വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും- കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക ശില്പശാല

അമ്പലവയൽ -വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, 'വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നവംബർ 18 വ്യാഴാഴ്ച്ച അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്നു.
ദേശീയ, സംസ്ഥാന കാർഷിക ഗവേഷണ സംവിധാനങ്ങളുടെ ഗവേഷണഫലങ്ങൾ ജില്ലയിലെ കർഷകരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിജ്ഞാന വ്യാപന സങ്കേതങ്ങളായാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൃഷിയിട പരീക്ഷണങ്ങൾ, മുൻനിര പ്രദർശനങ്ങൾ, സാങ്കേതിക പരിശീലനങ്ങൾ, മറ്റ് വിജ്ഞാന വ്യാപന പരിപാടികൾ എന്നിവയിലൂടെ കാർഷിക മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, മെച്ചപ്പെടുത്തുക, പ്രചരിപ്പിക്കുക, എന്നതാണ് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. അതുകൊണ്ട് തന്നെ മുൻനിര വിജ്ഞാന വ്യാപന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കെ. വി. കെ. സംവിധാനവും കൃഷി ഭവൻ തലത്തിൽ അടിസ്ഥാന വിജ്ഞാന വ്യാപന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കൃഷി ഭവനുകളും തമ്മിൽ അർത്ഥപൂർണ്ണവും, ജൈവികവുമായ ഒരു ബന്ധം അനിവാര്യമാണ്. ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കർഷക സമൂഹത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഉതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുവാൻ കഴിയും. കാർഷിക മേഖലയിൽ അടുത്ത വർഷത്തേക്കായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ ശില്പശാല വഴിയൊരുക്കും. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവരും, അവയുടെ ഉപഭോക്താക്കളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ശില്പശാലയ്ക്കുണ്ട്. പ്രകൃതി ദുരന്തങ്ങളാലും, വിലയിടിവിനാലും, മറ്റു പ്രശ്നങ്ങളാലും വലയുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൈകോർത്തു പ്രവർത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം. ചർച്ചകളിൽ നിന്നുരിത്തിരിയുന്ന ആശയങ്ങൾ തുടർന്നുള്ള കർമ്മ പദ്ധതികളിൽ പ്രതിഫലിപ്പിക്കുവാനും, 'കർഷകൻ' എന്ന ഒരേയൊരു ആശയം മനസ്സിൽ വച്ച് പ്രവർത്തിക്കുവാനും വേണ്ടുന്ന ഊർജ്ജം ഈ ശില്പശാല പകരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.



Leave a Reply