March 29, 2024

ബി.ജെ.പി. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു : എന്‍.ഡി. അപ്പച്ചന്‍

0
Img 20220617 Wa00422.jpg
കല്‍പ്പറ്റ : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അതിലൂടെ കോണ്‍ഗ്രസിനെയും വേട്ടയാടുന്ന ബി.ജെ.പി. തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം. ബ്രിട്ടീഷ് ഭരണകൂടവും സംഘ് പരിവാര്‍ ശക്തികളും അന്ന് മുതലേ നാഷണല്‍ ഹെറാള്‍ഡിനെ ഇല്ലായ്മ ചെയ്യാനുള്ള വഴികള്‍ ആലോചിച്ചിരുന്നതാണ്. ഒരുസമയത്ത് നിന്ന് പോകുമായിരുന്ന പത്രത്തെ ജവഹര്‍ലാല്‍ നെഹ്രുവാണ് പുനര്‍ജ്ജീവിപ്പിച്ചത്. അതിന് ശേഷം വീണ്ടും പ്രതിസന്ധി നേരിടുമ്പോഴാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മോട്ടിലാല്‍ വോറ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിലൂടെ നാഷണല്‍ ഹെറാള്‍ഡിനെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് തൊണ്ണൂറ് കോടി രൂപ സമാഹരിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ പത്രത്തെ നില നിര്‍ത്തിയത്. ഇത് സംബന്ധിച്ച് സുബ്രഹ്മണ്യം സാമി നല്‍കിയ പരാതി പല തവണ പല കേന്ദ്ര ഏജന്‍സികളും അന്വേഷിച്ച് അവസാനിപ്പിച്ചതാണ്. നെഹ്‌റു കുടുംബത്തെ ഭയപ്പെടയുന്ന ആര്‍.എസ്.എസ്സിന്റെ അജണ്ടയാണ് ഈ കേസ്. വീണ്ടും ഈ കേസ് കുത്തിപ്പൊക്കി രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറസ്റ്റ് ചെയ്യാനുള്ള ബി.ജെ.പിയുടെ നീക്കം ഈ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടും. അതിന്റെ പേരില്‍ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രതിഷേധ പരിപാടികളുടെയും ഉത്തരവാദിത്തം രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും. കള്ള കേസുകള്‍ ഉണ്ടാക്കി നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ ഒരു ഫാസിസിറ്റ് ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ഇ.ഡി. നടത്തുന്ന പ്രതികാര നടപടികളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി, സംഷാദ് മരക്കാര്‍, എന്‍.കെ. വര്‍ഗ്ഗീസ്, ടി.ജെ. ഐസക്ക്, പി.പി. ആലി, ചിന്നമ്മ ജോസ്, പി.എം. സുധാകരന്‍, വി.എ. മജീദ്, കെ.വി. പോക്കര്‍ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, പി. ചന്ദ്രന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, എന്‍.എം. വിജയന്‍, ബിനു തോമസ്, ഡി.പി. രാജശേഖരന്‍, എടക്കല്‍ മോഹനന്‍, പി. ശോഭനകുമാരി, നിസി അഹമ്മദ്, എക്കണ്ടി മൊയ്തുട്ടി, ഉലഹന്നാന്‍ എന്‍.യു., പി.ഡി. സജി, പി.കെ. കുഞ്ഞിമൊയ്തീന്‍, പി.കെ. അബ്ദുറഹിമാന്‍, കമ്മന മോഹനന്‍, നജീബ് കരണി, പി.വി. ജോര്‍ജ്, മോയിന്‍ കടവന്‍, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, ഗോകുല്‍ദാസ് കോട്ടായില്‍, ഇ.വി. അബ്രഹാം, ആര്‍. രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *