പതിറ്റാണ്ടുകളുടെ കാത്തിരിപ്പിൽ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്
പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് : ഇതുവരെയുള്ള പ്രവർത്തനങ്ങൾ – ഒരു വിശകലനം
*ജിത്തു തമ്പുരാൻ*
വയനാട്ടിലേക്കുള്ള പ്രധാന ചുരങ്ങൾ ഇടിഞ്ഞും മറ്റു പ്രശ്നങ്ങളിൽ പെട്ടും വയനാട്ടിൽ നിന്നും പുറത്തേക്കുള്ള യാത്ര മാർഗങ്ങൾ നിരന്തരം തടസ്സപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഈ അവസരത്തിലും രണ്ടര പതിറ്റാണ്ട് മുമ്പ് നിർമ്മാണ പ്രവർത്തനം ആരംഭിച്ച പൂഴിത്തോട് റോഡ് നിർമ്മാണം എങ്ങുമെത്താതെ കോടികൾ വിഴുങ്ങിക്കൊണ്ട് മുരടിച്ച അവസ്ഥയിൽ തന്നെ കിടക്കുകയാണ് . കോഴിക്കോട് ,വയനാട് ജില്ലകളിൽ മലയോര പ്രദേശങ്ങൾ എമ്പാടുമായി ഈ പാതയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന ഒട്ടനവധി പേർ കർമ്മസമിതികളുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ പലരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് , നാളിന്നുവരെ പൂഴിത്തോട് റോഡിന് വേണ്ടി എന്തൊക്കെ ഏതൊക്കെ വിധത്തിൽ വകയിരുത്തപ്പെട്ടു ? .
വയനാട് -കോഴിക്കോട് പൂഴിത്തോട് വഴി ബദൽ റോഡ് ഇതുവരെയുള്ള നാൾവഴികൾ താഴെ കൊടുക്കുന്നു ….വിവരങ്ങൾക്ക് കടപ്പാട് : കാപ്പിക്കളം കുറ്റ്യാം വയൽ കർമ്മ സമിതി പ്രവർത്തകരായ സർവ്വശ്രീ : ഓ ജെ ജോൺസൺ, കമൽ ജോസഫ് തുടങ്ങിയവർ .വിവരാവകാശ നിയമം വെച്ചാണ് ഇവർ ഇത് ശേഖരിച്ചത്
1) 1979 മുതൽ ബദൽ റോഡ് ചർച്ചകൾ ആരംഭിക്കുകയും പൂഴിത്തോട് ചുരം ബദൽ റോഡിനുവേണ്ടി സംസ്ഥാന മന്ത്രിസഭാ തലത്തിലുള്ള വിവിധ സർവേകൾ ആരംഭിക്കുകയും ചെയ്തു .
2) 1991 ൽ സർവ്വേ പൂർത്തിയായി… പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഏറ്റവും അനുയോജ്യവും അനിവാര്യവും ആയ റോഡ് ആയി അന്നത്തെ വിദഗ്ധസമിതി കണ്ടെത്തി.
3) 1992 ഓഗസ്റ്റ് 3 ന് കേരള പൊതുമരാമത്തു വകുപ്പ് റോഡിൻറെ ഔദ്യോഗിക പ്രവൃത്തി തുടങ്ങാൻ തീരുമാനിച്ചു .
4) 1992 ഡിസംബറിൽ റെവന്യൂ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വനഭൂമിക്കു പകരമായി നൽകുന്ന റെവന്യൂ ഭൂമിയുടെ കാര്യത്തിൽ തീരുമാനമായി.
5) 1993 ഫെബ്രുവരിയിൽ വയനാട് ചുരം ബദൽ പൂഴിത്തോട് റോഡിന് വേണ്ടിയുള്ള വടകര ഡിവിഷൻ ഓഫീസ് തുടങ്ങി .
6) 1993 ഓഗസ്റ്റ് 14 നു മുഖ്യമന്ത്രി കെ കരുണാകരന്റെ ചേംബറിൽ വനം വകുപ്പിന്റെ തടസങ്ങൾ നീക്കാൻ തീരുമാനിച്ചു
7) 1994 ജനുവരിയിൽ കേരള സർക്കാർ പൂഴിത്തോട് വയനാടൻ ചുരം ബദൽ റോഡിനുള്ള ഭരണാനുമതി നൽകി
8) GO Re No 95/94 PW and PT എന്ന ഫയൽ നാമത്തിൽ 1994 ജനുവരി 13 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആദ്യഗഡുവായി 960 ലക്ഷം രൂപ വകയിരുത്തി
9) 1994സെപ്റ്റംബറിൽ
പടിഞ്ഞാറത്തറയിൽ വെച്ച് കെ കരുണാകരൻ ,
പി കെ കെ ബാവ , കെ മുരളീധരൻ തുടങ്ങിയ നേതാക്കളുടെ മുഖ്യ സാന്നിധ്യത്തിൽ ചുരം ബദൽ റോഡിൻറെ തറക്കല്ലിടൽ കർമ്മം നടന്നു .
10) ആദ്യ കണക്കനുസരിച് നഷ്ടമാകുന്ന വനഭൂമി 20.995 ഹെക്റ്റർ ആണെന്ന് എന്ന് സർവ്വേ റിപ്പോർട്ടിലൂടെ വനം വകുപ്പിൻറെ വിലയിരുത്തൽ ഉണ്ടായി .
11) വനംവകുപ്പിന് നഷ്ടപ്പെടുന്ന 20.995 ഹെക്ടറിന് പകരം 52 ഏക്കർ റവന്യൂ ഭൂമി, വയനാട് ജില്ലയിൽ കാഞ്ഞിരങ്ങാട് വില്ലേജ് 33.5ഏക്കർ (സർവ്വേ നമ്പർ 1151)
തരിയോട് പഞ്ചായത്ത് സർവ്വേ നമ്പർ 684,685/1 ൽ പെട്ട 15 ഏക്കർ… എന്നിട്ടും തികയാഞ്ഞിട്ടു പടിഞ്ഞാറത്തറ പഞ്ചായത്ത് 4.23 ഏക്കർ ഭൂമി 88,0000 രൂപയ്ക്കു വിലക്കുവാങ്ങി നൽകി. സർവ്വേ നമ്പർ 610 ഡോക്യുമെൻറ് നമ്പർ 448/93
12) 2005 ൽ സംസ്ഥാന ഗവൺമെൻറ് പൂഴിത്തോട്പൂഴിത്തോട് ചുരം ബദൽ റോഡിനെ സംസ്ഥാന പാത 54 ആയിപ്രിഖ്യാപിച്ചു. പാതയുടെ വീതി 12 മീറ്റർ… വനത്തിലെ വീതി 15 മീറ്റർ ആയി മെച്ചപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനോടുകൂടിച്ചേർന്ന് ധാരണയായി
13) 2009 ൽ രാത്രികാല യാത്രാ നിരോധനം വന്നപ്പോൾ പൂഴിത്തോട് റോഡ് ബാംഗ്ലൂർ – കുട്ട -ഗോണിക്കുപ്പ – -മാനന്തവാടി – പടിഞ്ഞാറത്തറ – പൂഴിത്തോട് – കോഴിക്കോട് ദേശീയ പാത 33 നു ആയി പുതിയ നയരേഖ നിലവിൽ വന്നു.
14) 1/10/2013 മേൽപ്പറഞ്ഞ ബാംഗ്ലൂർ പടിഞ്ഞാറത്തറ കോഴിക്കോട് റോഡ് പ്രാവർത്തികമാക്കാൻ കർണാടക ഹൈക്കോടതി നിർദേശം പുറപ്പെടുവിച്ചു.
15) വടകര ചുരം റോഡ് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയറും പെരുവണ്ണമുഴി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് (21521/c2/93/F & WLD) പ്രകാരം ഈ പാത നിലവിൽ വന്നാൽ വനം-പരിസ്ഥിതി പ്രദേശത്ത് വലിയ ആഘാതങ്ങൾ ഉണ്ടാകുമെന്ന് തടസ്സവാദം ഉന്നയിച്ചു. ഏതാനും ചില ഉദ്യോഗസ്ഥരെ കാര്യമായ പാരിതോഷികം കൊടുത്തു പ്രീതിപ്പെടുത്തി ഇല്ല എന്ന കാരണമാണ് നെഗറ്റീവ് റിപ്പോർട്ട് പോകാൻ ഇടയാക്കിയത് എന്ന് ഡിപ്പാർട്ട്മെൻറിനുള്ളിൽ തന്നെ രഹസ്യ സംസാരം ഉണ്ട്
16) 2016 ഫെബ്രുവരി 2 PWD വയനാട് ചുരം റോഡ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ ബാബു ഈ വിഷയവുമായി ബന്ധപ്പെട്ട വനം, റെവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,നാട്ടുകാർ എന്നിവർ ചേർന്ന് ഒരു സർവേ കൂടി നടത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു . എങ്കിലും ആ ഉത്തരവ് ഇതുവരെ നടപ്പിലായിട്ടില്ല എന്ന് മാത്രമല്ല ഇപ്പോൾ നിലവിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് മേൽ വിഷയത്തിൽ ഒന്നുമറിയില്ല എന്ന നിലപാട് സ്വീകരിക്കുന്നത് വരെ കാര്യങ്ങൾ എത്തിച്ചേർന്ന കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ പ്രളയ സമയത്തും അല്ലാത്തപ്പോഴും എല്ലാം വയനാട് ചുരം ഇടിയുകയും വാഹന ഗതാഗതം അവിടെ തടസ്സപ്പെടുകയും ചെയ്യുന്നത് ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും നടക്കാത്ത തുരങ്കപാത എന്ന ആശയത്തിനു പിറകെയാണ് അധികാരപ്പെട്ട രാഷ്ട്രീയ പ്രതിനിധികൾ ഇപ്പോൾ പരക്കംപാഞ്ഞു കൊണ്ടിരിക്കുന്നത് . വനമധ്യത്തിൽ ഏതാനും ചില ഉദ്യോഗസ്ഥർ അനാവശ്യമായി തടസ്സപ്പെടുത്തിയ വെറും ഏഴര കിലോമീറ്റർ മാത്രം പണി പൂർത്തിയായാൽ വയനാട് കോഴിക്കോട് കോഴിക്കോട് ചുരം ബദൽ റോഡ് സമ്പൂർണ്ണ ഗതാഗതയോഗ്യമായ അവസ്ഥയിലെത്തും .കർമ്മ സമിതികൾ അവരുടെ സമരങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ആ പ്രദേശത്തുകാർ ചുരത്തിൽ ജീവൻ കുടുങ്ങിപ്പോകാതെ യാത്ര സാധ്യമാവുക എന്ന വലിയ ഒരു സ്വപ്നത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.





Leave a Reply