April 26, 2024

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോര്‍ക്ക റൂട്ട്സ്

0
Img 20220411 160209.jpg

തിരുവനന്തപുരം : പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പല്‍ സര്‍വീസിന് നോര്‍ക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സര്‍വീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകള്‍ ആരായുന്നതിന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേര്‍ന്നു. കേരള മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പ്രവാസി നിക്ഷേപകര്‍, ഷിപ്പിംഗ് കമ്പനി പ്രതിനിധികള്‍, പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പോര്‍ട്ട് ഓഫീസര്‍മാര്‍, പൊന്നാനി പ്രസ്സ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവരെ ഒരുമിച്ചു ചേര്‍ത്തുകൊണ്ട് നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ചര്‍ച്ചക്ക് വേദി ഒരുക്കിയത്.  
വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂര്‍,അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്കും ഗോവ, മംഗലാപുരം തുടങ്ങിയവിടങ്ങളിലേക്കും ക്രൂയിസ് സര്‍വീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളതീരത്ത് ആദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതി ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകള്‍ക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തില്‍ പൊന്നാനിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്താന്‍ യോഗം തീരുമാനമെടുത്തു. 
മണ്‍സൂണിന് ശേഷം സെപ്തംബറായിരിക്കും പരീക്ഷണ യാത്രയ്ക്ക് ഉചിതമായ സമയമെന്ന് ഷിപ്പിംഗ് കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. 150 മുതല്‍ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് സര്‍വീസിന് പരിഗണിക്കുന്നത്. ക്രൂയിസ് കമ്പനി പ്രതിനിധികളുമായി പ്രത്യകം ചര്‍ച്ച ചെയ്ത ശേഷം യാത്രാ നിരക്കും കപ്പലുകളില്‍ ഒരുക്കേണ്ട സംവിധാനങ്ങളുമടക്കമുള്ള വിശദാംശങ്ങള്‍ തീരുമാനിക്കും. ചര്‍ച്ചകള്‍ക്കും പദ്ധതിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി കണ്ണൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്ടന്‍ പ്രദീഷ് നായരെ ചുമതലപ്പെടുത്തി. 
നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *