അറുപതിലും ലോറിയുടെ വളയം പിടിച്ചും മാരത്തണ്‍ ഓടിയും തോമസ്

കല്‍പറ്റ-സാധാരണക്കാരെ മുട്ടുവേദന, നടുവേദന, കഴുത്തുവേദന, പുറംവേദന തുടങ്ങിയവ അലട്ടുന്ന പ്രായമാണ് അറുപതുകള്‍. അതിനാല്‍ത്തന്നെ അറുപതു കഴിഞ്ഞവരെ ലോജിസ്റ്റിക്‌സ് കമ്പനി ഉടമകള്‍ ഡ്രൈവര്‍ പണിക്കു നിയോഗിക്കുന്നതു അത്യപൂര്‍വമാണ്. നഗരങ്ങളില്‍നിന്നു നഗരങ്ങളിലേക്കു സമയബന്ധിതമായി ലോഡ് എത്തിക്കാന്‍ പ്രായാധിക്യം ഡ്രൈവര്‍മാരെ അനുവദിക്കില്ലെന്നാണ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റുകളുടെ പൊതുവായ വിലയിരുത്തല്‍. ഡ്രൈവര്‍ പണി അന്വേഷിച്ചു ബംഗളൂരു യൂനിറ്റി ലോജിസ്റ്റിക്‌സില്‍ എത്തിയ 61കാരന്‍ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസിനും മാനേജ്‌മെന്റ് ആദ്യം ജോലി നിഷേധിച്ചു. എന്നാല്‍ കൈവശമുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തോമസ് പുറത്തെടുത്തതോടെ ചിത്രം മാറി. പുത്തന്‍ കണ്ടെയ്‌നറില്‍ തോമസിനു നിയമനമായി. ബംഗളൂരുവില്‍നിന്നു 700 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കു ആദ്യ ലോഡ്.
ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റുകളില്‍ ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ സമ്മാനിതനായതിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിനെ തോമസ് കാണിച്ചത്. ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ 50 പ്ലസ് വിഭാഗത്തില്‍ ഫാക്ട് സംഘടിപ്പിച്ച 10 കിലോമീറ്റര്‍ മാരത്തണില്‍ ഒന്നാമനായതിന്റെ സര്‍ട്ടിഫിക്കറ്റും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കോവിഡ് വ്യാപനത്തിനുശേഷം കേരളത്തില്‍ ആദ്യമായി നടന്ന മാരത്തണ്‍ മത്സരമായിരുന്നു കൊച്ചിയിലേത്.
ലൈസന്‍സ് സമ്പാദിച്ചിരുന്നുവെങ്കിലും ഭാരവാഹന ഡ്രൈവിംഗ് തോമസിന്റെ ഉപജീവനമാര്‍ഗമായിരുന്നില്ല. കൃഷിയില്‍നിന്നുള്ള വരുമാനം കുടുംബം പോറ്റാന്‍ തികയാതെവന്നപ്പോഴാണ് രണ്ടു പതിറ്റാണ്ടുമുമ്പു ഡ്രൈവര്‍ ജോലിക്കായി മുംബൈയ്ക്കു പോയത്. തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോള്‍ വ്യായാമത്തിനു തുടങ്ങിയ നടത്തമാണ് പില്‍ക്കാലത്തു തോമസിനെ മാസ്‌റ്റേഴ്‌സ് മീറ്റുകളിലെ താരമാക്കിയത്.
2014ല്‍ മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിന്‍ മാരത്തണില്‍ 44-ാമനായി തോമസ് ഫിനിഷ് ചെയ്തു. രണ്ടു മണിക്കൂര്‍ 13 മിനിറ്റ് 41 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. തന്നിലെ കായികതാരത്തെ തിരിച്ചറിഞ്ഞ തോമസ് ജോലി ഇല്ലാത്ത ദിവസങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. അതു ഫലം കണ്ടു. 2017ലെ 21 കിലോമീറ്റര്‍ കൊച്ചിന്‍ മാരത്തണില്‍ തോമസായിരുന്നു ഒന്നാമന്‍. 2017ല്‍ കൊച്ചി ഹാഫ് മാരത്തണില്‍ 55 പ്ലസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തോമസിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കാറാണ് മെഡല്‍ അണിയിച്ചത്.
ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റുകളില്‍ സജീവ സാന്നിധ്യമായി മാറിയ തോമസ് ഇതിനകം നിരവധി മെഡലുകളാണ് ഓടിയെടുത്തത്. 2018ല്‍ ബംഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യ മാസ്റ്റേഴ്‌സ് മീറ്റില്‍ പത്തു കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും 1,500 മീറ്ററില്‍ വെങ്കലവും നേടിയ അദ്ദേഹം അക്കൊല്ലം സ്‌പെയിനില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്‌സ് മീറ്റില്‍ മത്സരിക്കുന്നതിനു യോഗ്യത നേടി. എന്നാല്‍ സാമ്പത്തിക വിഷമതമൂലം സ്‌പെയിനില്‍ പോകാനായില്ല. 2020 ജനുവരി 19നു നടന്ന ടാറ്റ മുംബൈ ഇന്റര്‍നാഷണല്‍ ഫുള്‍ മാരത്തണില്‍ 55 പ്ലസ് വിഭാഗത്തില്‍ അഞ്ചാമനായി ഫിനിഷ് ചെയ്ത തോമസിനു ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതാണ്. ഇവിടെയും സാമ്പത്തികം വഴിമുടക്കി.
കുറച്ചുകാലമായി ഡ്രൈവര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു തോമസ്. ഇതിനിടെ രാജ്യം മുഴുവന്‍ ഒരിക്കല്‍ കൂടി ചുറ്റണമെന്ന മോഹം ഉദിച്ചതോടെയാണ് യൂനിറ്റി ലോജിസ്റ്റിക്‌സില്‍ ജോലിക്കു ശ്രമിച്ചത്. ഏതാനും ആഴ്ചകള്‍ മുമ്പ് തോമസിനെ മാനേജ്‌മെന്റ് കണ്ടെയ്‌നറില്‍നിന്നു ലോറിയിലേക്കു മാറ്റി നിയമനം നല്‍കി. ജോലിയും ഓട്ടവും ഒന്നിച്ചുകൊണ്ടുപോകുന്നതിനാണ് തോമസ് ഇത്തരത്തില്‍ മാറ്റം ആവശ്യപ്പെട്ടത്. നിലവില്‍ ജോലിക്കിടെ സമയം കണ്ടെത്തിയാണ് മാരത്തണ്‍ പരിശീലനം. കഴിഞ്ഞ ദിവസങ്ങളില്‍ ലോഡുമായി പോകുന്നതിനിടെ മൂന്നാറില്‍ 10 ഉം കൊച്ചിയില്‍ 15 ഉം ഹൈദരാബാദ്് സിറ്റിയില്‍ 21 ഉം കിലോമീറ്റര്‍ തോമസ് പരിശീലനാര്‍ഥം ഓടി. കൊച്ചിയിലെ പി.ബി.ചലഞ്ചേഴ്‌സ് കോഴിക്കോട്, കൊല്ലം, കൊച്ചി കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് പ്രിക്‌സ് മാരത്തണില്‍ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് തോമസ്. മാനന്തവാടി പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് തോമസ്. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം.
പടം-തോമസ്.



Leave a Reply