അരങ്ങില്‍ ആഫ്രിക്കന്‍ താളം; നിറപകിട്ടില്‍ ഇന്ത്യന്‍ ഗ്രാമോത്സവം
കൽപ്പറ്റ : ആഫ്രിക്കന്‍ പാരമ്പര്യത്തിന്റെ അമ്പരിപ്പിക്കുന്ന ചുവടുകളും അഭ്യാസങ്ങളുമായി എന്റെ കേരളം വേദിയില്‍ ഗുജറാത്തില്‍ നിന്നെത്തിയ സിദ്ധി ധമാല്‍ നര്‍ത്തകര്‍.അതിനൊപ്പം ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ ഗ്രാമോത്സത്തവിന്റെ വര്‍ണ്ണ പകിട്ടുമായി അഞ്ചോളം സംസ്ഥാനത്തില്‍ നിന്നെത്തിയ വൈവിധ്യമായ നൃത്തരൂപങ്ങള്‍. വയനാടിന് അപൂര്‍വ്വമായി മാത്രം ലഭിച്ച സുവര്‍ണ്ണാവസരത്തില്‍ എന്റെ കേരളം വേദിയുടെ തിങ്ങി നിറഞ്ഞ സദസ്സിന് സാംസ്‌കാരിക സായാഹ്നം പുത്തനുണര്‍വ്വായി മാറി.
ഇന്ത്യന്‍ നാടോടി ജീവിതക്കാഴ്ചകളിലെ കലാരൂപങ്ങളെ ഒരു വേദിയില്‍ കോര്‍ത്തെടുത്ത ഭാരത് ഭവന്‍ ഇന്ത്യന്‍ ഗ്രാമോത്സവം വയനാടിന്റെ കലാസ്വാദകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പഞ്ചാബിലെ ഭാംഗ്ര, ജമ്മു കശ്മീരിലെ റൗഫ് ഡാന്‍സ്,മഹാരാഷ്ട്രയിലെ ലാവണി നൃത്തം, കോലി നൃത്തം, സിക്കിമിലെ തമാങ്, സെലോ നൃത്തം, പഞ്ചാബിലെ ലുഡ്ഡി നൃത്തം, ജിന്ദുവ നൃത്തം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 78 ലധികം കലകാരന്‍മാരാണ് വേദിയെ തദ്ദേശീയമായ നൃത്തചുവടുകളിലൂടെ അവിസ്മരണീയമാക്കിയത്. പഞ്ചാബിലെ പ്രശസ്തമായ നാടോടി നൃത്തമാണ് ഭാംഗ്ര, പഞ്ചാബിലെ വിളവെടുപ്പുത്സവമായ 'ബൈശാഖി ഉത്സവത്തിലാണ് ആദ്യം ഭാംഗ്ര അവതരിപ്പിച്ചിരുന്നത്. ഡ്രമ്മിന്റെയും സംഗീതത്തിന്റെയും വേഗത്തിലുള്ള താളങ്ങളില്‍ അവതരിപ്പിക്കുന്ന പഞ്ചാബിലെ ഭാംഗ്ര നൃത്തം ഇന്ത്യയിലെ പ്രശസ്തമായ നാടോടിനൃത്തങ്ങളിലൊന്നാണ്. ജമ്മു കാശ്മീരിലെ പരമ്പരാഗതവും താളാത്മകവുമായ നാടോടി നൃത്തമാണ് റൗഫ് നൃത്തം. പൂത്തുനില്‍ക്കുന്ന തുലിപ് പൂക്കളുടെ നിരകള്‍ക്കിടയില്‍, വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ താളാത്മകമായി അവതരിപ്പിച്ചു വരുന്നതാണ് റൗഫ് നൃത്തം. ജമ്മു കശ്മീരിലെ ബച്ചാ നഗ്മ കാശ്മീര്‍ താഴ് വരയില്‍ നിന്നാണ് ബച്ചാ നഗ്മ നര്‍ത്തകരെത്തിയത്. ഗുജറാത്തിലെ ബരോച്ച് പ്രദേശത്ത് വസിക്കുന്നവരാണ് സിദ്ധി സമുദായക്കാര്‍. ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിദ്ധി ധമാല്‍കാരുടെ പൂര്‍വ്വികര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. പോര്‍ച്ചുഗീസുകാരോടൊപ്പം ഇന്ത്യയില്‍ വന്ന് ചിതറിപ്പോയ ഇവര്‍ ഗുജറാത്തിലെ ജുനഗര്‍, സുരേന്ദര്‍നഗര്‍, ജാഗ്രാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കി. സിദ്ദി സമുദായക്കാര്‍ ആഫ്രിക്കന്‍ സംസ്‌ക്കാരവും പാരമ്പര്യവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഇവരുടെ ജീവിതത്തിലും നൃത്ത രൂപത്തിലും ഇതെല്ലാം പ്രകടമാണ്. കൊങ്കണ്‍ പ്രദേശങ്ങളുമായും ബന്ധപ്പെട്ടിരി ക്കുന്ന പാട്ടിന്റെയും നൃത്തത്തിന്റെയും സംയോജനമാണ് ലാവണി. പരമ്പരാഗത ഗാനത്തിന്റെയും നൃത്തത്തിന്റെയും സൗന്ദര്യം നിറഞ്ഞ ലാവണി നൃത്തവും വയനാടിന് വേറിട്ട അനുഭവമായി. മഹാരാഷ്ട്രയിലെ കോലി ഡാന്‍സ്, സിക്കിം തമാങ്ങുകള്‍. പരമ്പരാഗത വാദ്യോപകരണമായ 'ദാംഹു യുടെ അകമ്പടിയോടെയാണ് സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് തമാങ്ങ് സൈലോ നൃത്തം അവതരിപ്പിച്ചത്. പഞ്ചാബിലെ ജനങ്ങള്‍ വിജയം ആഘോഷിക്കാനാണ് ലൂഡി നൃത്തം അവതരിപ്പിച്ചുവരുന്നത്. പഞ്ചാബില്‍ നിന്നെത്തിയ നർത്തകരും സദസ്സിന് ചാരുത പകര്‍ന്നു. ജിന്ദുവ ഒരു പഞ്ചാബി നാടോടി ഗാനമായിരുന്നു. പിന്നീട് പഞ്ചാബിലെ നാടോടി നൃത്ത രൂപമായി മാറി. നൃത്തച്ചുവടുകളോടെയും പാട്ടുകളിലൂടെയും ഇവര്‍ പരസ്പരം സന്തോഷം പങ്കിടുന്നു. സ്ത്രീകളും പുരുഷന്മാരും ജോഡിയായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ നൃത്തം പ്രണയത്തിന്റെയും സംഗീതത്തിന്റെയും ഒരു സംയോജനമാണ്. ഇന്ത്യന്‍ ദേശീയതയുടെ ജീവിത വൈവിധ്യങ്ങളില്‍ കണ്ണി ചേര്‍ന്ന കലാരൂപങ്ങളുടെ വിപുലമായ അവതരണത്തിന് ഇതാദ്യമായാണ് വയനാട് വേദിയാകുന്നത്., സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവന്‍, ഭാരത് സര്‍ക്കാര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവരാണ് ഇന്ത്യന്‍ ഗ്രാമോത്സവം എന്റെ കേരളം മെഗാ പ്രദര്‍ശന മേളയുടെ അരങ്ങിലെത്തിച്ചത്.
Leave a Reply