓണ്‍ലൈന്‍ വഴിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ജില്ലയിലെ 25 പഞ്ചായത്തുകള്‍ ശുചിത്വ പദവിക്ക് അര്‍ഹരായി.

ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍,ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി പദ്ധതി എന്നിവ സംയുക്തമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റേയും, തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.
സംസ്ഥാന സര്‍ക്കാറിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമ പഞ്ചായത്തുകളേയും , 50 നഗരസഭകളേയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020 ഒകേടോബര്‍ 10 നു മുഖ്യമന്തി നിര്‍വ്വഹിച്ച ആദ്യഘട്ട പ്രഖ്യാപനത്തില്‍ സംസ്ഥാനത്ത് 589 തദ്ദേശ സ്ഥാപനങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ 202 തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വ പദവി ലഭിച്ചു.ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 17 തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ശുചിത്വ പദവി ലഭിച്ചത്.
ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക,അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക.അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക,പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക,സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ സ്ഥലങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്.
സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യപടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന ശുചിത്വപദവി .ഖരമാലിന്യത്തിന് പുറമെ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളുള്‍പ്പെടെ ശുചിത്വമാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാകുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലുടെ സംസ്ഥാനത്തിന്റെ 75 ശതമാനത്തിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ്‌ചെയര്‍ പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *