April 26, 2024

ദേശീയ ഗൂണനിലവാര അംഗീകാരം; നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് അഭിമാന നേട്ടം

0
Img 20220618 Wa00162.jpg
നൂല്‍പ്പുഴ : നൂല്‍പ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തില്‍ ആശുപത്രികളുടെ ഗുണനിലവാരത്തിന് നല്‍കുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) വീണ്ടും നേടി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. 93 ശതമാനം മാര്‍ക്ക് നേടിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം നേടിയത്. ഇത് രണ്ടാം തവണയാണ് ദേശീയ ഗുണനിലവാര അംഗീകാരം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തുന്നത്.  ഫിസിയോ തെറാപ്പി യൂണിറ്റ്, ദന്തരോഗ വിഭാഗം, ഇ ഹെല്‍ത്ത് സംവിധാനം, ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ഗോത്ര സ്പര്‍ശം പദ്ധതി, ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവ പൂര്‍വ പാര്‍പ്പിടം പദ്ധതി പ്രതീക്ഷ, വയോജന കോര്‍ണര്‍, ടെലി മെഡിസിന്‍ സംവിധാനം, ഫിറ്റ്നസ് സെന്റര്‍, ജിംനേഷ്യം തുടങ്ങിയവ ആദിവാസി വിഭാഗങ്ങള്‍ കൂടുതലായുള്ള നൂല്‍പ്പുഴ ഗ്രാമപഞ്ചാത്തിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രധാന സവിശേഷതകളാണ്.സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചത്. 11 ആശുപത്രികള്‍ക്ക് രണ്ടാം തവണയും 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 146 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടാനായത്. പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500-ല്‍പരം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *