ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു
പുൽപ്പള്ളി : വയനാട് ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പുല്‍പ്പള്ളി ആനപ്പാറയില്‍ ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു. ക്ഷീരോത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടായി ക്ഷീരവികസന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പുല്‍പ്പള്ളി ക്ഷീരോല്‍പാദന സഹകരണ സംഘത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്ഷീരോത്പാദന രംഗത്തെ മുന്നോട്ട് നയിക്കാന്‍ കിടാരി പാര്‍ക്ക് സഹായിക്കുമെന്നും കൂടുതല്‍ കിടാരി പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ കിടാരി പാര്‍ക്കാണിത്. അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കിടാരി പാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ക്ഷീരവികസന വകുപ്പിന്റെ സബ്‌സിഡിയോട് കൂടിയുള്ള പദ്ധതികള്‍ മുഖേന കര്‍ഷകര്‍ക്ക് ഇനി മുതല്‍ പശുക്കളെ കിടാരി പാര്‍ക്ക് വഴി സ്വന്തമാക്കാം. നിലവില്‍ 50 കിടാരികളെ വില്‍പ്പനക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പശുവിന്റെ പ്രായമനുസരിച്ച് 25,000 രൂപ മുതലാണ് വില. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ നിന്നാണ് പശുക്കളെ എത്തിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യ നില നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സൗകര്യം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കിടാരികളെ സ്വന്തമാക്കാം.
ഉദ്ഘാടന പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വിജയന്‍ ചെറുകര, സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക ബാങ്ക് വൈസ് പ്രസിഡണ്ട് എം.എസ് സുരേഷ് ബാബു, മില്‍മ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ബിജു സ്‌കറിയ, പുല്‍പ്പള്ളി ക്ഷീരസംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് എം.ആര്‍ ലതിക, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ്, വാര്‍ഡ് മെമ്പര്‍ സുശീല സുബ്രഹ്‌മണ്യന്‍, പുല്‍പ്പള്ളി ക്ഷീര സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ക്ഷീര കര്‍ഷകരെ മന്ത്രി ആദരിച്ചു.
Leave a Reply