March 29, 2024

കാട്ടിൽ കലയരങ്ങുമായി ടിയറ തിയറ്റർ ക്യാമ്പ്

0
Gridart 20220514 1842425452.jpg
മാനന്തവാടി  : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും 
 കുടുംബശ്രീ വയനാടും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടിയറ തീയറ്റർ ക്യാമ്പിന് സമാപനമായി.
കാലാവസ്ഥ വ്യതിയാനം,പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പിന് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്ക് വേണ്ടിയുള്ള നൈപുണ്യവികസന പദ്ധതി ഡയറക്ടർ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 68 വിദ്യാർത്ഥികളാണ് ബേഗൂർ ഫോറസ്റ്റ് ഓഫീസിൽ വെച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുത്തത്.ഇതിൽ 25 വിദ്യാർത്ഥികൾ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്.വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും പെട്ട കുട്ടികളുടെ ആട്ടവും പാട്ടുകളാലും സജീവമായ അഞ്ചു ദിവസങ്ങൾ ക്യാമ്പിനെ ഒരു സാംസ്കാരിക സംയോജന വേദിയാക്കി മാറ്റി.
ഇക്കോ തീയറ്റർ എന്ന ആശയത്തിലൂന്നികൊണ്ടുള്ള പ്രവർത്തങ്ങളാണ് ക്യാമ്പിൽ നടന്നത്. ഇത്തരത്തിൽ നൂതനമായൊരു രീതിയിൽ സംഘടിപ്പിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ആവിഷ്കരണത്തിനാണ് ബേഗൂരിൽ തുടക്കമായത്.വ്യവസ്ഥാപിതമായ നാടക പരിശീലനങ്ങളിൽ നിന്നു മാറി വിദ്യാർഥികൾക് സ്വയം കണ്ടെത്തുന്നതിനും നവീകരിക്കുന്നതിനും അവരുടെ കഴിവ് പ്രകാശിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ക്യാമ്പിലുടനീളം കുട്ടികൾക്ക് ലഭിച്ചു .
 സ്റ്റേജുകളിൽ നിറഞ്ഞാടുന്ന പെർഫോമൻസുകളിൽ നിന്നും വ്യത്യസ്തമായി, ഇതിവൃതങ്ങളുടെ അവതരണങ്ങൾക്ക് അനുയോജ്യമായ ഇടങ്ങൾ നദിയിലും, കാട്ടിലും, പാറപ്പുറങ്ങളിലും, പാടങ്ങളിലുമൊക്കെ കണ്ടു പിടിച്ചതിലൂടെ പ്രകൃതിയേ അടുത്തറിയുന്നതിനും, അവതരണ വിഷയങ്ങൾ പ്രകൃതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രേക്ഷകരിലേക്ക് എത്തിക്കുവാനുംവിദ്യാർഥികൾക്കായി. വിദ്യാഭ്യാസ മേഖലയിലെ തീയേറ്ററിന്റെ അനന്തസാധ്യതകൾ തുറക്കുന്നതായിരുന്നു ഈ പഞ്ചദിന ക്യാമ്പ്. കല്ലുകളുടെയും ഇലകളുടെയും, മരങ്ങളുടെയും, നദിയുടെയും താളമറിഞ്ഞു വിഷയങ്ങളിലേക്ക്ഇറങ്ങിചെന്നപ്പോൾ,അവയോരൊന്നും ഓരോ പെർഫോമൻസുകളിലേക്കുള്ള ചുവടുവെപ്പുകൾ ആയിരുന്നു എന്ന് വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല എന്നതും ഈയൊരു നീണ്ട പ്രക്രിയയെ വ്യത്യസ്തമിക്കുന്നു.
കാടിനെയറിഞ്ഞും സ്പർശിച്ചും കേട്ടും അനുഭവിച്ച് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ അവർ പോലും അറിയാതെ ഉള്ളിലേക്ക് ആവാഹിക്കുകയായിരുന്നു. പാറക്കെട്ടുകൾ, ജനവാസമുള്ള സ്ഥലങ്ങൾ , നീർത്തടം, പുഴ, കാട് എന്നീ ഇടങ്ങളിലായി അരങ്ങു തീർത്തത് സങ്കീർണതകളെ സാധ്യതകളാക്കാനുള്ള പാഠം കൂടിയാണ് വിദ്യാർഥികൾക്ക് പകർന്നു നൽകിയത്.
അഞ്ചു ദിവസങ്ങളിലായി സംഘടിപ്പിച്ച പാട്ടും നൃത്തവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വർത്തമാനങ്ങളും കുട്ടികളിൽ വരുത്തിയ പ്രതിഫലനങ്ങൾ അവരുടെ പ്രകടനങ്ങളിൽ നിഴലിച്ചുകണ്ടു. നാടകം എന്ന പേരിൽ ഉള്ളിലുണ്ടായിരുന്ന ബോധ്യങ്ങളെയെല്ലാം തച്ചുടച്ചുകൊണ്ട് പുതുപുത്തൻ ചിന്തകളും പേറിയാണ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയത്.ഒപ്പം തന്നെ കല പ്രതിരോധത്തിനുള്ള ആയുധമാണെന്നും ഈ കാലഘട്ടത്തിന്റെ ഭീക്ഷണികളായ കാലാവസ്ഥാവ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളെയും നേരിടാൻ എങ്ങനെ ഇത്തരത്തിലുള്ള പെർഫോമൻസുകളെ ഉപയോഗിക്കാം എന്നുമുള്ള ബോധനം കുഞ്ഞു മനസ്സുകളിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട് എന്നത് പരിപാടിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
ആദിവാസി കവിയായ സുകുമാരൻ ചാലിഗദ്ധ , അഭിനേതാവും നാടൻപാട്ട് കലാകാരനുമായ ബിനു കിടിച്ചുലാൻ ,പരിസ്ഥിതി പ്രവർത്തകരായ എൻ. ബാദുഷ, എം ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ സാന്നിദ്ധ്യം വിദ്യാർത്ഥികൾക്ക് കലയുടെ പുതിയ അരങ്ങുകൾ വെട്ടിപ്പിടിക്കുന്നതിന് മുതൽക്കൂട്ടായി മാറി.
ഡിവൈസിങ് പെർഫോമൻസ് രീതി ഉപയോഗിച്ച് കൊണ്ട് സ്വന്തം അനുഭവങ്ങളിലൂടെ ക്രിയാത്മകമായ അറിവ് സൃഷ്ട്ടിക്കുവാനും ഒപ്പം ഓരോ ഇടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പരിശീലനഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ ചുറ്റുപാടിനെക്കുറിച്ചുള്ള പുതിയ വീക്ഷണങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ദേവേന്ദ്രനാഥ് ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തകനും തീയറ്റർ ആർട്ടിസ്റ്റുമായ കെ പീറ്ററിന്റെ സാന്നിധ്യവും ക്യാമ്പിന് മിഴിവേകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *