April 19, 2024

അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍;വിദ്യാലയങ്ങളില്‍ മണി മുഴങ്ങി,ആശങ്കകളില്ലാതെ ആദ്യ ദിനം

0
Img 20211101 175443.jpg
അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുതിയ പാഠങ്ങളുമായി ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മഹാമാരിയുടെ ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയമുറ്റത്ത് കുട്ടികളെത്തിയത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെല്ലാം ദുരീകരിച്ചാണ് കൃത്യമായ മുന്നൊരുക്കത്തോടെ വിദ്യാലയങ്ങള്‍ ഉണര്‍ന്നത്. നാടിനെ ഒറ്റപ്പെടുത്തിയ കോവിഡ് ഭീതിയെല്ലാം അകന്ന് ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് ആദ്യ ദിനത്തില്‍ ക്ലാസ്സുകള്‍ സജീവമായത്. മധുര വിതരണം നടത്തിയും വര്‍ണ്ണബലൂണുകളാല്‍ അലങ്കരിച്ചും വേറിട്ട പരിപാടികളോടെയുമായിരുന്നു ഓരോ വിദ്യാലയവും പ്രവേശനോത്സവം നാടിന്റെ ആഘോഷമാക്കി മാറ്റിയത്.
ജില്ലയില്‍ അഞ്ച് വിദ്യാലയങ്ങള്‍ ഒഴികെ എല്ലാ വിദ്യാലയങ്ങളും തുറന്നു. അധ്യാപകര്‍ക്ക് കോവിഡ്, കണ്ടൈന്‍മെന്റ് സോണ്‍ എന്നീ കാരണങ്ങളാലാണ് ജി.എല്‍.പി.എസ് മെച്ചന, ജി.എല്‍.പി.എസ് തേല്‍പ്പെട്ടി, എസ്.എ.എല്‍.പി എസ് വെണ്ണിയോട്, സി.എ.എല്‍.പി.എസ് കൈതക്കല്‍, ജി.എം.ആര്‍.എസ്. നല്ലൂര്‍നാട് പ്രൈമറി വിഭാഗം എന്നിവ തുറക്കുന്നത് മാറ്റിവെച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  ഈ വിദ്യാലയങ്ങളും താമസിയാതെ തുറക്കും.  ഓരോ ക്ലാസ്സിലും പരമാവധി ഇരുപത് കുട്ടികള്‍, ഒരു ബെഞ്ചില്‍ രണ്ടുപേര്‍  എന്ന തോതിലാണ് കുട്ടികളുടെ എണ്ണം ക്രമീകരിച്ചിട്ടുള്ളത്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഒരു ബാച്ചിന് ക്ലാസ്സുണ്ടാവുക. ബയോ ബബിള്‍ രീതിയില്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ വിദ്യാലയങ്ങള്‍  കര്‍ശനമായി പാലിക്കപ്പെടും. ആയിരം കുട്ടികളുള്ള  വിദ്യാലയങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം കുട്ടികളെയാണ് ഓരോ ബാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയിരത്തിന് മുകളില്‍ കുട്ടികളുള്ള വിദ്യാലയങ്ങളില്‍ വിദ്യാലയത്തിന്റെ ഭൗതീക സൗകര്യം അനുസരിച്ച് 50 ശതമാനം വിദ്യാര്‍ത്ഥികളെ വരെ ഉള്‍പ്പെടുത്താം. എട്ട്, ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ നവംബര്‍ 15 മുതലാണ് തുടങ്ങുക. അധ്യാപക രക്ഷകര്‍ത്തൃസമിതിയുടെയും, പൊതു വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവേശനോത്സവമാണ് ജില്ലയിലുട നീളം നടന്നത്. വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതഗതികള്‍ വിലയിരുത്തുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കിയിരുന്നു.
രാവിലെ ഒമ്പതര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് ആദ്യ രണ്ടാഴ്ച ജില്ലയിലെ വിദ്യാലയങ്ങളില്‍  ക്ലാസ്സുകള്‍ നടക്കുക. എല്ലാ ദിവസവും ശരീര ഊഷ്മാവ് പരിശോധിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിക്കുക. ഇതിനായി വിദ്യാലയങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളതും, കോവിഡ് സമ്പര്‍ക്കപ്പട്ടികയിലുള്ളതുമായ കുട്ടികള്‍ സ്‌കൂളുകളില്‍ എത്തരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങളിലും വീടുകളിലും കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള  ബോധവത്കരണം ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *