April 25, 2024

‘ഡോക്ടര്‍ ടു ഡോക്ടര്‍’ കണ്‍സള്‍ട്ടേഷന്‍ പദ്ധതി ആരംഭിച്ചു

0
Img 20220101 173011.jpg
 കൽപ്പറ്റ :  പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെ താഴേത്തട്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ആരംഭിച്ച ഡോക്ടര്‍ ടു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. മുണ്ടേരി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന സ്വിച്ച് ഓണ്‍ ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അസ്‌ലം പങ്കെടുത്തു. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ട് ആരംഭിച്ചതാണ് പദ്ധതി. ഇതു വിജയം കണ്ടതിനെ തുടര്‍ന്ന് ഇതര ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. രോഗികള്‍ക്ക് ഓണ്‍ലൈനായി ഡോക്ടറെ കാണുന്നതിന് സജ്ജമാക്കിയ ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമാണ് ഇതിനും ഉപയോഗിക്കുന്നത്. ഗവ. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനത്തിന്റെ ഹബ്ബായി പ്രവര്‍ത്തിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്പോക്കുകളെന്നാണ് അറിയപ്പെടുന്നത്. സ്പോക്കുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഹബ്ബിലേക്ക് വിളിച്ചാല്‍ രോഗിയുടെ ആവശ്യം അനുസരിച്ച് സ്പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം. ആവശ്യമെങ്കില്‍ രോഗിക്ക് സ്പെഷ്യാലിറ്റി ഡോക്ടറുമായി സംസാരിക്കുന്നതിനും അവസരമൊരുക്കും. ഇതോടെ രോഗികളുടെ യാത്രാ ബുദ്ധിമുട്ടും ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ തിരക്കും ഒഴിവാക്കാനാകുമെന്നതാണ് പ്രത്യേകത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *